അവളെ കാണാന്‍ ആരെയും സമ്മതിക്കില്ല; ഹാദിയയുടെ അച്ഛന്‍

ഹാദിയയെ കാണാൻ വൈക്കത്തെ വീട്ടിലെത്തിയ നാരദാ ന്യൂസ് ലേഖകരെ പരിഹസിച്ച് പറഞ്ഞുവിടുകയാണ് പിതാവ് അശോകൻ ചെയ്തത്. മാധ്യമപ്രവര്‍ത്തകര്‍ ഹാദിയയെ കാണരുത് എന്ന് ഹൈക്കോടതി വിധിയിലോ സുപ്രീംകോടതി വിധിയിലോ വിലക്ക് നിലനില്‍ക്കുന്നില്ല എന്നിരിക്കെയാണിത്. കേസ് തീരുംവരെ അവളെ ആരെയും കാണാന്‍ സമ്മതിക്കില്ല എന്നായിരുന്നു അശോകന്റെ പിടിവാശി.

അവളെ കാണാന്‍ ആരെയും സമ്മതിക്കില്ല; ഹാദിയയുടെ അച്ഛന്‍

''എനിക്ക് ആരോടും ഒന്നും സംസാരിക്കാനില്ല, ഞാന്‍ ഒരു പാര്‍ട്ടിയിലുമില്ല. എനിക്കെന്റെ മകളാണ് വലുത്.'' സ്വന്തം താല്‍പര്യ പ്രകാരം ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ച ഹാദിയയുടെ അച്ഛന്‍ അശോകന്‍ പറയുന്നു. ഹാദിയയെ കാണാന്‍ പറ്റുമോ എന്നു ചോദിച്ചപ്പോള്‍ ''പറ്റില്ല'' എന്ന് തീർത്തു പറഞ്ഞു. കേസ് തീരുംവരെ അവളെ ആരെയും കാണാന്‍ സമ്മതിക്കില്ല എന്നും ഹാദിയയെ കാണാനെത്തിയ നാരദാ ന്യൂസ് ലേഖകരോട് അശോകന്‍ തുറന്നടിച്ചു.


'എന്റെ വീട്ടില്‍ ആരു കയറണമെന്നു തീരുമാനിക്കുന്നത് ഞാനാണ്'


വീടിന്റെ ഗേറ്റിനു പുറത്തേക്ക് അശോകന്‍ വരുന്നതുതന്നെ പൊലീസിന്റെ അകമ്പടിയോടെയാണ്. ''ഇയാളുടെ സുരക്ഷ പ്രശ്‌നമാണ്. അതുകൊണ്ട് വീട്ടിനകത്തേക്ക് ആരെയും കയറ്റില്ല.''പൊലീസ് പറയുന്നു. 'പിന്നെ എന്റെ വീട്ടില്‍ ആരു കയറണമെന്നു തീരുമാനിക്കുന്നത് ഞാനാണ്. അതെന്റെ സ്വകാര്യതയാണ്.''എന്ന് അശോകന്‍.


തന്റെ വീട്ടിലെത്തി മകളെ കാണാന്‍ അനുവാദം ചോദിക്കുന്ന പത്രപ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും സാമൂഹ്യ പ്രവര്‍ത്തകരെയും അശോകൻ തിരിച്ചയക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ ഹാദിയയെ കാണരുത് എന്ന് ഹൈക്കോടതി വിധിയിലോ സുപ്രീംകോടതി വിധിയിലോ വിലക്ക് നിലനില്‍ക്കുന്നില്ല എന്നിരിക്കെയാണിത്.


കശ്മീരില്‍ 17 വര്‍ഷം സൈനികനായിരുന്നു അശോകന്‍!


അശോകനോടുള്ള ചോദ്യങ്ങള്‍ തടയാനായി കൂടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഇടയ്ക്കിടെ മറ്റു ചോദ്യങ്ങള്‍ ചോദിച്ച് തടസ്സപ്പെടുത്തുന്നുണ്ടായിരുന്നു. 17 വര്‍ഷം ജമ്മു കശ്മീരില്‍ സൈനികനായി ജോലി ചെയ്തയാളാണ് ഹാദിയയുടെ അച്ഛന്‍ അശോകന്‍. 1996ലാണ് വിരമിച്ചത്. പിന്നെ മറ്റുപല ജോലികള്‍ ചെയ്തു.


''കേസ് വന്നതോടെ ഞാന്‍ ഇതിന്റെ പൊറകേ നടക്കുവാ, കൊച്ചിനെ വേണ്ടേ, ജോലീന്ന് പറഞ്ഞു നടന്നാ ശരിയാകുമോ''? ''കേസൊക്കെ കഴിഞ്ഞ് നിങ്ങള്‍ വാ, ബുക്കും പേപ്പറുമൊക്കെയായിട്ട്, അപ്പോ ഒരു വല്യ പുസ്തകം തന്നെ എഴുതാനുള്ള കാര്യങ്ങള്‍ ഞാന്‍ പറഞ്ഞുതരാം. കൊഴപ്പോല്ല, നിങ്ങടെ എല്ലാര്ടേം ഫോട്ടോസ് എത്തിയിട്ടുണ്ട് അവിടെ... സിസിടിവി ക്യാമറയുണ്ടല്ലോ'' എന്ന് അശോകൻ പൊട്ടിച്ചിരിച്ചുകൊണ്ട് പറയുന്നു.


കേസ് തീരുംവരെ തടവിലിടാനാണ് തീരുമാനം


കേസ് എപ്പോള്‍ കഴിയുമെന്നും ഹാദിയയെ എന്നുവരെ തടവിലിടുമെന്നും ചോദിച്ചപ്പോള്‍, ''അതിപ്പോ സുപ്രീം കോടതിയും എന്‍ഐഎയുമൊക്കെ ഇടപെട്ട കേസല്ലേ, എന്നുതീരുമെന്ന് ആര്‍ക്കറിയാം?'' എന്നു പറഞ്ഞ് ചിരിക്കുന്നു. ഇതോടെ കോടതിയിൽ നിന്നും നിഷേധ ഉത്തരവൊന്നും ഇല്ലാതിരുന്നിട്ടുകൂടി ഹാദിയയെ കാണാൻ അനുവദിക്കില്ലെന്ന് പിതാവ് തറപ്പിച്ചുപറഞ്ഞതോടെ നാരദാ ന്യൂസ് ലേഖകർ മടങ്ങുകയായിരുന്നു.

Read More >>