കുഞ്ഞനന്തൻ ജയിലിൽ നല്ല നടപ്പുകാരനെന്ന് സർക്കാർ; ഹൈക്കോടതിയിൽ സത്യവാങ്മൂലം

ഇതില്‍ രാഷ്ട്രീയ സ്വാധീനമുണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.

കുഞ്ഞനന്തൻ ജയിലിൽ നല്ല നടപ്പുകാരനെന്ന് സർക്കാർ; ഹൈക്കോടതിയിൽ സത്യവാങ്മൂലം

ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി സിപിഐഎം നേതാവ് കുഞ്ഞനന്തൻ ജയിലിലെ നല്ല നടപ്പുകാരനെന്ന് സർക്കാർ ഹൈക്കോടതിയിൽ. ജയിലിൽ കുഞ്ഞനന്തിന് രാഷ്ട്രീയ പരി​ഗണനയോ മറ്റ് ഇളവുകളോ നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനേതിരേ ടിപിയുടെ ഭാര്യ കെ കെ രമ നല്‍കിയ ഹരജിയിലാണ് കുഞ്ഞനന്തന്‍ നല്ല നടപ്പുകാരനെന്ന് അവകാശപ്പെട്ട് ആഭ്യന്തരവകുപ്പ് ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. കുഞ്ഞനന്തന്‍ ജയിലിലെ നല്ലനടപ്പുകാരനും അച്ചടക്കം പാലിക്കുന്നയാളുമാണ്. ജയില്‍ നടപടികള്‍ ലംഘിക്കുകയോ അതിന്റെ പേരില്‍ നടപടിക്കു വിധേയനാവുകയോ ചെയ്തിട്ടില്ല. ഇതെല്ലാം പരിഗണിച്ചാണ് പിന്നീട് കുഞ്ഞനന്തന്റെ പരോള്‍ അപേക്ഷകള്‍ പരിഗണിച്ചതും നിയമാനുസൃതം പരോള്‍ അനുവദിച്ചിട്ടുള്ളതും. ഇതില്‍ രാഷ്ട്രീയ സ്വാധീനമുണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.

2014 മുതല്‍ 2017 വരെയുള്ള കാലയളവില്‍ 60 ദിവസത്തെ അടിയന്തര പരോളും 135 ദിവസത്തെ സാധാരണ പരോളുമാണ് നല്‍കിയിട്ടുള്ളത്. മാത്രമല്ല ഒരുവര്‍ഷം 60 ദിവസത്തിനു മുകളില്‍ സാധാരണ പരോള്‍ അനുവദിച്ചിട്ടുമില്ല. അടിയന്തര പരോള്‍ സര്‍ക്കാരിന്റെ അനുമതി മുന്‍കൂട്ടി തേടി നിയമാനുസൃതമാണ് നല്‍കിയിട്ടുള്ളത്. ഒരു കലണ്ടര്‍ വര്‍ഷം 90 ദിവസത്തിനുള്ളിലുള്ള പരോള്‍ ശിക്ഷാകാലമായി പരിഗണിക്കുന്നതാണ് സംസ്ഥാനത്തെ ജയിൽ ചട്ടമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ഈ സാഹചര്യത്തില്‍ ചട്ടം ലംഘിച്ച് പരോള്‍ അനുവദിച്ചെന്ന രമയുടെ വാദം നിലനില്‍ക്കില്ലെന്നും ആഭ്യന്തരവകുപ്പ് എതിര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന കുഞ്ഞനന്തന്‍, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചികിത്സയ്ക്കായി പരോള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ നേരത്തെ രണ്ടു തവണ സമീപിച്ചിരുന്നു. എന്നാല്‍ തുടർച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

അസുഖമാണെങ്കിൽ പരോളല്ല, ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സയാണ് നൽകേണ്ടതെന്ന് കോടതി പറഞ്ഞിരുന്നു. പരോളിന്റെ പേരിൽ കുഞ്ഞനന്തൻ പാർട്ടി പരിപാടിയിലടക്കം പങ്കെടുക്കുന്നതായി ചൂണ്ടിക്കാട്ടി കെ കെ രമ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ വിമർശനം