ഇവിടെ ഇപ്പോള്‍ മുന്തിരിവള്ളികള്‍ തളിര്‍ക്കാറില്ല; പാലക്കാടൻ അതിരുകളിൽ ബാക്കിയാവുന്നതു തരിശുനിലങ്ങൾ

മുമ്പ് നൂറുകണക്കിന് ഏക്കര്‍ സ്ഥലത്ത് മുന്തിരി വള്ളികള്‍ പൂത്തു കിടന്നിരുന്ന വാളയാര്‍ വഴി തമിഴ്‌നാട്ടിലേക്കു പോകുന്ന സ്ഥലത്തെത്തിയാല്‍ ഇന്നു കാണുക ഉണങ്ങി കരിഞ്ഞ പാഴ്‌ച്ചെടികളാണ്. ചില തോട്ടങ്ങള്‍ ഇന്നു ഹൗസ് പ്ലോട്ടുകളായി വേര്‍തിരിച്ച് വില്‍പ്പനക്ക് ഇട്ടിരിക്കുന്നു.

ഇവിടെ ഇപ്പോള്‍ മുന്തിരിവള്ളികള്‍ തളിര്‍ക്കാറില്ല; പാലക്കാടൻ അതിരുകളിൽ ബാക്കിയാവുന്നതു തരിശുനിലങ്ങൾ

മുന്തിരിവള്ളികള്‍ റോഡിന് ഇരുവശവും തളിര്‍ത്തു നില്‍ക്കുന്ന കാഴ്ച്ച വാളയാര്‍ വഴി തമിഴ്‌നാട്ടിലേക്കു പോകുന്ന യാത്രക്കാരുടെ കണ്ണിനു കുറച്ചു കാലം മുമ്പ് വരെ മധുരം പകരുന്ന ഒന്നായിരുന്നു. മുന്തിരിത്തോട്ടങ്ങളില്‍ നിന്നു പറിച്ചെടുത്ത പുതുമ നഷ്ടപ്പെടാത്ത മുന്തിരി, കൊട്ടകളില്‍ നിറച്ചു കൊണ്ടു വന്ന് റോഡരികില്‍ ഇരുന്നു ചെറിയ പെട്ടികളിലാക്കി വാഹന യാത്രക്കാര്‍ക്കു വില്‍ക്കുന്ന തമിഴ് സ്ത്രീകളും ഇവിടെ പതിവു കാഴ്ച്ചയായിരുന്നു.

ഇന്നും ഇവിടെ റോഡരികില്‍ ഇരുന്നു ചെറിയ പെട്ടികളില്‍ മുന്തിരി വില്‍ക്കുന്ന കുറച്ചു തമിഴ് സ്ത്രീകള്‍ ഉണ്ട്. പക്ഷെ വില്‍ക്കുന്ന മുന്തിരി മുമ്പത്തെ പോലെ അവര്‍ തങ്ങളുടെ കണ്ണിനു മുമ്പിലെ തോട്ടങ്ങളിൽ നിന്നു‍ പറിച്ചെടുത്തവയല്ല; മുപ്പതോളം കിലോമീറ്റര്‍ ദൂരെയുള്ള മാദംപെട്ടി, ആലന്തൂര്‍ ഭാഗങ്ങളില്‍ നിന്നു കൊണ്ടു വന്നവയാണ്. മുമ്പു വാഹനം നിര്‍ത്തി വാങ്ങിയവര്‍ ആ ഓര്‍മയില്‍ തൊട്ടരികിലെ തോട്ടങ്ങളില്‍ നിന്നു പറിച്ചെടുത്തവ എന്ന ധാരണയില്‍ ഇതു വാങ്ങി കൊണ്ടു പോകുകയും ചെയ്യും.

മുമ്പു നൂറുകണക്കിന് ഏക്കര്‍ സ്ഥലത്ത് മുന്തിരി വള്ളികള്‍ തളിർത്തു കിടന്നിരുന്ന സ്ഥലത്തെത്തിയാല്‍ ഇന്നു കാണുക ഉണങ്ങി കരിഞ്ഞ പാഴ്‌ച്ചെടികളാണ്. ചില തോട്ടങ്ങള്‍ ഇന്നു ഹൗസ് പ്ലോട്ടുകളായി വേര്‍തിരിച്ച് വില്‍പ്പനയ്ക്ക് ഇട്ടിരിക്കുന്നു. പാലക്കാട്- കോയമ്പത്തൂര്‍ ആറുവരി ദേശീയപാതയോടു ചേര്‍ന്നു കിടക്കുന്ന ഈ സ്ഥലത്തിന് ഇന്നു സ്ഥല ഉടമകള്‍ ആവശ്യപ്പെടുന്ന വില ഏക്കറിനു രണ്ടു കോടിയില്‍ താഴെയാണ്. വില പേശിയാല്‍ അതിലും കുറേ കുറയും. സാധാരണ റോഡരികില്‍ പോലും ലക്ഷങ്ങള്‍ വില ചോദിക്കുമ്പോള്‍ ആറുവരി ദേശീയപാതയരികില്‍ വില കുറവാണെന്നു തോന്നും. എന്നാല്‍ ഇവിടെ വെള്ളം കിട്ടാനുള്ള പ്രയാസം കൂടി ചിന്തിച്ചാല്‍ ഈ വില അധികമാണെന്നു മനസ്സിലാവും.

രണ്ടു വര്‍ഷം മുമ്പ് വരെ ഈ പ്രദേശത്ത് 45 ഏക്കര്‍ സ്ഥലത്തു മുന്തിരി കൃഷി ചെയ്തിരുന്ന ബാലുവിനെ കണ്ടു. ബാലുവിന്റെ അച്ഛനും ചെറിയച്ഛനും എല്ലാം ചേര്‍ന്നാണു മുന്തിരി കൃഷി നടത്തിയിരുന്നത്. ഇപ്പോള്‍ പൂര്‍ണമായും അതു നിര്‍ത്തി. റോഡരികില്‍ ചെറിയ സ്റ്റേഷനറി കട തുടങ്ങി. മഴയും വെള്ളവും ഒന്നും കാത്തിരിക്കേണ്ടതില്ലാത്ത ചെറിയ കച്ചവടം. എന്തു കൊണ്ടാണ് മുന്തിരി ഉപേക്ഷിച്ചതെന്നു ചോദിച്ചപ്പോള്‍ ബാലു പറഞ്ഞു:

ഞാന്‍ മാത്രമല്ല, ഈ പ്രദേശത്ത് ഒരാള്‍ പോലും ഇപ്പോള്‍ മുന്തിരി കൃഷി ചെയ്യുന്നില്ല. രണ്ടു വര്‍ഷമായി തീരെ മഴയില്ല. വെള്ളവും ഇല്ലാതായി. മുന്തിരിക്ക് നല്ല വെള്ളം വേണം. ഒന്നിടവിട്ട ദിവസങ്ങളില്‍ നനയ്ക്കണം, തടത്തില്‍ വെള്ളം നിന്നാല്‍ കൂടി പ്രശ്നമില്ല, വെള്ളം ഇല്ലെങ്കില്‍ മുന്തിരി വലിപ്പം ഉണ്ടാവില്ല, നിറവും കിട്ടില്ല, വെള്ളം കുറഞ്ഞാല്‍ കായ്കള്‍ മൂക്കുന്നതിന് മുമ്പേ പഴുക്കാനും തുടങ്ങും. പുളിക്കുന്ന ആ മുന്തിരി പിന്നെ കളയാനെ പറ്റൂ, വെള്ളം ഇല്ലാതെ പല തവണ നഷ്ടം വന്നപ്പോള്‍ കൃഷി ഉപേക്ഷിക്കുകയായിരുന്നു

പനീര്‍ എന്ന പേരിലറിയപ്പെടുന്ന ചുവപ്പു കലര്‍ന്ന കറുപ്പു നിറത്തിലുള്ള മുന്തിരി ഇനമാണ് ഈ ഭാഗത്ത് എല്ലാവരും കൃഷി ചെയ്തിരുന്നത്. പനീര്‍ മൂന്നുമാസം കൊണ്ടു തന്നെ വിളവെടുക്കാം. വര്‍ഷത്തില്‍ മൂന്നു വിളവുകള്‍ കിട്ടുന്നതു കൊണ്ട് ഭൂരിഭാഗം പേരും ഈ ഇനമാണ് കൃഷിക്കായി തെരഞ്ഞെടുത്തിരുന്നത്. പനീര്‍ ഇനമാണെങ്കില്‍ വിളവെടുപ്പിന് ഒരാഴ്ച്ച മുമ്പു കീടനാശിനി അടിച്ചാലും മതി. മറ്റിനങ്ങളില്‍ വിളവെടുത്തു പാക്ക് ചെയ്യുമ്പോഴും ചിലപ്പോള്‍ വേണ്ടി വരും. കുരുവില്ലാത്ത ഇനമായ പച്ചമുന്തിരി വിളയാന്‍ ഒമ്പതു മാസങ്ങള്‍ എടുക്കുമെന്നതിനാല്‍ അപൂര്‍വ്വം ചിലര്‍ മാത്രമാണ് അതു കൃഷി ചെയ്തിരുന്നത്.

ബാലുവിനും ചെറിയച്ഛനും എല്ലാം ഇപ്പോഴും മുന്തിരി കൃഷിയുണ്ട്. അത് കോയമ്പത്തൂരില്‍ നിന്നും 25 കിലോമീറ്ററോളം ദൂരം പോയാല്‍ എത്തുന്ന മാദംപെട്ടി എന്ന സ്ഥലത്താണ്. ബാലുവിന്റെ കടയില്‍ നിന്നു നോക്കിയാല്‍ കിലോമീറ്ററുകള്‍ക്കപ്പുറം കാണുന്ന മലയുടെ അപ്പുറമാണ് ആ സ്ഥലം. പക്ഷെ കോയമ്പത്തൂര്‍ വഴിയേ അങ്ങോട്ടു പോകാന്‍ പറ്റൂ. അവിടെ മഴയുണ്ട്. ചെറിയ പുഴയും കുറച്ച് കുളങ്ങളും ഉണ്ട്. അവിടെ ഇപ്പോഴും പ്രധാന കൃഷി മുന്തിരിയാണ്.

മുന്തിരി ഇല്ലാതായ സ്ഥലങ്ങള്‍ പലരും ഒഴിച്ചിട്ടു. ചിലര്‍ അധികം വെള്ളം ആവശ്യമില്ലാത്ത പച്ചക്കറി കൃഷികളിലേക്കു കടന്നു. പയറും വെണ്ടയും വഴുതനയും കൃഷി ചെയ്യുന്നവര്‍ ഉണ്ട്. റോഡിനോട് ചേര്‍ന്ന 13 ഏക്കര്‍ സ്ഥലത്തു മുന്തിരി കൃഷി ചെയ്തിരുന്ന അയ്യാസ്വാമി ഇപ്പോള്‍ പച്ചക്കറി കൃഷിയാണ് ചെയ്യുന്നത്. പയറും വെണ്ടക്കയുമാണ് കൃഷി. രണ്ട് ഏക്കറില്‍ ഓരോ ഏക്കറിലായി വെണ്ടക്കയും പയറും നടും. ഒന്നില്‍ വിളവെടുപ്പ് തുടങ്ങി തീരാറാവുമ്പോഴേക്കും വേറെ സ്ഥലത്ത് കൃഷി തുടങ്ങും. ഇങ്ങനെ വര്‍ഷത്തില്‍ 365 ദിവസവും അയ്യാസ്വാമിയുടെ പറമ്പില്‍ വെണ്ടയും പയറും വിളയും.

രണ്ടു മാസം മുമ്പു വരെ വെണ്ടക്ക് കിലോവിന് 35 രൂപ കിട്ടിയിരുന്നത് ഇപ്പോള്‍ പത്തു രൂപയായി കുറഞ്ഞെന്ന് അയ്യാസ്വാമി പറഞ്ഞു.

ദിവസേന 100 കിലോ വെണ്ട കിട്ടും. മാര്‍ക്കറ്റില്‍ കൊണ്ടു പോയി കൊടുത്താല്‍ 1000 രൂപ കിട്ടും. രാവിലെ 6 മുതല്‍ ഉച്ചയ്ക്കു രണ്ടു വരെ വെണ്ട പറിക്കാനായി മൂന്നു തൊഴിലാളികള്‍ ഉണ്ടാവും. അവര്‍ക്ക് 200 രൂപ കൂലി വച്ചു മൂന്നു പേര്‍ക്ക് 600 രൂപ കൂലി ഇതില്‍ നിന്നു പോകും. ആയിരം രൂപയ്ക്കു മാര്‍ക്കറ്റില്‍ വിറ്റാല്‍ കമ്മീഷനായി 100 രൂപ കൊടുക്കണം. വണ്ടിയുടെ പെട്രോള്‍ ചാര്‍ജായി 100 രൂപ പോകും. ഇങ്ങിനെ 800 രൂപ ഈ ആയിരം രൂപയില്‍ നിന്നു പോകും. ബാക്കി 200 രൂപയാണ് 100 കിലോ വെണ്ടക്ക വിറ്റാല്‍ കയ്യില്‍ കിട്ടുക.

വിത്തും വളവും സ്ഥലവും ജോലിക്കുള്ള കൂലിയുമെല്ലാമായി കിട്ടുന്നത് 200 രൂപയാണെന്ന് അയ്യാസ്വാമി പറഞ്ഞു. തമിഴ്‌നാട്ടില്‍ കൃഷിക്കു വെദ്യുതി സൗജന്യമാണ്. അതുകൊണ്ട് ആ ബില്‍ അടയ്ക്കേണ്ട. അല്ലെങ്കില്‍ വലിയ ഒരു തുക ആ ഇനത്തിലും മാറ്റി വെക്കേണ്ടി വന്നേനെയെന്ന് അയ്യാസ്വാമി ആശ്വസിക്കുന്നു.