പാലക്കാട് 950 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു; 3500 കുടുംബങ്ങളെ കുടിയിറക്കാന്‍ നീക്കം

ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് മിച്ചഭൂമിയാക്കി പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ സ്ഥലത്ത് വീടുവച്ചു താമസിക്കുന്ന നിലയിലായി 3500ലേറെ കുടുംബങ്ങള്‍. വീടിന്റേയും സ്ഥലത്തിന്റേയും പേരില്‍ ലോണെടുക്കാന്‍ കഴിയില്ലെന്നു മാത്രമല്ല നേരത്തെയെടുത്ത ലോണുകള്‍ തിരിച്ചടയ്ക്കാന്‍ വേണ്ടിയുള്ള നോട്ടീസുകളും എത്തിത്തുടങ്ങി.

പാലക്കാട് 950 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു; 3500 കുടുംബങ്ങളെ കുടിയിറക്കാന്‍ നീക്കം

പാലക്കാട് പുതുശേരിയില്‍ ആയിരക്കണക്കിന് കുടുംബങ്ങളെ സ്വന്തം വീട്ടില്‍ നിന്നും പറമ്പില്‍ നിന്നും കുടിയിറക്കി സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നീക്കം. പുതുശ്ശേരി പഞ്ചായത്തിലെ വേനോലി മുതല്‍ വാളയാര്‍ വരെ കോയമ്പത്തൂര്‍ ശേീയ പാതയോട് ചേര്‍ന്നു താമസിക്കുന്ന 3500ലധികം കുടുംബങ്ങളുടെ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്ത് മിച്ചഭൂമിയാക്കി പ്രഖ്യാപിച്ച് കുടിയൊഴിപ്പിക്കാന്‍ ശ്രമം നടത്തുന്നത്. ഏകദേശം ഒമ്പത് കിലോമീറ്റര്‍ ദൂരത്തില്‍ 950 ഏക്കറിലായി കിടക്കുന്ന ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. റിയല്‍ എസ്‌റ്റേറ്റ് മാഫിയക്കു വേണ്ടി വില്ലേജ് ഓഫീസര്‍ മുതല്‍ കളക്ടറേറ്റിലെ ചില ഉദ്യോഗസ്ഥര്‍ വരെ കൈക്കൊണ്ട നിലപാടുകളാണ് തങ്ങള്‍ക്ക് ഭൂമി നഷ്ടപ്പെടാന്‍ ഇടയാക്കിയെതന്ന് ആരോപണമുണ്ട്.

ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് മിച്ചഭൂമിയാക്കി പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ സ്ഥലത്ത് വീടുവച്ചു താമസിക്കുന്ന നിലയിലായി 3500ലേറെ കുടുംബങ്ങള്‍. വീടിന്റേയും സ്ഥലത്തിന്റേയും പേരില്‍ ലോണെടുക്കാന്‍ കഴിയില്ലെന്നു മാത്രമല്ല നേരത്തെയെടുത്ത ലോണുകള്‍ തിരിച്ചടയ്ക്കാന്‍ വേണ്ടിയുള്ള നോട്ടീസുകളും എത്തിത്തുടങ്ങി. വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പോലും ലോണ്‍ കിട്ടാത്ത അവസ്ഥയാണ്. പല പെണ്‍കുട്ടികളുടേയും വിവാഹവും ഇതിന്റെ പേരില്‍ മുടങ്ങിയിട്ടുണ്ട്. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ക്കോ, നിയമപരമായ ആവശ്യങ്ങള്‍ക്കോ വേണ്ടി വീടിന്റേയും സ്ഥലത്തിന്റേയും പേരില്‍ നികുതി രശീതും ലഭിക്കാതായി. 2013ലെ ലാന്റ് ബോര്‍ഡിലെ ഉത്തരവ് പ്രകാരമാണ് സ്ഥലം സര്‍ക്കാര്‍ ഭൂമിയായി മാറിയത്. കളക്ടര്‍ക്കും മറ്റും അപേക്ഷ കൊടുത്താല്‍ മാറിക്കിട്ടുമെന്ന വിശ്വാസത്തില്‍ പല കുടുംബങ്ങളും ആ വഴി സ്വീകരിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും ഒന്നും നടന്നില്ല. ഇതിനിടെ ചില സംഘടനകളും മറ്റും ചില കുടുംബങ്ങളുടെ പേരില്‍ പണം പിരിച്ച് സുപ്രീംകോടതിയിലും മറ്റും പോയി ഇതിനെതിരെ സ്‌റ്റേ സമ്പാദിച്ചു. എന്നാല്‍ ഇതിനൊന്നും കഴിയാത്ത 3500ലേറെ കുടുംബങ്ങള്‍ ഇനിയും പുതുശ്ശേരിയിലുണ്ട്.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പുതുശ്ശേരിയിലെ വടശ്ശേരി ജന്മി കുടുംബത്തിന്റെ വകയായിരുന്നു ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 950 ഏക്കര്‍ ഭൂമി. ഭൂപരിഷ്‌കരണ നിയമപ്രകാരം സര്‍ക്കാര്‍ ഈ ഭൂമി ഏറ്റെടുത്തതു വഴിയാണ് ഇത്രയും കുടുംബങ്ങളിലേക്ക് ഭൂമി എത്തിയത്. പിന്നീട് പലരും ഈ ഭൂമി വിറ്റു പോവുകയും പലരും സ്വന്തം അധ്വാനത്തിലൂടെ ഭൂമിയും സ്ഥലവും വാങ്ങുകയും ചെയ്തു. വടശ്ശേരി കുടുംബത്തില്‍ ഇപ്പോഴുള്ള ഒരു അവകാശി സ്ഥലം തനിക്കു തന്നെ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നീട് ഈ കേസ് സുപ്രീം കോടതി വരെയെത്തി. സുപ്രീംകോടതി പരാതിക്കാരന്റെ ഹരജി പരിഗണിച്ച് നിജസ്ഥിതി റിപ്പോര്‍ട്ട് ചെയ്യാന്‍ പാലക്കാട് കളക്ടർക്കും സ്ഥലത്തെ തഹസീല്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്കും നിര്‍ദ്ദേശം നല്‍കിയെങ്കിലും ഇവര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയില്ല.

കേസില്‍ വടശ്ശേരി കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് വിധി വരികയും ചെയ്തു. പിന്നീടാണ് ഈ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് മിച്ചഭൂമിയാക്കി പ്രഖ്യാപിച്ചത്. കോയമ്പത്തൂര്‍ മുതല്‍ കൊച്ചി വരെയുള്ള വ്യവസായിക ഇടനാഴി എന്ന ബൃഹദ് പദ്ധതിക്കു വേണ്ടി ഈ സ്ഥലം പരിഗണിക്കുന്നതായും അങ്ങനെ വന്നാല്‍ ഉടന്‍ തന്നെ തങ്ങള്‍ കുടിയിറക്കപ്പെടുമെന്നുമാണ് ഇവരുടെ ഭീതി. റവന്യൂമന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് അദാലത്ത് നടത്തി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം ജനങ്ങള്‍ പ്രക്ഷോഭത്തിന് ഇറങ്ങേണ്ടിവരുമെന്നും പൊതുപ്രവര്‍ത്തകനായ കലാധരന്‍ നാരദാ ന്യൂസിനോട് പറഞ്ഞു.


Read More >>