കോൺസൺട്രേഷൻ ക്യാംപുകളെ വെല്ലും കേരള വർമയിലെ ലേഡീസ് ഹോസ്റ്റൽ; വിവേചന വിലക്കുകൾക്കെതിരെ അഞ്ജിതയുടെ ഒറ്റയാൾ പോരാട്ടം

കാന്റീനിൽ പോലും നൽകാത്ത നോൺ വെജ് ഭക്ഷണം എങ്ങനെയാണ് ഹോസ്റ്റലിൽ നൽകുക എന്നതാണ് കോളേജ് അധികൃതരുടെ ചോദ്യം. അത് കോളേജിന്റെ സംസ്കാരവും പൈതൃകവുമായി ബന്ധപ്പെട്ട കാര്യമാണത്രെ. 'സരസ്വതി ക്ഷേത്രം മാംസാഹാരം വിളമ്പി മലിനമാക്കുന്നതെങ്ങനെ' എന്ന ആശങ്കയെ എത്ര മൃദുവായാണ് നമ്മുടെ അധ്യാപകലോകം ഒളിച്ചു കടത്തുന്നത്.

കോൺസൺട്രേഷൻ ക്യാംപുകളെ വെല്ലും കേരള വർമയിലെ ലേഡീസ് ഹോസ്റ്റൽ; വിവേചന വിലക്കുകൾക്കെതിരെ അഞ്ജിതയുടെ ഒറ്റയാൾ പോരാട്ടം

തൃശൂർ കേരള വർമ്മ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായ അഞ്ജിത ജോസ് സംസാരിക്കുന്നത് അവൾക്കു വേണ്ടി മാത്രമല്ല, അവിടത്തെ മുഴുവൻ പെൺകുട്ടികൾക്കും കൂടി വേണ്ടിയാണ്. ആ ബോധ്യങ്ങളുള്ളത് കൊണ്ടാവണം നിരന്തരം തങ്ങളുടെ പരാതികൾ കോളേജ് അധികൃതരും ഹോസ്റ്റൽ അധികൃതരും അവഗണിച്ചിട്ടും ഒറ്റക്ക് കോടതിയിൽ ഒരു റിട്ട് ഫയൽ ചെയ്യാൻ അഞ്ജിത തയ്യാറായത്. പെൺകുട്ടികളുടെ കോളേജ് ഹോസ്റ്റലിലെ നിരോധനങ്ങൾക്കും നിബന്ധനകൾക്കുമെതിരെ തുടർച്ചയായി അഞ്ജിതയും സുഹൃത്തുക്കളും കൊടുത്ത പരാതികൾക്കൊന്നും നടപടി ഉണ്ടായില്ല. കോളേജ് കോമ്പൗണ്ടിനുള്ളിൽ തന്നെ സ്ഥിതി ചെയ്യുന്ന ലേഡീസ് ഹോസ്റ്റലിലെ വിലക്കുകൾ ഏറെയാണ് എന്ന് അഞ്ജിത പറയുന്നു. ഇതെല്ലാം പെൺകുട്ടികളുടെ ഹോസ്റ്റലിൽ മാത്രമുള്ളവയാണെന്നും അഞ്ജിത കൂട്ടിച്ചേർക്കുന്നു.

3.30 ഓടെ കഴിയുന്ന ക്ലാസുകൾക്ക് ശേഷം 4.30 ഓടെ കുട്ടികൾ ഹോസ്റ്റലിൽ കയാണമെന്നാണ് നിയമം. ഈ സമയത്തിനു ശേഷം ക്യാമ്പസിൽ പോലും ഇരിക്കാൻ പെൺകുട്ടികളെ അനുവദിക്കുന്നില്ല. 3.30 വരെയുള്ള ലൈബ്രറി സമയം കൂട്ടണം എന്ന കുട്ടികളുടെ ആവശ്യം പോലും മാനേജ്മെന്റ് ഇതുവരെ അംഗീകരിച്ചിട്ടില്ല എന്ന് വിദ്യാർത്ഥികൾ പറയുന്നു. മുൻകൂട്ടി അനുമതി വാങ്ങിയ ശേഷം ചൊവ്വ,വ്യാഴം,ശനി എന്നീ ദിവസങ്ങളിൽ 3.30 മുതൽ 6 മണി വരെ മാത്രമാണ് ഹോസ്റ്റലിനു പുറത്ത് പോകാനാവുക. തിരിച്ചു വരാൻ അഞ്ചു മിനുട്ടെങ്കിലും വൈകിയാൽ ഇരുപത്തഞ്ചു രൂപ ഫൈൻ നൽകണം. കോളേജ് ഹോസ്റ്റലിനുള്ളിൽ സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം ധരിക്കാൻ പോലും തങ്ങൾക്കനുവാദമില്ലെന്ന് അഞ്ജിത പറയുന്നു. മെൻസ് ഹോസ്റ്റലിൽ നോൺ വെജ് ഉൾപ്പടെയുള്ള ഭക്ഷണം നൽകുമ്പോൾ ലേഡീസ് ഹോസ്റ്റലിലെ അന്തേവാസികൾക്ക് വെജിറ്റേറിയൻ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഐ.എഫ്.എഫ്.കെയിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം ഹോസ്റ്റലിൽ നിന്ന് പോയ വിദ്യാർഥിനികളെ പുറത്താക്കാനും കോളേജിൽ നീക്കമുണ്ടായി എന്ന് അഞ്ജിത പറയുന്നു.

ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് അഞ്ജിത പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂർണ്ണ രൂപം

''കൂട്ടിൽ ഇട്ടു വളർത്തേണ്ട തത്തകളല്ല ഞങ്ങൾ പെണ്കുട്ടികൾ. തത്തമ്മേ, പൂച്ച പൂച്ച എന്ന പോലെ നിങ്ങൾ ഓതുന്ന ഏത് നിയമവും വാ തൊടാതെ വിഴുങ്ങാൻ ഞങ്ങൾ ഒരുക്കവുമല്ല.തൃശൂർ കേരളവർമ്മ കോളേജിലെ ഗേൾസ് ഹോസ്റ്റൽ അക്ഷരാർത്ഥത്തിൽ ഒരു ജയിൽ തന്നെയാണ്. ഏതൊരു പൗരനും ലഭിക്കേണ്ട മൗലികമായ അവകാശങ്ങൾ പോലും നിഷേധിച്ചു കൊണ്ടാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. ഹോസ്റ്റലിൽ രാഷ്ട്രീയം പാടില്ല. ഒരു ജനാധിപത്യ രാജ്യത്തിൽ എങ്ങനെയാണ് ഒരു പൗരന് രാഷ്ട്രീയം പാടില്ല എന്നവർ ആജ്ഞാപിക്കുന്നത്! സോ കോൾഡ് നല്ല പെണ്കുട്ടികളുടെ വാർപ്പുകളിൽ ഒതുങ്ങുന്നവർക്ക് മാത്രമേ ഒരു ഭയവും കൂടാതെ ഹോസ്റ്റലിൽ കഴിയാനാവൂ. സാധാരണ ദിവസങ്ങളിൽ നാലരയാണ് ഹോസ്റ്റലിൽ കയറാൻ ഉള്ള സമയം. അതിനു മുമ്പ് കോളേജ് വിട്ടു പുറത്തു പോവാൻ അനുവാദമില്ല. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ 3.30 തൊട്ടു 6 വരെ മുൻകൂട്ടി അനുവാദം വാങ്ങിയാൽ പുറത്തു പോവാം. ഈ പരിധികൾക്കുള്ളിൽ ഒതുങ്ങിയില്ലെങ്കിൽ അച്ചടക്കനടപടികൾ വേറെ. രാത്രിയോടു കൂടി എല്ലാ ബ്ലോക്കുകളും പൂട്ടും. ഹോസ്റ്റൽ ഗേറ്റ്‌ പൂട്ടുന്നതിനു പുറമേ ആണ് ഇത്. ഞങ്ങൾ മനുഷ്യരോ, ആടുമാടുകളോ?ആരെയാണവർ അച്ചടക്കം പഠിപ്പിക്കാൻ ശ്രമിക്കുന്നത്?പല സംഘടനകളും ഈ വിഷയം പ്രിൻസിപ്പാളിന്റെ അടക്കം മുന്നിൽ എത്തിച്ചിട്ടും നിഷ്‌ക്രിയത്വം ആയിരുന്നു മറുപടി. ഭയരഹിതമായി സഞ്ചരിക്കാനും, എതിർപ്പ് പ്രകടിപ്പിക്കുവാനുമുള്ള മൗലികാവകാശം പോലും അനുവദിക്കാത്ത ഈ വ്യവസ്ഥയ്ക്ക് എതിരെ ഇനി നിയമപരമായി മുന്നോട്ടു പോവാനാണ് ഞങ്ങളുടെ തീരുമാനം. Your Lawyer Friend ന്റെ സഹായത്തോടെ ഹൈക്കോടതിയിൽ ഇതിനകം തന്നെ റിട്ട് പെറ്റിഷൻ ഫയൽ ചെയ്തിട്ടുണ്ട്. നിങ്ങൾ ഒപ്പമുണ്ടാവണം. ഈ അവകാശനിഷേധത്തിനു നേരെ ശബ്ദമുയർത്തണം. വിലങ്ങുകൾ ഇല്ലാതെ, മനുഷ്യരായി ജീവിക്കാൻ ഉള്ള അവകാശത്തിനു വേണ്ടിയാണ് ഞങ്ങൾ പോരാടുന്നത്.#LetsClaimOurRights #Breakthecurfew

2015 മാർച്ച് മാസത്തിൽ തിരുവനന്തപുരം സി.ഇ.റ്റി യിലെ പെൺകുട്ടികൾ ഇത്തരത്തിലൊരു ആവശ്യം ഉന്നയിച്ച് മുന്നോട്ട് വന്നിരുന്നു. വൈകുന്നേരം ആറര മണി വരെയുള്ള ഹോസ്റ്റൽ സമയം കൂട്ടി അവിടത്തെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നത് വരെ 9 മണിയാക്കുന്നതിനും അതിനു ശേഷം 24 മണിക്കൂർ ക്യാമ്പസ് ആക്കി മാറ്റി പെൺകുട്ടികൾക്കും പൂർണ്ണ സ്വാതന്ത്ര്യത്തോടെ ഇടപെടാൻ അവസരം ഉണ്ടാക്കുന്നതിനും വേണ്ടിയാണ് ബ്രേക്ക് ദി കർഫ്യൂ എന്ന് പേരിട്ടിരുന്ന ആ മൂവ്മെന്റ് നടത്തിയത്. കുട്ടികളുടെ നിരന്തരവും സർഗ്ഗാത്മകവുമായ ഇടപെടലുകളിലൂടെ അവർ തങ്ങളുടെ ആവശ്യം അന്ന് നേടിയെടുത്തിരുന്നു.

ഇന്ന് സി.ഇ.റ്റിക്ക് പകരം കേരളവർമ്മയിലേക്ക് വരുമ്പോൾ അവകാശങ്ങൾക്കായി പെൺകുട്ടികൾക്ക് നിയമസഹായം തേടേണ്ടി വരുന്ന കാഴ്ചയാണ് കാണുന്നത്. Your lawyer friend (YLF) ന്റെയും ലീഗൽ കളക്റ്റീവ് ഫോർ സ്റ്റുഡന്റസ് റൈറ്റ്സ് എന്ന കൂട്ടായ്മയുടെയും പിന്തുണയോടെയാണ് അഞ്ജിത റിട്ട് ഫയൽ ചെയ്തിരിക്കുന്നത്. കോളേജ് യൂണിയൻ അഞ്ജിതയുടെ നിയമ പോരാട്ടത്തിന് പൂർണ്ണ പിന്തുണയുമായി കൂടെയുണ്ട്. റിട്ടിൽ കക്ഷി ചേരാനും തങ്ങൾക്ക് താൽപര്യമുണ്ടെന്ന് അവർ അറിയിച്ചതായി അഞ്ജിത പറയുന്നു. രണ്ടു ദിവസങ്ങൾക്കു മുൻപ് കുറച്ചു കുട്ടികളുടെ രക്ഷിതാക്കളെ മാത്രം വിളിച്ചു കൂട്ടിയൊരു പി.റ്റി.എ മീറ്റിങ് നടത്തിയിരുന്നു എന്നും അങ്ങനെയൊരു മീറ്റിങ്ങിനെ കുറിച്ച് താനുൾപ്പടെ അവിടത്തെ ഭൂരിഭാഗം വിദ്യാർത്ഥികളും അറിഞ്ഞിട്ടില്ലെന്നും അഞ്ജിത പറയുന്നു.

എന്നാൽ ഇതിനെക്കുറിച്ച് കോളേജ് പ്രിൻസിപ്പൽ ആയ ലത ടീച്ചർ പറയുന്നത് അവിടെ അങ്ങനെയൊരു മീറ്റിങ് നടന്നിട്ടില്ലെന്നും ക്രിസ്മസ് അവധിക്കു ശേഷം കോളേജിൽ കുട്ടികളെ ആക്കുവാൻ വന്ന രക്ഷകർത്താക്കളോട് അധ്യാപകർ സംസാരിക്കുക മാത്രമാണ് ചെയ്തത് എന്നുമാണ്. മറ്റേതൊരു ഹോസ്റ്റലിലും ഉള്ളത് പോലെ കുട്ടികളുടെ സുരക്ഷയെ കരുതിയുള്ള നിയമങ്ങളും നിബന്ധനകളും മാത്രമാണ് അവിടെയുമുള്ളത് എന്നും പ്രിൻസിപ്പൽ പറയുന്നു. പി.റ്റി.എ മീറ്റിങ് കൂടി രക്ഷകർത്താക്കളുടെ അഭിപ്രായം മാനിച്ചു നടപ്പിലാക്കിയവയാണ് ഇവയെല്ലാം എന്നും ഈ ആരോപണങ്ങളിൽ യാതൊരു കഴമ്പുമില്ലെന്നും ഒരു തരത്തിലുമുള്ള അസ്വാതന്ത്ര്യങ്ങൾ ക്യാമ്പസിനുള്ളിലോ ഹോസ്റ്റലിലോ ഇല്ലെന്നും ലത ടീച്ചർ പറയുന്നു

. ഇതേ കോളേജിലെ അധ്യാപികയും സ്ത്രീ പ്രശ്നങ്ങളിലെ നിരന്തര ശബ്ദവുമായ ദീപാ നിശാന്തിന്റെ അഭിപ്രായത്തിൽ ഹോസ്റ്റലിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക,ഹോസ്റ്റൽ സമയം 6 മണിയാക്കുക, അറ്റാച്ച്ഡ് ബാത്റൂമുകളും കൂടുതൽ ഹോസ്റ്റൽ കെട്ടിടങ്ങളും നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആദ്യം പരിഗണിക്കപ്പെടേണ്ടത്. നിലവിൽ അവർ ആരോപിക്കുന്ന പല കാര്യങ്ങളും വാസ്തവ വിരുദ്ധമാണെന്നും അവർ പറയുന്നു. ഹോസ്റ്റലിനുള്ളിൽ രാഷ്ട്രീയം പറയുന്നതിലൊന്നും യാതൊരു തടസവും ഇല്ലെന്നും ഐ.എഫ്.എഫ്.കെ കാണാൻ പോയ കുട്ടികൾ വീട്ടിൽ പോകുന്നു എന്ന് രജിസ്റ്ററിൽ എഴുതിയത് കൊണ്ടാണ് അവരെ ചോദ്യം ചെയ്തത് എന്നും കോളേജിലേക്ക് വരുന്ന കുട്ടികളിൽ തങ്ങൾക്കൊരു ഉത്തരവാദിത്തം ഉണ്ടെന്നും രക്ഷകർത്താക്കളോട് മറുപടി പറയേണ്ട ബാധ്യത ഉള്ളതിനാലാണ് ഇത്തരത്തിൽ ഇടപെടുന്നതെന്നും ദീപാ നിഷാന്ത് പറഞ്ഞു.

കോളേജ് ക്യാമ്പസിനുള്ളിൽ മാംസാഹാരം കൊണ്ട് വരാൻ പാടില്ലാത്തത് കൊണ്ടാണ് കോമ്പൗണ്ടിനുള്ളിലുള്ള ലേഡീസ് ഹോസ്റ്റലിലും നോൺ വെജ് ഭക്ഷണം നൽകാത്തത് എന്നും മെൻസ് ഹോസ്റ്റൽ ക്യാമ്പസിന് വെളിയിലായത് കൊണ്ടാണ് അവിടെ നോൺ വെജ് നൽകുന്നത് എന്നും ഹോസ്റ്റൽ വാർഡൻ കൂടിയായ സിന്ധു ടീച്ചർ പറയുന്നു. ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ച ശേഷം കുട്ടികൾക്ക് അത്യാവശ്യത്തിനു പുറത്ത് പോകാൻ അനുമതി നൽകാറുണ്ട് എന്നും ടീച്ചർ പറഞ്ഞു.

ഏതായാലും പെൺകുട്ടികൾ സംരക്ഷിക്കപ്പെടേണ്ടവരാണ് എന്ന ബോധത്തിന് കേരള വർമ്മയിലും മാറ്റമൊന്നുമില്ല. കാന്റീനിൽ പോലും നൽകാത്ത നോൺ വെജ് ഭക്ഷണം എങ്ങനെയാണ് ഹോസ്റ്റലിൽ നൽകുക എന്നതാണ് കോളേജ് അധികൃതരുടെ ചോദ്യം. അത് കോളേജിന്റെ സംസ്കാരവും പൈതൃകവുമായി ബന്ധപ്പെട്ട കാര്യമാണത്രെ. 'സരസ്വതി ക്ഷേത്രം മാംസാഹാരം വിളമ്പി മലിനമാക്കുന്നതെങ്ങനെ' എന്ന ആശങ്കയെ എത്ര മൃദുവായാണ് നമ്മുടെ അധ്യാപകലോകം ഒളിച്ചു കടത്തുന്നത്. ഏതായാലും അഞ്ജിതയുടെ കേസ് ജനുവരി 9ന് കോടതി പരിഗണിക്കുന്നുണ്ട്. മൗലികവകാശങ്ങൾക്കായി ഉയരുന്ന പെൺശബ്ദങ്ങൾക്ക് അഞ്ജിത ഒരു ഊർജ്ജമാകും എന്ന് പ്രത്യാശിക്കാം.

Read More >>