മതസ്ഥാപനങ്ങൾ ഇരിക്കുന്ന ഭൂമിക്ക് പട്ടയം നൽകണമെന്ന് മതമേലധ്യക്ഷന്മാർ; മതചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള കൈയേറ്റങ്ങളെ അനുകൂലിക്കുന്നില്ല

വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനെ പിന്തുണക്കുന്നതായും മതമേലധ്യക്ഷന്മാർ വ്യക്തമാക്കി. അതേസമയം, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രായോഗിക പ്രശ്‌നങ്ങളെക്കുറിച്ചും മതസംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

മതസ്ഥാപനങ്ങൾ ഇരിക്കുന്ന ഭൂമിക്ക് പട്ടയം നൽകണമെന്ന് മതമേലധ്യക്ഷന്മാർ; മതചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള കൈയേറ്റങ്ങളെ അനുകൂലിക്കുന്നില്ല

മതസ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂമിക്ക് പട്ടയം നൽകണമെന്ന ആവശ്യവുമായി മതമേലധ്യക്ഷന്മാർ. മത ചിഹ്നങ്ങൾ ഉപയോ​ഗിച്ചു നടത്തുന്ന കൈയേറ്റങ്ങളെ അനുകൂലിക്കുന്നില്ലെന്നും അവർ പറഞ്ഞു.

മൂന്നാര്‍ കൈയേറ്റ പ്രശ്‌നം പരിഹരിക്കാനായി മുഖ്യമന്ത്രിയിൽ അധ്യക്ഷതയിൽ നടക്കുന്ന സര്‍വ്വകക്ഷി യോഗത്തിനു മുന്നോടിയായി മത സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ യോഗത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കല്‍ മതവികാരം വ്രണപ്പെടുത്താത്ത രീതിയിലായിരിക്കണമെന്നും വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനെ പിന്തുണക്കുന്നതായും മതമേലധ്യക്ഷന്മാർ വ്യക്തമാക്കി. അതേസമയം, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രായോഗിക പ്രശ്‌നങ്ങളെക്കുറിച്ചും മതസംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാത്യു അറയ്ക്കല്‍, ഹൈറേഞ്ച് സംരക്ഷണ സമിതി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.

രാവിലെ 11ന് പരിസ്ഥിതി പ്രവർത്തകരുമായും 12ന് മാധ്യമപ്രവർത്തകരുമായും മുഖ്യമന്ത്രി ഇതേ വിഷയത്തിൽ ചർച്ച നടത്തിയിരുന്നു. മൂന്നാറിൽ കൈയേറ്റക്കാരോട് ദയയുണ്ടാവില്ലെന്നു മാധ്യമപ്രവർത്തകരുടെ യോ​ഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.

വീടും ഭൂമിയുമില്ലാതെ അവിടെ കുടിയേറി താമസിക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. മൂന്നാറിലെ ഭൂവിനിയോഗം സംബന്ധിച്ച് സമഗ്രമായ നിയമ നിര്‍മാണം ആലോചനയിലാണെന്നും പ്രായോ​ഗിക പ്രശ്നങ്ങൾ നോക്കി ചില നിയമങ്ങളിൽ ഭേദ​ഗതി വരുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.