ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നും മാറ്റി: ലോക്നാഥ് ബെഹ്റയ്ക്ക് പകരം ചുമതല

ജേക്കബ് തോമസിനോട് ഒരു മാസത്തെ അവധിയിൽ പ്രവേശിക്കാനാണ് സർക്കാർ നിർദേശം. എന്നാൽ തന്നെ വിജിലൻഡ് ഡയറക്ടർ സ്ഥനത്തു നിന്നും മാറ്റിയതാണെന്നും താൻ പടിയിറങ്ങുകയാണെന്നും ജേക്കബ് തോമസ് മാധ്യമങ്ങളോടു പറഞ്ഞു.

ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നും മാറ്റി: ലോക്നാഥ് ബെഹ്റയ്ക്ക് പകരം ചുമതല

ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നും മാറ്റി. ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കാണ് പകരം ചുമതല. ജേക്കബ് തോമസിനോട് ഒരു മാസത്തെ അവധിയിൽ പ്രവേശിക്കാനാണ് സർക്കാർ നിർദേശം. എന്നാൽ തന്നെ വിജിലൻഡ് ഡയറക്ടർ സ്ഥനത്തു നിന്നും മാറ്റിയതാണെന്നും താൻ പടിയിറങ്ങുകയാണെന്നും ജേക്കബ് തോമസ് മാധ്യമങ്ങളോടു പറഞ്ഞു.

ജേക്കബ് തോമസിനെതിരായ കോടതി വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടിയെന്നാണ് സൂചന. കഴിഞ്ഞദിവസം വിജിലൻസ് ഡയറക്ടർക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ തല്‍സ്ഥാനത്തു നിന്നും നീക്കാത്തത് എന്തുകൊണെന്നായിരുന്നു സർക്കാരിനോടുള്ള കോടതിയുടെ ചോദ്യം. സംസ്ഥാനത്ത് വിജിലന്‍സിന്റെ അമിത ഇടപെടല്‍ നടക്കുന്നുണ്ട്. നിലവിലെ ഡയറക്ടറെ നിലനിര്‍ത്തി എങ്ങനെ മുന്നോട്ടുപോകും? ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു.

കഴിഞ്ഞ ആഴ്ചയും ‌കോടതി വിജിലൻസിനെതിരെ രം​ഗത്തുവന്നിരുന്നു. ഇപി ജയരാജനെതിരായ ബന്ധുനിയമന കേസും ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതും അന്വേഷിക്കണമെന്ന ഉത്തരവ് ചോദ്യം ചെയ്യുന്ന ഹരജി പരിഗണിക്കവെയായിരുന്നു ഇത്. തോന്നുംപടിയാവരുത് വിജിലന്‍സിന്റെ പ്രവര്‍ത്തനമെന്നും അഴിമതി കേസുകളില്‍ വിജിലന്‍സിനു മാത്രമാണോ അന്വേഷണാധികാരമെന്നുമായിരുന്നു കോടതിയുടെ ചോദ്യം.

ജിഷ വധക്കേസിലടക്കം വിജിലൻസ് ഡയറക്ടർ സ്വീകരിച്ച നിലപാട് മുന്നണിക്കുള്ളിലും പൊലീസിലും വലിയ വിവാദമുണ്ടാക്കിയിരുന്നു. ആഭ്യന്തര സെക്രട്ടറി കൈമാറിയ ഈ റിപ്പോർട്ട് ഡിജിപി തള്ളുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ തുടക്കം മുതൽ തന്നെ പാളിച്ചയുണ്ടായെന്നായിരുന്നു റിപ്പോർട്ട്.

എന്നാൽ, പലപ്പോഴായി കോടതിയിൽ നിന്നും മുന്നണിയിൽനിന്നും വിമർശനങ്ങൾ ഉണ്ടായെങ്കിലും വിജിലൻസ് ഡയറക്ടറെ പിന്തുണയക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നത്. എന്നാൽ വിവിധ വകുപ്പുകളിൽ നിന്നുകൂടി വിമർശനങ്ങൾ ഉണ്ടായതോടെയാണ് സർക്കാർ അദ്ദേഹത്തെ മാറ്റാൻ നിർബന്ധിതരായതെന്നാണു സൂചന. ജേക്കബ് ‌തോമസിനെ മുഖ്യമന്ത്രി കയറൂരി വിട്ടിരിക്കുകയാണെന്നും വിജിലന്‍സിനെ നിയന്ത്രിച്ചില്ലെങ്കില്‍ അത് സര്‍ക്കാറിന്റെ പ്രതിച്ഛായയെ പ്രതികൂലമായ ബാധിക്കുമെന്നും അതിനാൽ അദ്ദേഹത്തെ മാറ്റിനിര്‍ത്തണമെന്നുമായിരുന്നു വിമർശനം. കൂടാതെ, ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തണമെന്ന് ഇന്നു ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലും ആവശ്യമുയര്‍ന്നതായാണ് സൂചന.

Read More >>