വിഴിഞ്ഞത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനു മന്ത്രിസഭാ തീരുമാനം; ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ അന്വേഷിക്കും

വിഴിഞ്ഞം കരാര്‍ സംസ്ഥാന താത്പര്യത്തിനു വിരുദ്ധമാണെന്നും കരാര്‍ കാലാവധി 40 വര്‍ഷമാക്കിയത് സംസ്ഥാന താത്പര്യം ഹനിക്കുന്നതും നിയമവിരുദ്ധവുമാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായ കമ്മിഷനെ അന്വേഷണത്തിനു നിയോഗിച്ചത്. ആറു മാസമാണ് കമ്മിഷന്റെ കാലാവധി

വിഴിഞ്ഞത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനു മന്ത്രിസഭാ തീരുമാനം;  ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ അന്വേഷിക്കും

വിഴിഞ്ഞം കരാര്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിനു മന്ത്രിസഭാ തീരുമാനം. റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കരാറിനെക്കുറിച്ച് അന്വേഷിക്കും. ആറുമാസത്തിനകം അന്വേഷണം പൂര്‍ത്തീകരിക്കാനാണ് തീരുമാനം.

ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങള്‍ പിന്നീട് തീരുമാനിക്കും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കരാറിനെക്കുറിച്ച് സിഎജി റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനം ഉണ്ടായതോടെയാണ് പിണറായി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിനു തീരുമാനിച്ചത്. വിഴിഞ്ഞം കരാറിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവമുള്ളതാണെന്നും ജുഡീഷ്യല്‍ അന്വേഷണം പരിഗണനയിലാണെന്നും മുഖ്യമന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു.

സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ കരാര്‍ അദാനി ഗ്രൂപ്പിനു വന്‍ ലാഭം ഉണ്ടാക്കിക്കൊടുക്കുന്നതാണെന്നും നിയമസഭയില്‍ വെച്ച സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കരാറിലൂടെ അദാനിയ്ക്ക് 29217 കോടിയുടെ അധികലാഭം ഉണ്ടാക്കിക്കൊടുത്തെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 30 വര്‍ഷമെന്ന കണ്‍സ്ട്രക്ഷന്‍ കാലാവധിയാണ് അട്ടിമറിച്ചത്. 20 വര്‍ഷം കൂടി അധികം നല്‍കാമെന്ന വ്യവസ്ഥ ചട്ടവിരുദ്ധമാണ്. ഓഹരിഘടനയിലെ മാറ്റം സര്‍ക്കാരിന് കനത്ത നഷ്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.

ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പ് സിഎജി ചോദിച്ച സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ പോലും സംസ്ഥാന സര്‍ക്കാരിനോ തുറമുഖ കമ്പനിക്കോ കഴിഞ്ഞില്ലെന്നുളള വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്. 40 വര്‍ഷത്തെ കരാറില്‍ സംസ്ഥാനത്തിന് ലഭിക്കുന്നത് തുച്ഛമായ ലാഭം മാത്രമാണെന്നും ഒപ്പിട്ട കരാറില്‍ മാറ്റം വരുത്താനാവില്ലെന്നിരിക്കെ കൂടുതല്‍ ജാഗ്രത സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തണമെന്നും റിപ്പോര്‍ട്ട് പറഞ്ഞിരുന്നു.







Read More >>