സ്വന്തം വീട്ടിൽ ജയിൽ വാസത്തിൽ ഹാദിയ: 27 പൊലീസുകാരുടെ കാവൽ; നിരീക്ഷണ ക്യാമറകൾ

ഹാദിയ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇരയായി തടവുശിക്ഷക്ക് സമാനമായ അവസ്ഥയിലാണ്. ഹാദിയയുടെ വൈക്കം ടി വി പുരത്തെ വീട്ടിൽ നാരദ കണ്ട കാഴ്ചകൾ

സ്വന്തം വീട്ടിൽ ജയിൽ വാസത്തിൽ ഹാദിയ: 27 പൊലീസുകാരുടെ കാവൽ; നിരീക്ഷണ ക്യാമറകൾ

കനത്ത പൊലീസ് സുരക്ഷ. വീടിനടുത്തു നിലയുറപ്പിച്ചിരിക്കുന്ന പൊലീസിന്റെ ഇടിവണ്ടി. വഴിയെമ്പാടും നിരീക്ഷണ ക്യാമറകള്‍. ആരു വരുന്നെന്നും എവിടെനിന്നു വരുന്നെന്നും അന്വേഷിക്കാനും വിവരങ്ങള്‍ അപ്പപ്പോള്‍ എത്തിക്കേണ്ടിടത്ത് എത്തിക്കാനും തക്കം പാത്തിരിക്കുന്ന ഒറ്റുകാര്‍. വിവാഹം അസാധുവാക്കി ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പമയച്ച, ഇസ്ലാമിലേക്കു പരിവര്‍ത്തനം ചെയ്ത ഹാദിയയുടെ വൈക്കത്തെ വീടിന്റെ ഇപ്പോഴത്തെ സ്ഥിതിയാണിത്.


ഹാദിയയുടെ വൈക്കം ടിവി പുരം വട്ടയില്‍പ്പടിയിലെ വീട്ടിലെത്തിയപ്പോള്‍ നാരദാ ന്യൂസ് ലേഖകനു കാണാന്‍ കഴിഞ്ഞതാണിത്. സ്വന്തം വീട്ടില്‍ ജയില്‍വാസത്തിനു തുല്യമായ ജീവിതം നയിക്കേണ്ട ദുര്‍ഗതി. കോട്ടയം എസ്പിയുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പിമാരുടെ നിയന്ത്രണത്തിലുള്ള വലിയ പൊലീസ് സുരക്ഷയിലാണ് ഹാദിയ കഴിയുന്നത്. മുറിക്കുള്ളില്‍ നിന്നും പുറത്തിറങ്ങാന്‍ പോലുമാവാതെയുള്ള ജീവിതം.


മൊബൈല്‍ ഫോണിനും കൂടി കോടതി വിലക്കേര്‍പ്പെടുത്തിയതോടെ ആരുമായും യാതൊരു തരത്തിലും ബന്ധപ്പെടാനാവുന്നില്ല. വിവാഹം റദ്ദാക്കി കോടതി വീട്ടിലേക്കയച്ചെങ്കിലും ഹാദിയ തന്റെ മതപരമായ ആചാരങ്ങളില്‍ വിട്ടുവീഴ്ചക്കു തയ്യാറല്ല. റംസാന്‍ ആരംഭിച്ചതു മുതല്‍ ഹാദിയ കൃത്യമായി നോമ്പനുഷ്ടിക്കുന്നതായി സുരക്ഷാ ചുമതലയുള്ള വൈക്കം പ്രിന്‍സിപ്പല്‍ എസ്‌ഐ ജോയ് തോമസ് നാരദാ ന്യൂസിനോടു പറഞ്ഞു.


എസ്‌ഐയുടെ നേതൃത്വത്തില്‍ രണ്ടു വനിതകളുള്‍പ്പെടെ 27 പൊലീസുകാരാണ് ഹാദിയയുടെ വീട്ടില്‍ സുരക്ഷയ്ക്കുള്ളത്. ഇതില്‍ 10 പേര്‍ കോട്ടയം എആര്‍ ക്യാംപില്‍ നിന്നുള്ളവരാണ്. രണ്ടു വനിതാ പൊലീസുകാര്‍ വീട്ടിനകത്തുള്ള സുരക്ഷയ്ക്കായാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്. വീട്ടുകാരുമായും ഹാദിയയുമായും സംസാരിക്കാന്‍ പുറത്തുനിന്നുള്ള ആര്‍ക്കും അനുവാദമില്ല. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വീട്ടിലെത്തിയ ഹാദിയയെ മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്നും പൊലീസ് വിലക്കിയിരുന്നു. ഈ വിലക്ക് ഇപ്പോഴും തുടരുന്നു. മെയ് 26ന് ഉച്ചയോടെയാണ് മാതാപിതാക്കള്‍ക്കൊപ്പം കനത്ത പോലിസ് സുരക്ഷയോടെ ഹാദിയയെ ഇവിടെയെത്തിച്ചത്.

ഹാദിയയോട് സംസാരിക്കാന്‍ അനുമതി ചോദിച്ചപ്പോള്‍ ഹൈക്കോടതിയുടെ ഉത്തരവ് വേണമെന്നായിരുന്നു വൈക്കം ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ മറുപടി. അടുത്ത ബന്ധുക്കളല്ലാതെ മറ്റാരെയും വീട്ടിലേക്കു കടത്തിവിടുന്നില്ല. ഇതും വീട്ടുകാരുടെ അനുമതിയോടെയും ഇവരുടെ പേരു വിലാസം എഴുതിയെടുത്ത ശേഷവും മാതമാണ്. മാധ്യമങ്ങളെത്തിയാലും അവരുടെ പേരും വിലാസവും എഴുതിമേടിക്കുന്നതിനൊപ്പം മൊബൈലില്‍ ഫോട്ടോയും എടുക്കും. രാത്രികാലങ്ങളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതോടെ പ്രദേശവാസികളും പലപ്പോഴും ബുദ്ധിമുട്ടാറുണ്ട്.

പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കും സുരക്ഷയൊരുക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്നുമുതല്‍ വീടിനും പരിസരത്തിനും പൊലീസ് കനത്ത സുരക്ഷയേര്‍പ്പെടുത്തിയിരിക്കുന്നത്. വീടിനു മുന്‍വശത്തും പിന്‍വശത്തുമായി രണ്ടു പ്രത്യേക ടെന്റുകള്‍ കെട്ടിയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ താമസിക്കുന്നത്. രണ്ടുദിവസം കൂടുമ്പോള്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കോട്ടയം ജില്ലയിലെ ഡിവൈഎസ്പിമാര്‍ നേരിട്ടു പരിശോധനയ്ക്കെത്തും.


അതേസമയം, ഹാദിയയില്‍ നിന്നും മാതാപിതാക്കള്‍ക്കു കടുത്ത സമ്മര്‍ദ്ദവും ഭീഷണയും ഉള്ളതായുള്ള പ്രചാരണം അടിസ്ഥാന വിരുദ്ധമാണെന്ന് എസ്‌ഐ നാരദാ ന്യൂസിനോടു പറഞ്ഞു. മാതാപിതാക്കള്‍ മുസ്ലിമാവാതെ അവരോട് സംസാരിക്കില്ലെന്നും വീട്ടില്‍ നിലവിളക്കു കൊളുത്താന്‍ ഹാദിയ അനുവദിക്കില്ലെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത്തരം യാതൊരു സാഹചര്യവും വീട്ടിലില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

Story by