പാലക്കാട്ടെ മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന 27 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ കയ്യേറി

യാക്കര വില്ലേജിലെ 77 ഏക്കറില്‍ നിന്നും അമ്പത് ഏക്കറാണ് മെഡിക്കല്‍ കോളേജിന് വേണ്ടി പട്ടികജാതി വകുപ്പിന് കൈമാറിയിരുന്നത്. ഇതില്‍ ബാക്കി വരുന്ന 27 ഏക്കറാണ് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്.

പാലക്കാട്ടെ മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന 27 ഏക്കര്‍  സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ കയ്യേറി

പാലക്കാട് മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന 27 ഏക്കര്‍ സ്ഥലം രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പടെയുള്ള ഉന്നതര്‍ കയ്യേറി. മെഡിക്കല്‍ കോളേജിന് റവന്യു വകുപ്പ് നല്‍കിയ അമ്പത് ഏക്കര്‍ സ്ഥലത്തിനൊപ്പം ബാക്കിയുള്ള സ്ഥലമാണ് ഭരണപ്രതിപക്ഷ ഭേദമെന്യ ചില രാഷ്ട്രീയനേതാക്കള്‍ ബിനാമികളുടെ പേരില്‍ കയ്യേറിയത്. യാക്കര വില്ലേജിലെ 77 ഏക്കറില്‍ നിന്നും അമ്പത് ഏക്കറാണ് മെഡിക്കല്‍ കോളേജിന് വേണ്ടി പട്ടികജാതി വകുപ്പിന് കൈമാറിയിരുന്നത്. ഇതില്‍ ബാക്കി വരുന്ന 27 ഏക്കറാണ് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ 25 ഏക്കര്‍ സ്ഥലം മാത്രമാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും അന്നത്തെ ചില റവന്യു ഉദ്യോഗസ്ഥര്‍ പട്ടികജാതി വകുപ്പിന്റെ താല്‍പ്പര്യപ്രകാരം കൂടുതല്‍ സ്ഥലം അനുവദിക്കുകയായിരുന്നു. നഷ്ടപ്പെട്ട സ്ഥലം വീണ്ടെടുക്കുന്നതിന് വേണ്ടി ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം ഇവിടെ സര്‍വേ നടപടികള്‍ തുടങ്ങി.

മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് ബാക്കിയുള്ള സ്ഥലങ്ങള്‍ ചില സ്വകാര്യ വ്യക്തികള്‍ കൈയേറി റിയല്‍ എസ്സ്റ്റേറ്റ് കച്ചവടം നടത്തുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. മെഡിക്കല്‍ കോളേജ് വന്നതോടെ ഈ പ്രദേശത്തെ സ്ഥലത്തിന് പൊന്നും വിലയായതും റവന്യുവകുപ്പില്‍ തന്നെ ചില ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതും വഴി സര്‍ക്കാര്‍ സ്ഥലം പലരിലുമായി എത്തിചേരുകയായിരുന്നു. കോടികള്‍ വിലമതിയ്ക്കുന്ന സ്ഥലമാണ് ഇങ്ങിനെ റിയല്‍എസ്‌റ്റേറ്റ് മാഫിയയുടെ കയ്യില്‍ എത്തിയിട്ടുള്ളത്. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയഭേദമെന്യ ഉന്നത നേതാക്കള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപണം ഉള്ളതിനാല്‍ ഇപ്പോള്‍ നടക്കുന്ന സര്‍വേ പൂര്‍ത്തിയായാലും സ്ഥലം തിരിച്ചെടുക്കാന്‍ നടപടിയെടുക്കുമോ എന്ന കാര്യത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും മറ്റും ആശങ്കയുണ്ട്.

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് റവന്യൂ വകുപ്പ് കഞ്ചിക്കോട്ടെ ഐടിഐക്ക് ഒന്നേമുക്കാല്‍ കോടി രൂപ ഈടാക്കി 77 ഏക്കര്‍ സ്ഥലം കൈമാറിയിരുന്നു.അവര്‍ ഈ സ്ഥലം ഉപയോഗിക്കാത്തതിനാല്‍ റവന്യൂ വകുപ്പ് തുക തിരിച്ചു നല്‍കി സ്ഥലം തിരിച്ചെടുക്കുകയും മെഡിക്കല്‍ കോളജിന് ഇതില്‍ നിന്നും അന്‍പതേക്കര്‍ നാല് വര്‍ഷം മുന്‍പ് നല്‍കുകയാണുണ്ടായത് .കുറെ സ്ഥലം മെഡിക്കല്‍ കോളജ് ഹോസ്റ്റലിന് ഉപയോഗപ്പെടുത്തി.പിന്നീട് ഇവിടെ രണ്ടേക്കറോളം സ്ഥലത്തു സിന്തറ്റിക് ട്രാക്കും, രണ്ടേക്കറിലധികം സ്ഥലത്തു കെഎസ്ഇബി സബ്‌സ്റ്റേഷനും പണിതിട്ടുണ്ട്. ഈ രണ്ട് നിര്‍മ്മാണങ്ങളും റവന്യൂവകുപ്പില്‍ നിന്നും ഒരു അനുമതിയും വാങ്ങാതെയാണ് നടത്തിയിട്ടുള്ളത്. റിയല്‍ എസ്‌റ്റേറ്റ് മാഫിയ കയ്യേറിയ സ്ഥലത്ത് നിന്നും സര്‍ക്കാര്‍ ഭൂമിയല്ലെന്ന വിധത്തില്‍ മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിന് വേണ്ടി മണ്ണ് കുഴിച്ചെടുത്തതോടെ കോളേജിനോട് ചേര്‍ന്നുള്ള സ്ഥലം കാണാതായതിന് പുറകെ മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തോട് നടന്ന അഴിമതികളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. കോളേജ് നിര്‍മ്മാണത്തോട് അനുബന്ധിച്ച് നേരത്തെ പുറത്തുവന്നിട്ടുള്ള കോടികളുടെ അഴിമതികളടെ കഥകള്‍ക്ക് ശേഷമാണ് പുതിയ വിവരങ്ങള്‍ വരുന്നത്.

പെരുമ്പാവൂര്‍സ്വദേശിയായ കരാറുകാരന്‍ 360 കോടിക്കാണ് മെഡിക്കല്‍ കോളജ് നിര്‍മ്മാണ കരാര്‍ എടുത്തിരുന്നത്. 50 കോടിയോളം രൂപ സര്‍ക്കാര്‍ കുടിശിഖ വരുത്തിയതിന്റെ പേരില്‍ കരാറുകാരന്‍ കെട്ടിടനിര്‍മ്മാണം നിര്‍ത്തി വെച്ച സംഭവം നേരത്തെയുണ്ടായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാന്‍ സമീപത്തെ നെല്‍പാടങ്ങളില്‍ അനധികൃതമായി ജെസിബി കൊണ്ട് കുഴിയെടുത്താണ് മണ്ണ് കരാറുകാരന്‍ കൊണ്ട് വന്നിരുന്നത്. ലക്ഷകണക്കിന് രൂപ വിലമതിക്കുന്ന മണ്ണാണ് ഇയാള്‍ കടത്തിയത്. അന്ന് ജിയോളജി, റവന്യു ഉദ്യോഗസ്ഥരെല്ലാം ഇത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

യാക്കര വില്ലേജ് രേഖപ്രകാരം ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഒന്നര ഏക്കറിലാണ് മണ്ണ് ഖനനം നടത്തിയിട്ടുള്ളത്. റവന്യൂ പുറമ്പോക്കില്‍ നിന്നും മണ്ണെടുക്കാന്‍ ജിയോളജിവകുപ്പിന്റെ അനുമതി വേണം. പുറമെ ലക്ഷങ്ങള്‍ റോയല്‍റ്റി കെട്ടിവെക്കണം. ഇതൊന്നും ചെയ്യാതെയാണ് കരാറുകാര്‍ മണ്ണ് ഖനനം നടത്തിയത്. മെഡിക്കല്‍ കോളജ് നിര്‍മ്മാണത്തിന് വേണ്ട അസംസ്‌കൃതവസ്തുക്കള്‍ കരാറുകാരന്‍ പുറത്തു നിന്ന് കൊണ്ടുവരണമെന്ന വ്യവസ്ഥ ലംഘിച്ചിട്ടുമുണ്ട്. അനുവാദമില്ലാതെനെല്‍വയല്‍ കുഴിച്ചു മണ്ണെടുത്തതിന് മോഷണ കുറ്റം ചുമത്തി കേസെടുക്കാന്‍ റവന്യൂ വകുപ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Read More >>