പഴശ്ശി സാഗർ ജലവൈദ്യുത പദ്ധതിക്ക് അനുമതി; ലക്ഷ്യമിടുന്നത് പ്രതിവർഷം 25.16 മില്യണ്‍ യൂണിറ്റ് വൈദ്യുതി

ജലസേചന പദ്ധതിയ്ക്കായി നിർമിച്ച അണക്കെട്ടിനെ ഇപ്പോൾ പ്രധാനമായും കുടിവെള്ള പദ്ധതി എന്ന നിലയിലാണ് ഉപയോഗിക്കുന്നത്. ജൂൺ മുതൽ നവംബർ വരെയുള്ള ആറുമാസക്കാലം വളപട്ടണം പുഴയിലേക്ക് ഒഴുക്കിക്കളയുന്ന വെള്ളം ഉപയോഗിച്ച് പ്രതിവർഷം 25.16 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് പഴശ്ശി സാഗർ ജലവൈദ്യുത പദ്ധതി ലക്ഷ്യമിടുന്നത്.

പഴശ്ശി സാഗർ ജലവൈദ്യുത പദ്ധതിക്ക് അനുമതി; ലക്ഷ്യമിടുന്നത് പ്രതിവർഷം 25.16 മില്യണ്‍ യൂണിറ്റ് വൈദ്യുതി

കണ്ണൂർ പഴശ്ശി പദ്ധതി പ്രദേശത്ത് ആരംഭിക്കാനിരിക്കുന്ന പഴശ്ശി സാഗർ ജലവൈദ്യുത പദ്ധതിക്ക് സർക്കാർ അനുമതി നൽകി. ജലവിഭവ വകുപ്പ് എൻ ഓ സി നല്കിയതോടെയാണിത്. നേരത്തെ പദ്ധതിക്ക് വൈദ്യുതിവകുപ്പും ജലവിഭവവകുപ്പും തത്ത്വത്തില്‍ ധാരണയായെങ്കിലും വൈദ്യുതി ഉത്പാദനത്തിനായി സംഭരണിയുടെ ഷട്ടറുകള്‍ എല്ലാ സമയവും അടച്ചിട്ടാൽ ഉണ്ടാകാനിടയുള്ള സുരക്ഷാ പ്രശ്നം സംബന്ധിച്ചുള്ള ചർച്ചകൾ നീണ്ടുപോയതാണ് എൻ ഓ സി നൽകുന്നതിനുള്ള തടസ്സമായത്.

ജലസേചന പദ്ധതിയ്ക്കായി നിർമിച്ച അണക്കെട്ടിനെ ഇപ്പോൾ പ്രധാനമായും കുടിവെള്ള പദ്ധതി എന്ന നിലയിലാണ് ഉപയോഗിക്കുന്നത്. ജൂൺ മുതൽ നവംബർ വരെയുള്ള ആറുമാസക്കാലം വളപട്ടണം പുഴയിലേക്ക് ഒഴുക്കിക്കളയുന്ന വെള്ളം ഉപയോഗിച്ച് പ്രതിവർഷം 25.16 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് പഴശ്ശി സാഗർ ജലവൈദ്യുത പദ്ധതി ലക്ഷ്യമിടുന്നത്.

സംഭരണിയില്‍ 19.50 മീറ്റര്‍ വെള്ളം ഉണ്ടെങ്കില്‍ പോലും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന വിധത്തിലാണ് കെ.എസ്.ഇ.ബി. പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സംഭരണിയില്‍നിന്ന് 80മീറ്റര്‍ നീളത്തില്‍ വലിയ തുരങ്കം നിര്‍മ്മിച്ച് അവിടെനിന്നു ചെറിയ മൂന്ന് തുരങ്കം വഴി പവര്‍ ഹൗസിലേക്ക് വെള്ളമെത്തിച്ചാണ് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുക. ജലവിഭവവകുപ്പിന് കീഴിലുള്ള പഴശ്ശി പദ്ധതിയുടെ 3.05 ഹെക്ടര്‍ സ്ഥലമാണ് ഇതിനായി ഉപയോഗപ്പെടുത്തുക. പദ്ധതിക്ക് 79.85 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

പഴശ്ശി പദ്ധതിയില്‍നിന്നു കനാല്‍വഴി വെള്ളം വിടാനുള്ള പ്രവര്‍ത്തനങ്ങള്‍ ജലസേചന വിഭാഗവും ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കിവരികയാണ്. അടുത്തവര്‍ഷം സെപ്റ്റംബറോടെ മെയിന്‍ കനാല്‍ വഴി വെള്ളം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പദ്ധതിയുടെ മെയിന്‍ കനാല്‍ വഴിയും കനാല്‍ വഴിയും വെള്ളം എത്തിക്കാന്‍ കഴിഞ്ഞാല്‍ ജില്ലയുടെ പകുതിയോളം പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം ഉണ്ടാകും.

പഴശ്ശി സാഗർ ജലവൈദുത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനായി ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിയുടെ ഓഫിസ് പഴശ്ശി സാഗർ ജലവൈദുത പദ്ധതി ഓഫിസ് എന്ന് പുനർനാമകരണം ചെയ്ത് മട്ടന്നൂർ ചാവശ്ശേരിയിലേക്ക് മാറ്റി. പദ്ധതിപ്രദേശത്ത് ഉടന്‍ സൈറ്റ് ഓഫിസ് തുറക്കാനാണ് കെഎസ്ഇബി ഒരുങ്ങുന്നത്.