രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പൊലീസ് ബറ്റാലിയന്‍ കേരളത്തില്‍; സര്‍ക്കാര്‍ നയം വ്യക്തമാക്കി എംബി രാജേഷ്

കൊച്ചി മെട്രോയില്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സിന് ജോലിനല്‍കി ലോകത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയ കേരളസര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പൊലീസ് ബറ്റാലിയന്‍ സാധ്യമാക്കും എന്ന സൂചന നല്‍കുന്നത് എംബി രാജേഷ് എംപിയാണ്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ഈ സിപിഐഎം നേതാവിന്റെ വാക്കുകള്‍ സര്‍ക്കാരിന്റെ നയമെന്തെന്ന് വ്യക്തമാക്കുകയാണ്.

രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പൊലീസ് ബറ്റാലിയന്‍ കേരളത്തില്‍; സര്‍ക്കാര്‍ നയം വ്യക്തമാക്കി എംബി രാജേഷ്

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി വിശ്രമിക്കുന്ന അയിഷയേയും പൂര്‍ണ്ണയേയും കൊച്ചിയില്‍ പൊലീസ് ആക്രമിച്ചതും തൃശൂരില്‍ മോഡലായ ദീപ്തിയും കൂട്ടുകാരികളും ആക്രമിക്കപ്പെട്ടതും കേരള പൊലീസിന് തീരാകളങ്കമായിരുന്നു. ട്രാന്‍സ് ജെന്‍ഡേഴ്‌സ് രാത്രിയായാല്‍ പുറത്തിറങ്ങരുത് എന്ന അസംബന്ധ നടപടിക്ക് കൊച്ചിയില്‍ പൊലീസ് ഓഫീസര്‍മാര്‍ തന്നെ നേതൃത്വം നല്‍കി. ലൈംഗിക ന്യൂനപക്ഷങ്ങളെ അടിച്ചോടിക്കുന്ന പുരുഷപൊലീസിന്റെ പൗരുഷം നിരന്തരം ചോദ്യം ചെയ്യപ്പെടുന്നതിനിടയിലിതാ സന്തോഷകരമായ വാര്‍ത്ത- രാജ്യത്തെ ആദ്യ ട്രാന്‍സ് ജെന്‍ഡേഴ്‌സ് പൊലീസ് ബറ്റാലിയന്‍ കേരളത്തില്‍ നിലവില്‍ വരും. ബറ്റാലിയനെ കുറിച്ച് സൂചന നല്‍കുന്നത് ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി രാജ്യത്ത് ശബ്ദമുയര്‍ത്തുന്ന സിപിഐഎം നേതാവ് എംബി രാജേഷ് എംപി.

"ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഇനി കേരള പൊലീസിലാണ് ജോലി നല്‍കേണ്ടത്"- എംബി രാജേഷ് എംപി സര്‍ക്കാര്‍ നയത്തിന്റെ വ്യക്തമായ സൂചനയാണ് നാരദ ന്യൂസിന് നല്‍കിയത്. "കൊച്ചിമെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ജോലിനല്‍കി ചരിത്രം സൃഷ്ടിച്ച സംസ്ഥാനസര്‍ക്കാര്‍ മാതൃക മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കണം"- അദ്ദേഹം പറയുന്നു. "പൊലീസിനെ ജെന്‍ഡര്‍ സെന്‍സിറ്റീവാക്കി മാറ്റാന്‍ സര്‍ക്കാര്‍ ഊര്‍ജിത ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി കൂടുതല്‍ വനിതാ പൊലീസുകാരെ നിയമിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നുമുണ്ട്. വനിതാ പൊലീസിന്റെ എണ്ണം ആറുശതമാനത്തില്‍ നിന്ന് പതിനഞ്ചു ശതമാനമാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞു. ഇതിന്റെ അടുത്ത ഘട്ടമെന്ന നിലയില്‍ ഭിന്നലിംഗക്കാരെക്കൂടി പൊലീസ് സേനയില്‍ ഉള്‍പ്പെടുത്തണം"- എംബി രാജേഷ് പറഞ്ഞു.

സ്ത്രീകളെ അറസ്റ്റു ചെയ്യുന്നതിലടക്കം വനിതാ പൊലീസ് വേണം. എന്നാല്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സ് യുവതികളെ പുരുഷ പൊലീസാണ് അറസ്റ്റ് ചെയ്യുന്നതും ചോദ്യംചെയ്യുന്നതും, ഇത് ലിംഗ നീതിക്ക് നിരക്കുന്നതല്ല. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നടത്തിയ ട്രാന്‍സ് ജെന്‌ഡേഴ്‌സ് കായികമേള ശ്രദ്ധേയമായിരുന്നു. അത്‌ലറ്റിക്‌സില്‍ മികച്ച പ്രകടനമാണ് ട്രാന്‍സ് ജെന്‍ഡേഴ്‌സ് കാഴ്ചവച്ചത്. കായികമായും തങ്ങള്‍ മുന്നില്‍ തന്നെയെന്ന് കായികമേളയിലൂടെ ഈ സമൂഹം തെളിയിച്ചു.

ട്രാന്‍സ് ജെന്‍ഡേഴ്‌സിന് എതിരെയും ഈ സമൂഹത്തിലുള്ളവര്‍ പങ്കാളികളാകുകയും ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പുതിയ ബറ്റാലിയന് സാധിക്കും. ജില്ലാ ആസ്ഥാനം കേന്ദ്രീകരിച്ച് ട്രാന്‍സ് ജെന്‍ഡര്‍ പൊലീസിനെ വിന്യസിക്കുകയാകും ആദ്യഘട്ടത്തില്‍ സാധ്യമായത്. ഭിന്നലിംഗ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ട്രാന്‍സ് പൊലീസ് വൈകാതെ സാധ്യമാകും. 300 മുതല്‍ 800 വരെ അംഗബലമുള്ള സേനാ ദളങ്ങളെയാണ് ബറ്റാലിയന്‍ എന്നു വിളിക്കുന്നത്. ബറ്റാലിയനു കീഴില്‍ 90 അംഗങ്ങളുള്ള കമ്പനികളാണുണ്ടാവുക. കേരളത്തില്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സ് വിഭാഗത്തിലുള്ള ബറ്റാലിയന്‍ നിലവില്‍ വരുമ്പോള്‍ ആദ്യം 90 പേരുള്ള ഒരു കമ്പനിയെങ്കിലും വേണ്ടിവരും.

ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സബ് ഇന്‍സ്‌പെക്ടര്‍ ചുമതലയേറ്റത് തമിഴ്‌നാട്ടിലാണ്. പ്രിതിക യാഷ്‌നിയാണ് മദ്രാസ് ഹൈക്കോടതിയില്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ സബ് ഇന്‍സ്‌പെക്ടറായത്. പൊലീസ് സേനയിലേക്ക് അപേക്ഷിച്ച പ്രിതികയെ ഭിന്നലിംഗക്കാരിയാണെന്ന ഒറ്റക്കാരണത്താല്‍ മാറ്റിനിര്‍ത്തുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത്. എന്നാല്‍ ഇതിനുശേഷം ഭിന്നലിംഗക്കാരെ പൊലീസ് സേനയിലെടുക്കുന്നത് സംബന്ധിച്ച നടപടികളൊന്നും രാജ്യത്തെവിടെയുമുണ്ടായിട്ടില്ല. കേരളം ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത് രാജ്യത്തിന് മുഴുവന്‍ മാതൃകയാകും.

'കൊച്ചി മെട്രോയില്‍ ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കി ചരിത്രം സൃഷ്ടിച്ചതുപോലെ ഇക്കാര്യത്തിലും സംസ്ഥാനസര്‍ക്കാര്‍ ചരിത്രപരമായ തീരുമാനമെടുക്കേണ്ടതാണ്. ഭിന്നലിംഗക്കാര്‍ നമ്മുടെ സമൂഹത്തിന്റെ ഭാഗമാണ്. ഇവരുടെ ക്ഷേമം ഉറപ്പാക്കാന്‍ ഇത്തരം നടപടികളിലൂടെ സാധിക്കും'- എംബി രാജേഷ് പറയുന്നു.