ഷാജഹാന്റെ അറസ്റ്റ് പൊതുവിഷയമല്ലെന്ന് ജി സുധാകരൻ; സർക്കാരിനെ മോശമാക്കാന്‍ ചില വിദേശശക്തികള്‍ ശ്രമിക്കുന്നു

സർക്കാരിനെ മോശമാക്കാൻ ചില വിദേശ ശക്തികളുടെ ശ്രമമുണ്ടെന്നും അങ്ങനെയുളളവരെ ഉപയോഗിച്ചാല്‍ ഉപയോഗിച്ചവര്‍ തിരുത്തേണ്ടി വരുമെന്നും ‌സുധാകരന്‍ വ്യക്തമാക്കി.

ഷാജഹാന്റെ അറസ്റ്റ് പൊതുവിഷയമല്ലെന്ന് ജി സുധാകരൻ; സർക്കാരിനെ മോശമാക്കാന്‍ ചില വിദേശശക്തികള്‍ ശ്രമിക്കുന്നു

കെ എം ഷാജഹാന്റെ അറസ്റ്റ് പൊതുസമൂഹത്തിനു വിഷയമല്ലെന്ന് മന്ത്രി ജി സുധാകരൻ. അത് മാധ്യമങ്ങൾ ഉണ്ടാക്കുന്ന പ്രശ്നമാണ്. അതേസമയം, സർക്കാരിനെ മോശമാക്കാൻ ചില വിദേശ ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. 80,000 മുസ്ലിം യുവാക്കൾ ജാമ്യം പോലും കിട്ടാതെ ജയിലുകൾക്കുള്ളിൽ കഴിയുകയാണ്. യുപിഎ സർക്കാരാണ് അവരെ തീവ്രവാദികളാക്കി ജയിലിലടച്ചിരിക്കുന്നത്.

എന്നാൽ അതിനെ പറ്റി ആരും ഒന്നും സംസാരിക്കുന്നില്ല. ഇതിലെല്ലാം ഇരട്ടത്താപ്പുണ്ട്. സർക്കാരിനെ മോശമാക്കാൻ ചില വിദേശ ശക്തികളുടെ ശ്രമമുണ്ടെന്നും അങ്ങനെയുളളവരെ ഉപയോഗിച്ചാല്‍ ഉപയോഗിച്ചവര്‍ തിരുത്തേണ്ടി വരുമെന്നും ‌സുധാകരന്‍ വ്യക്തമാക്കി.

ജിഷ്ണുവിന്റെ കുടുംബം ഡിജിപി ഓഫീസിനു മുന്നിൽ നടത്തിയ സമരത്തിനു പിന്തുണയർപ്പിക്കാൻ ചെന്ന വിഎസ് അച്യുതാനന്ദന്റെ മുൻ പേഴ്സണൽ സെക്രട്ടറി കെ എം ഷാജഹാൻ അടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ ​ഗൂഡാലോചന കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എസ്‌യുസിഐ നേതാവ് ഷാജര്‍ഖാന്‍, ഭാര്യ മിനി, എസ്‌യുസിഐ പ്രവര്‍ത്തകന്‍ ശ്രീകുമാര്‍, തോക്കുസ്വാമി എന്നു വിളിക്കപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ എന്നിവരാണ് മറ്റു നാലുപേർ. ഇവരുടെ ജാമ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു.

ജിഷ്ണുവിന്റെ കുടുംബം അഞ്ചുദിവസമായി നടത്തിവന്നിരുന്ന നിരാഹാര സമരം ഇന്നലെ അവസാനിച്ച പശ്ചാത്തലത്തിൽ സർക്കാരുമായുണ്ടാക്കിയ കരാറിൽ എസ്‌യുസിഐ പ്രവര്‍ത്തകരുടെ മോചനം സർക്കാർ അം​ഗീകരിച്ചിരുന്നു. എസ്‌യുസിഐ പ്രവർത്തരാണ് തങ്ങൾക്കു വേണ്ട സഹായങ്ങൾ ചെയ്തിരുന്നതെന്നു വ്യക്തമാക്കിയ പശ്ചാത്തലത്തിലാണിത്.

എന്നാൽ കെ എം ഷാജഹാനെയും ഹിമവനല്‍ ഭദ്രാനന്ദയെയും തങ്ങള്‍ സമരത്തിനു ക്ഷണിച്ചിരുന്നില്ലെന്നാണ് ജിഷ്ണുവിന്റെ കുടുംബം വ്യക്തമാക്കുന്നത്. ​നിലവിൽ ഇവർ അഞ്ചുപേരും റിമാൻഡിലാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.