സർക്കാരിന്റെ ഓണാഘോഷം മാറ്റിവയ്ക്കാൻ സാധ്യത; മുഖ്യമന്ത്രി നാളെ പ്രളയബാധിത പ്രദേശത്തേക്ക്

ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രി പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തുക. ഈ സമയം മുഖ്യമന്ത്രിക്കൊപ്പം റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവരും ഉണ്ടാകും.

സർക്കാരിന്റെ ഓണാഘോഷം മാറ്റിവയ്ക്കാൻ സാധ്യത; മുഖ്യമന്ത്രി നാളെ പ്രളയബാധിത പ്രദേശത്തേക്ക്

സംസ്ഥാനത്ത് ഒട്ടാകെ കനത്ത മഴ തുടരുകയും ദുരന്തങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ സർക്കാർ നടത്തുന്ന ഓണാഘോഷം മാറ്റിവച്ചേക്കുമെന്ന് സൂചന. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഈമാസം 24 മുതല്‍ 30 വരെയാണ് സർക്കാരിന്റെ ഓണാഘോഷം തീരുമാനിച്ചിരിക്കുന്നത്.

കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയിലും കേരളം നേരിടുന്ന കടുത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ മാറ്റി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. ആഘോഷങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുന്ന 30 കോടി രൂപ ഈ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ 7.30ന് പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രി പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തുക. ഈ സമയം മുഖ്യമന്ത്രിക്കൊപ്പം റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവരും ഉണ്ടാകും.

നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും കൊച്ചിയിലെത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച രാജ്നാഥ് സിങ് സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് ചർച്ച നടത്തി. കേന്ദ്രത്തിൽനിന്ന് ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പു നൽകിയിട്ടുണ്ട്.

Read More >>