പോര് കടുപ്പിച്ച് സർക്കാർ; ടി പി സെൻകുമാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

പോലീസ് മേധാവി അറിയാതെ അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരനെ സര്‍ക്കാര്‍ മാറ്റുന്നത് അസാധാരണ നടപടിയാണ്.

പോര് കടുപ്പിച്ച് സർക്കാർ; ടി പി സെൻകുമാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

പൊലീസ് മേധാവി ടി പി സെൻകുമാറുമായുള്ള പോര് കടുപ്പിച്ച് സർക്കാർ. ടി പി സെൻകുമാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ അദ്ദേഹമറിയാതെ സ്ഥലം മാറ്റി. പതിനഞ്ച് വർഷമായി സെന്കുമാറിനൊപ്പമുള്ള ഗൺമാൻ അനിൽ കുമാറിനെയാണ് സ്ഥലം മാറ്റിയത്. ഗ്രേഡ് എസ് ഐ റാങ്കിലുള്ള അനിൽ കുമാറിനെ സിറ്റി എആർ ക്യാമ്പിലേക്കാണ് ആഭ്യന്തരവകുപ്പ് ഉത്തരവിലൂടെ സ്ഥലം മാറ്റിയിരിക്കുന്നത്.

നേരത്തെ സെൻകുമാർ സ്ഥലം മാറ്റിയിരുന്ന പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥയെ ആഭ്യന്തര വകുപ്പ് തിരികെ നിയമിച്ചിരുന്നു. പോലീസ് മേധാവി അറിയാതെ അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരനെ സര്‍ക്കാര്‍ മാറ്റുന്നത് അസാധാരണ നടപടിയാണ്. പൊലീസ് മേധാവി സ്ഥാനം നിയമപ്പോരാട്ടത്തിലൂടെ തിരികെപ്പിടിച്ചതിലുള്ള പ്രതികാരനടപടിയായാണ് സർക്കാർ ഇത്തരം നടപടികൾ കൈക്കൊള്ളുന്നത് എന്ന വിമർശനം ഉയരുന്നുണ്ടെങ്കിലും സെൻകുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം സെന്‍കുമാറിനെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത് വിവാദമായിരുന്നു. പോലീസ് ആസ്ഥാനത്തെ പബ്ലിക് ഗ്രീവെന്‍സസ് സെല്‍ എ.ഐ.ജി. വി. ഗോപാല്‍ കൃഷ്ണന്റെ പരാതിയിലാണ് സെന്‍കുമാറിനെതിരേ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതിക്ക് ഉത്തരവിട്ടത്. പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പലായിരിക്കെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയിലാണ് സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

പരാതികളെത്തുടര്‍ന്നാണ് ഗൺമാൻ അനില്‍ കുമാറിനെ മാറ്റിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാൽ ഏറെക്കാലമായി ഒപ്പമുള്ള, അടുത്ത വ്യക്തിബന്ധമുള്ള അനിലിനെ മാറ്റുകവഴി സെൻകുമാറിനെ സമ്മർദ്ദത്തിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.