സെന്‍കുമാറിനെ ഉടൻ തന്നെ പൊലീസ് മേധാവിയായി നിയമിക്കാൻ നിർബന്ധിതരായി സർക്കാർ; ഉത്തരവ് ഇന്നിറങ്ങാൻ സാധ്യത

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇതു സംബന്ധിച്ച് ചർച്ച ചെയ്തു. വിധി നടപ്പാക്കിയില്ലെങ്കിൽ എന്തു ചെയ്യണമെന്ന് അറിയാമെന്ന കോടതിയുടെ മുന്നറിയിപ്പ് മാനിച്ചും കോടതിയലക്ഷ്യത്തിനുള്ള നോട്ടീസ് കിട്ടിയ പശ്ചാത്തലത്തിലും നടപടി ഇനിയും വൈകിക്കേണ്ടെന്ന നിലപാടിലാണ് സർക്കാരും പാർട്ടിയും. മാത്രമല്ല, ചൊവ്വാഴ്ച സെൻകുമാറിന്റെ ഹർജി പരി​ഗണിക്കാനിരിക്കെ ഇനിയൊരു തിരിച്ചടി കൂടി കോടതിയിൽ നിന്നും ഉണ്ടാവാതിരിക്കാൻ പുനർനിയമനം അടിയന്തരമായി നടപ്പാക്കേണ്ടത് അത്യാവശ്യമാണു താനും.

സെന്‍കുമാറിനെ ഉടൻ തന്നെ പൊലീസ് മേധാവിയായി നിയമിക്കാൻ നിർബന്ധിതരായി സർക്കാർ; ഉത്തരവ് ഇന്നിറങ്ങാൻ സാധ്യത

ഡിജിപി ടി പി സെൻകുമാർ കേസിൽ സുപ്രീംകോടതിയിൽ നിന്നും വീണ്ടും ശാസന കിട്ടിയ സാഹചര്യത്തിൽ ഉടൻ വിധി നടപ്പാക്കാൻ സർക്കാരിനു മേൽ സമ്മർദ്ദം ശക്തമായി. സെൻകുമാറിനെ ഉടൻ തന്നെ പൊലീസ് മേധാവി സ്ഥാനത്തു പുനർനിയമനം നടത്താൻ സർക്കാർ നിർബന്ധിതരായി. ഇന്നു തന്നെ ഇതുസംബന്ധിച്ച് ഉത്തരവ് ഇറങ്ങാനാണ് സാധ്യത.

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇതു സംബന്ധിച്ച് ചർച്ച ചെയ്തു. വിധി നടപ്പാക്കിയില്ലെങ്കിൽ എന്തു ചെയ്യണമെന്ന് അറിയാമെന്ന കോടതിയുടെ മുന്നറിയിപ്പു മാനിച്ചും കോടതിയലക്ഷ്യത്തിനുള്ള നോട്ടീസ് കിട്ടിയ പശ്ചാത്തലത്തിലും നടപടി ഇനിയും വൈകിക്കേണ്ടെന്ന നിലപാടിലാണു സർക്കാരും പാർട്ടിയും.

വിധി നടപ്പാക്കുകയല്ലാതെ മറ്റൊരു മാർ​ഗവുമില്ലെന്ന് എജിയുടേയും നിയമസെക്രട്ടറിയുടേയും നിയമോപദേശവും സർക്കാരിനു ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ നിയമന നടപടി കൂടുതൽ വൈകിക്കുന്നത് ബുദ്ധിമോശമാവുമെന്നു സർക്കാരിനു ബോധ്യമായി. മാത്രമല്ല, ചൊവ്വാഴ്ച സെൻകുമാറിന്റെ ഹർജി പരി​ഗണിക്കാനിരിക്കെ ഇനിയൊരു തിരിച്ചടി കൂടി കോടതിയിൽ നിന്നും ഉണ്ടാവാതിരിക്കാൻ പുനർനിയമനം അടിയന്തരമായി നടപ്പാക്കേണ്ടത് അത്യാവശ്യമാണു താനും.

നിയമസഭയിൽ പ്രതിപക്ഷം ശക്തമായ പ്രക്ഷോഭം നടത്താനുള്ള സാധ്യതയും ഏറെയാണ്. കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായതിനേക്കാൾ രൂക്ഷമായ ബഹളത്തിനായിരിക്കും ഈ വിഷയത്തിലൂന്നി പ്രതിപക്ഷത്തിൽ നിന്നും ഭരണപക്ഷത്തിനു നേരിടേണ്ടിവരിക. ഇക്കാര്യവും പാർട്ടിയും സർക്കാരും പരിഗണനയിൽ എടുത്തിട്ടുണ്ട്.

അതേസമയം, നിയമന കാര്യത്തിൽ തിടുക്കമില്ലെന്ന് ടി പി സെൻകുമാർ പ്രതികരിച്ചിട്ടുണ്ട്. കൂടുതൽ പ്രതികരണം കോടതി വിധിക്കു ശേഷം നടത്താമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ സർക്കാരിനു തിടുക്കം കാട്ടാതിരിക്കാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.