ചിയേഴ്‌സ് പറഞ്ഞ് സര്‍ക്കാര്‍; പൂട്ടിയ ബാറുകള്‍ തുറക്കും; എല്‍ഡിഎഫ് മദ്യനയം പ്രഖ്യാപിച്ചു

നിയമതടസ്സമില്ലാതെ എല്ലാ ബാറുകള്‍ക്കും അനുമതി നല്‍കുന്നതാണ് പുതിയ മദ്യനയം. ദേശീയ പാതയോരങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതും സുപ്രീം കോടതി വിധി പ്രകാരം അടച്ചുപൂട്ടിയതുമായ ബാറുകള്‍ മാറ്റി സ്ഥാപിക്കാന്‍ അനുമതി നല്‍കും. ത്രീ സ്റ്റാറിനും അതിനു മുകളിലും ഉള്ള ഹോട്ടലുകളില്‍ കള്ള് വിതരണം ചെയ്യാന്‍ അനുമതി നല്‍കാനും നയത്തില്‍ വ്യവസ്ഥയുണ്ട്. ജൂലൈ ഒന്നിനു പുതിയ മദ്യനയം നിലവില്‍ വരും.

ചിയേഴ്‌സ് പറഞ്ഞ് സര്‍ക്കാര്‍; പൂട്ടിയ ബാറുകള്‍ തുറക്കും; എല്‍ഡിഎഫ് മദ്യനയം പ്രഖ്യാപിച്ചു

സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് എല്‍ഡിഎഫ് യോഗം അംഗീകാരം നല്‍കി. ത്രീ സ്റ്റാറിനും അതിനു മുകളിലുള്ള ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ലെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍, യുഡിഎഫിന്റെ മദ്യനയം സമ്പൂര്‍ണ പരാജയം ആയിരുന്നുവെന്നു ചൂണ്ടിക്കാട്ടി.

യുഡിഎഫ് മദ്യനയംമൂലം ലഹരി ഉപയോഗം കൂടി. മദ്യവര്‍ജനമാണ് ഇടതുമുന്നണിയുടെ നയം. സംസ്ഥാനത്തു കൂടുതല്‍ ലഹരിവിമോചന കേന്ദ്രങ്ങള്‍ തുറക്കും. ബാറുകള്‍ അടച്ചിട്ടതുമൂലം 40,000 തൊഴിലാളികള്‍ ദുരിതത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ, മദ്യനയത്തില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്ത് ആവശ്യമാണെന്നു സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നു എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ പുതിയ നയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് പുതിയ സമയം. ടൂറിസം മേഖലയില്‍ പ്രവര്‍ത്തനസമയം രാവിലെ 10 മുതല്‍ രാത്രി 11 വരെയാക്കി. മദ്യം ലഭിക്കാനുള്ള പ്രായപരിധി 21 വയസ്സില്‍ നിന്ന് 23 ആക്കി ഉയര്‍ത്തി. വിമാനത്താവളങ്ങളില്‍ രാജ്യാന്തര, ആഭ്യന്തര ലോഞ്ചുകളില്‍ വിദേശമദ്യം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആവശ്യമുള്ളവര്‍ക്ക് പ്രത്യേകം ഫീസീടാക്കി മദ്യം വിളമ്പാന്‍ അനുമതി നല്‍കും. ത്രീസ്റ്റാറിനും അതിനുമുകളിലുമുള്ള ഹോട്ടലുകള്‍ക്കു ശുദ്ധമായ കള്ളുവിതരണത്തിനു സൗകര്യം ഒരുക്കാന്‍ പുതിയ നയം വ്യവസ്ഥ ചെയ്യുന്നു. ടു സ്റ്റാര്‍ ഹോട്ടലില്‍ ബീയര്‍, വൈന്‍ പാര്‍ലര്‍ അനുവദിക്കും. പാരമ്പര്യ വ്യവസായമായ കള്ളിനു സര്‍ക്കാര്‍ സംരക്ഷണമൊരുക്കും. കള്ളുഷാപ്പുകളുടെ വില്‍പന മൂന്നുവര്‍ഷത്തില്‍ ഒരിക്കലാക്കും.കള്ളുഷാപ്പു ലേലത്തിനു തൊഴിലാളി സഹകരണ സംഘങ്ങള്‍ക്കു മുന്‍ഗണന നല്‍കാനും ചെത്തുതൊഴിലാളികളുടെ ക്ഷേമത്തിനു ടോഡി ബോര്‍ഡ് രൂപീകരിക്കാനും വ്യവസ്ഥയുണ്ട്.

ഷാപ്പുലേലത്തിനു മുന്‍വര്‍ഷത്തെ ഉടമകളെയും പരിഗണിക്കും. ക്ഷേമനികുതി കുടിശിക വരുത്തിയവര്‍ക്കു ലൈസന്‍സ് നല്‍കില്ലെ്ന്ന് നയം വ്യക്തമാക്കുന്നു. ബാറുകളിലും കള്ളുഷാപ്പുകളിലും ശുചിത്വത്തിനു ആധുനികസൗകര്യങ്ങള്‍ ഉറപ്പു വരുത്തും. പാതയോരത്തെ മദ്യശാലകളെപ്പറ്റിയുള്ള സുപ്രീം കോടതി ഉത്തരവു പാലിക്കും.

അബ്കാരി ചട്ടങ്ങളില്‍ കാലാനുസൃത മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മദ്യനിരോധനത്തെപ്പറ്റി ബിഷപ്പുമാര്‍ പറയുന്നത് ആത്മാര്‍ഥമായാണെന്നും സംശയം തോന്നേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുര്‍ബാനയ്ക്ക് ആവശ്യമായ വൈന്‍ നല്‍കും. പാതയോര മദ്യനിരോധനത്തെ തുടര്‍ന്നു പൂട്ടിയവ അതതു താലൂക്കുകളില്‍ മാറ്റി സ്ഥാപിക്കാനുള്ള അനുമതി നല്‍കാനും വ്യവസ്ഥയുണ്ട്.