കോടിയേരിക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുക്കണമെന്ന് കുമ്മനം

ചോറിങ്ങും കൂറങ്ങും എന്ന നിലപാട് കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാറ്റിയിട്ടില്ലെന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രാജ്യത്തിനു ഭീഷണിയാണെന്ന നിലപാട് ശരിവെക്കുന്നതാണ് കോടിയേരിയുടെ പ്രസ്താവനയെന്നും കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി.

കോടിയേരിക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുക്കണമെന്ന് കുമ്മനം

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുകയാണെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കുമ്മനം. ഇന്ത്യയോടാണോ ചൈനയോടാണോ കൂറ് എന്ന് സിപിഐഎം വ്യക്തമാക്കണമെന്നും ദേശദ്രോഹ ശക്തികൾക്ക് കുടപിടിക്കുന്ന സിപിഐഎം നേതാവിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

മാതൃരാജ്യത്തെ സ്നേഹിക്കാൻ കഴിയില്ലെങ്കിൽ കൊടിയേരിയെപോലുള്ളവർ അവരുടെ സ്വാപ്ന നാട്ടിലേക്ക് പോകാൻ തയ്യാറാവണം. ചൈന ഭകതന്മാർക്ക് അതാണ് നല്ലത്. ഇന്ത്യ ചൈന ബന്ധം വഷളായിരിക്കുന്ന സമയത്ത് സിപിഐഎം നേതാവ് ചൈനീസ് അനുകൂല നിലപാട് സ്വീകരിച്ചു എന്നത് ഗൗരവമുള്ള കാര്യമാണ്. പാക്കിസ്ഥാനെക്കാൾ രാജ്യം ഭീഷണി നേരിടുന്നത് ചൈനയിൽ നിന്നാണെന്ന് കരസേനാ മേധാവി തന്നെ സ്ഥിരീകരിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഉത്തരവാദിത്വപ്പെട്ട പ്രിസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറി ശത്രു രാജ്യത്തിനു വേണ്ടി സംസാരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി.

രാജ്യത്തിനകത്ത് നിന്ന് രാജ്യത്തെ ശിഥിലമാക്കാനാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ശ്രമിച്ചട്ടുള്ളത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ ജനാധിപത്യം സ്വീകരിച്ചതുപോലും അതിനായിരുന്നെന്നും കുമ്മനം പറഞ്ഞു. ചോറിങ്ങും കൂറങ്ങും എന്ന നിലപാട് കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാറ്റിയിട്ടില്ലെന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രാജ്യത്തിനു ഭീഷണിയാണെന്ന നിലപാട് ശരിവെക്കുന്നതാണ് കോടിയേരിയുടെ പ്രസ്താവനയെന്നും കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി.

Read More >>