കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികള്‍ക്ക് കയ്യാമം; 16 പൊലീസുകാരോട് വിശദീകരണം തേടി

കതിരൂര്‍ മനോജ് വധക്കേസ് വിചാരണയ്ക്കായ് വ്യാഴാഴ്ച എറണാകുളം സിബിഐ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് പ്രതികളെ കയ്യാമം വെച്ചത്. സംഭവത്തില്‍ 15 പൊലീസുകാര്‍ക്കും ഇവരെ ഡ്യൂട്ടിയില്‍ നിയമിച്ച എസ്‌ഐയ്ക്കുമെതിരെയാണ് നടപടി.

കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികള്‍ക്ക് കയ്യാമം; 16 പൊലീസുകാരോട് വിശദീകരണം തേടി

കതിരൂര്‍ മനോജ് വധക്കേസ് പ്രതികളെ കോടതിയില്‍ കൊണ്ടുവരുമ്പോള്‍ കയ്യാമം വെച്ചതിനു 16 പൊലീസുകാര്‍ക്കെതിരെ നടപടി. എറണാകുളം എ ആര്‍ ക്യാമ്പിലെ പൊലീസുകാരോടാണ് എആര്‍ ക്യാമ്പ് കമാന്‍ഡന്റ് വിശദീകരണം തേടിയത്. 15 പൊലീസുകാര്‍ക്കെതിരെയും ഇവരെ ഡ്യൂട്ടിയില്‍ നിയമിച്ച എസ്‌ഐയ്ക്കുമെതിരെയാണ് നടപടി.

കയ്യാമം വെച്ചതിനെതിരെ പ്രതികള്‍ എറണാകുളം സബ്ജയില്‍ സൂപ്രണ്ടിന് പരാതിയും നല്‍കിയിട്ടുണ്ട്. മനുഷ്യാവകാശ ലംഘനം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരുന്നെന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് പോലീസുകാര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കതിരൂര്‍ മനോജ് വധക്കേസ് വിചാരണയ്ക്കായി വ്യാഴാഴ്ച എറണാകുളം സിബിഐ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് പ്രതികളെ കയ്യാമംവെച്ചത്. പ്രതികളെ തിരിച്ച് ജയിലിലേയ്ക്ക് കൊണ്ടുവരുമ്പോള്‍ കയ്യാമം വയ്ക്കരുതെന്ന് പോലീസുകാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് കയ്യാമം അഴിച്ചുമാറ്റിയാണ് യാത്ര തുടര്‍ന്നത്.

ആര്‍എസ്എസ് നേതാവ് മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി വിക്രമന്‍ ഉള്‍പ്പെടെ 16 പേരാണ് റിമാന്‍ഡിലുള്ളത്. ഗൂഢാലോചനാക്കേസില്‍ പ്രതിയായ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ അടക്കം ഒന്‍പത് പ്രതികള്‍ ജാമ്യത്തിലാണ്.