പീഡന പരാതി നല്‍കിയ വൈദിക വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ കഞ്ചാവ് കെണി; പിന്നില്‍ വൈദികന്‍

കഞ്ചാവ് ഒളിപ്പിച്ചുവെച്ചതിന് പിന്നില്‍ വൈദികനും കുടുംബവുമാണെന്ന് സംശയിക്കുന്നതായി പീഡനത്തിനിരയായ ബാലന്‍ നാരദാ ന്യൂസിനോട് പറഞ്ഞു. ഇക്കാര്യം കാണിച്ച് മുഖ്യമന്ത്രി, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ് തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയതായി ബാലന്‍ പറഞ്ഞു. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും ബാലന്‍ നാരദാ ന്യൂസിനോട് പറഞ്ഞു.

പീഡന പരാതി നല്‍കിയ വൈദിക വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ കഞ്ചാവ് കെണി; പിന്നില്‍ വൈദികന്‍

മുപ്പതിലധികം സെമിനാരി വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച വൈദികനെതിരെ പരാതി നല്‍കിയ സെമിനാരി വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി. സംഭവത്തിന് പിന്നില്‍ വൈദികനാണെന്ന് കാണിച്ച് പീഡനത്തിനിരയായ വിദ്യാര്‍ത്ഥി മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കി. കണ്ണൂര്‍ ജില്ലയിലെ ചന്ദനക്കാംപാറയില്‍ നിന്നാണ് തിങ്കളാഴ്ച രാവിലെ കഞ്ചാവ് പിടികൂടിയത്. പീഡനക്കേസില്‍ പ്രതിയായ കണ്ണൂര്‍ ജില്ലയിലെ ഒരു സെമിനാരിയില്‍ റെക്ടറായിരുന്ന വൈദികനാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം. കേസില്‍ നിയമനടപടി നേരിടുന്ന ഫാ. ജെയിംസ് തെക്കേമുറിയെന്ന ഇയാളെ സംഭവത്തിന് ശേഷം കത്തോലിക്ക സഭ പുറത്താക്കിയിരുന്നു. അതേ സമയം സംഭവത്തില്‍ ദുരൂഹതകളുള്ളതായി എക്സൈസ് സംഘവും പറഞ്ഞു. ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടക്കുന്നതായി ശ്രീകണ്ഠാപുരം എക്സൈസ് റെയ്ഞ്ച് ഓഫീസില്‍ നിന്ന് അറിയിച്ചു.

കഞ്ചാവ് ഒളിപ്പിച്ചുവെച്ചതിന് പിന്നില്‍ വൈദികനും കുടുംബവുമാണെന്ന് സംശയിക്കുന്നതായി പീഡനത്തിനിരയായ ബാലന്‍ നാരദാ ന്യൂസിനോട് പറഞ്ഞു. ഇക്കാര്യം കാണിച്ച് മുഖ്യമന്ത്രി, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ് തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയതായി ബാലന്‍ പറഞ്ഞു. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും ബാലന്‍ നാരദാ ന്യൂസിനോട് പറഞ്ഞു.


തിങ്കളാഴ്ച രാവിലെ അഞ്ചു മണിയോടെയാണ് ചന്ദനക്കാംപാറ ചാപ്പക്കടവ് അംഗന്‍വാടിക്ക് സമീപമുള്ള വൈദിക വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ പശുവിനെ കറക്കാനായി പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ കാണുന്നത് വീടിന് മുറ്റം നിറയെ എക്സൈസ് സംഘത്തെയാണ്. നിങ്ങളുടെ വീട്ടില്‍ കഞ്ചാവ് ഒളിപ്പിച്ചുവെച്ചതായി വിവരം ലഭിച്ചതായി എക്സൈസ് സംഘം ഗൃഹനാഥനെ അറിയിച്ചു. തുടര്‍ന്ന് വീടിന് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനത്തിന്റെ ലോക്കില്ലാത്ത ഡിക്കി തുറക്കാന്‍ ഇയാളോട് ആവശ്യപ്പെട്ടു. അതുപ്രകാരം ഡിക്കി തുറന്നപ്പോള്‍ എക്സൈസ് സംഘം അവിടെ നിന്ന് 1.2 കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. വിലങ്ങുമായാണ് സംഘം വീട്ടിലെത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇതിനെത്തുടര്‍ന്ന് വിവരമറിഞ്ഞ നാട്ടുകാര്‍ പ്രദേശത്ത് സംഘടിച്ചു. വളരെ മാന്യമായി ജിവിക്കുന്ന കുടുംബമാണെന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ എക്സൈസ് സംഘത്തെ അറിയിച്ചു. സെമിനാരി പീഡനക്കേസില്‍ പരാതിയുമായി രംഗത്തെത്തിയത് ഈ വിദ്യാര്‍ത്ഥിയാണെന്നും നാട്ടുകാര്‍ എക്സൈസിനെ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് ആരെയും അറസ്റ്റു ചെയ്യാതെ എക്സൈസ് സംഘം കഞ്ചാവും കഞ്ചാവ് കണ്ടെത്തിയ വാഹനവും കസ്റ്റഡിയിലെടുത്തു മടങ്ങി.

2016 ഒക്ടോബറിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനം കണ്ണൂരിലെ ഒരു സെമിനാരിയില്‍ നടന്നത്. സെമിനാരിയില്‍ റെക്ടറായിരുന്ന ഇരിട്ടിക്കടുത്ത് കാഞ്ഞിരക്കൊല്ലി സ്വദേശിയായ ഫാ. ജയിംസ് തെക്കേമുറിക്കെതിരെയാണ് പരാതിയുയര്‍ന്നത്. പരാതിയുമായി രംഗത്തുവന്നതോടെ ഈ വിദ്യാര്‍ത്ഥിക്കും കുടുംബത്തിനും നേരെ പല തവണ ഭീഷണികളുണ്ടായിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് കുടുംബം തങ്ങളുടെ സുരക്ഷയിലുള്ള ഉത്കണ്ഠ ചൂണ്ടിക്കാട്ടി പയ്യാവൂര്‍ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. കേസിനെത്തുടര്‍ന്ന് സഭ പുറത്താക്കിയെങ്കിലും വൈദികവൃത്തി നഷ്ടമായിട്ടില്ലാത്ത വൈദികന്‍ ഇപ്പോള്‍ താമസിക്കുന്നത് ചന്ദനക്കാംപാറയിലുള്ള സഹോദരിയുടെ വീട്ടിലാണെന്ന് പറയുന്നു. പരാതി നല്‍കിയ വൈദിക വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാത്രം ദൂരെയാണ് വൈദികന്‍ താമസിക്കുന്നത്. കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ വൈദികനെതിരെയാണ് പൊതുവായി ആരോപണമുയരുന്നത്. നാട്ടുകാര്‍ക്ക് പുറമേ ഡിവൈഎഫ്ഐ പോലുള്ള സംഘടനകളും രംഗത്തിറങ്ങിയിട്ടുണ്ട്.കേസന്വേഷിക്കുന്ന ശ്രീകണ്ഠാപുരം റെയ്ഞ്ച് എക്സൈസ് ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ദുരൂഹതകളുള്ളതായി സമ്മതിച്ചു. കഞ്ചാവ് പിടികൂടിയതിനെത്തുടര്‍ന്ന് സംഘടിച്ച നാട്ടുകാരുടെ മൊഴിയില്‍ നിന്ന് തന്നെ ഇത് വ്യക്തമായതിനാലാണ് അറസ്റ്റ് ഉണ്ടാകാതിരുന്നതെന്ന് റെയ്ഞ്ച് ഓഫീസര്‍ അറിയിച്ചു.

സെമിനാരി വിദ്യാര്‍ത്ഥിയാണ് കഞ്ചാവ് വില്‍പ്പന നടത്തുന്നതെന്നാണ് തങ്ങള്‍ക്ക് കഞ്ചാവിനെക്കുറിച്ച് വിവരം നല്‍കി ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. വാഹനത്തിന്റെ ഡിക്കിയിലാണ് കഞ്ചാവുള്ളതെന്നും ഡിക്കിക്ക് പൂട്ടില്ലെന്നും വളരെ കൃത്യമായ വിവരം ഇയാള്‍ നല്‍കിയത് തുടക്കത്തിലേ തന്നെ സംശയം ജനിപ്പിച്ചിരുന്നതായും എക്സൈസ് അറിയിച്ചു. ഇയാളുടെ ഫോണ്‍ കോളിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനായി നമ്പര്‍ സൈബര്‍ സെല്ലിന് കൈമാറിയതായും അദ്ദേഹം അറിയിച്ചു. പിടികൂടിയ കഞ്ചാവ് വടകര കോടതിയില്‍ ഹാജരാക്കിയതായും എക്സൈസ് ഓഫീസില്‍ നിന്ന് അറിയിച്ചു.തനിക്കെതിരെ പരാതി നല്‍കിയ വൈദിക വിദ്യാര്‍ത്ഥിയെ കുടുക്കാന്‍ വൈദികനും ബന്ധുവും കൂടി കഞ്ചാവ് കൊണ്ടുപോയി വെച്ചതാണെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം.

ഒരു കിലോയില്‍ താഴെ തൂക്കമുള്ള കഞ്ചാവ് പിടിച്ചാല്‍ സ്വമേധയാ ജാമ്യം ലഭിക്കുമെന്ന് അറിയാവുന്നതിനാലാണ് വാഹനത്തില്‍ 1.2 കിലോ തൂക്കം വരുന്ന കഞ്ചാവ് പൊതി വെച്ചതെന്നാണ് ആരോപണം. ഡി വൈ എഫ് ഐയുടെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഇതുസംബന്ധിച്ച സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതേസമയം സംഭവത്തിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മാസ് പെറ്റീഷന്‍ തയ്യാറാക്കി. 400 പേര്‍ ഒപ്പിട്ട പരാതി മുഖ്യമന്ത്രിക്കടക്കമുള്ളവര്‍ക്കാണ് നല്‍കുന്നത്.

പീഡന സംഭവം ഒതുക്കിത്തീര്‍ക്കാനായി വൈദികന്‍ 10 ലക്ഷം രൂപ വരെ വിദ്യാര്‍ത്ഥിക്ക് വാഗ്ദാനം നല്‍കിയതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം നിരസിച്ച് കേസുമായി മുന്നോട്ടു പോകാനാണ് വിദ്യാര്‍ത്ഥിയും കുടുംബവും തീരുമാനിച്ചത്. കഠാര കഴുത്തില്‍ വെച്ചു പോലും വൈദികന്‍ പീഡിപ്പിച്ചതായി ഈ വിദ്യാര്‍ത്ഥി പരാതിപ്പെട്ടിരുന്നു. നാട്ടിലെ പൊതുപ്രവര്‍ത്തകര്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി കൊടുത്തതോടെയാണ് കേസില്‍ അന്വേഷണമുണ്ടായത്.