ഇറച്ചി നിരോധനം നിര്‍ബന്ധിത ഘര്‍വാപ്പസി; വര്‍ഗീയ കലാപത്തിനു വരെ കാരണമായേക്കുമെന്ന് ഫാ. പോള്‍ തേലക്കാട്ട്

മനുഷ്യന്റെ വികസനം വാമനന്റെ അഹത്തിന്റെ വികാസമല്ല, അത് വ്യത്യസ്തതകളെ ആദരിക്കാന്‍ കഴിവുള്ള മനസിന്റെ വികാസമാകണമെന്നും ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞു.

ഇറച്ചി നിരോധനം നിര്‍ബന്ധിത ഘര്‍വാപ്പസി; വര്‍ഗീയ കലാപത്തിനു വരെ കാരണമായേക്കുമെന്ന് ഫാ. പോള്‍ തേലക്കാട്ട്

കശാപ്പുശാല നിരോധനത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി സീറോ മലബാര്‍ സഭാ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ട്. നിര്‍ബന്ധിത ഘര്‍വാപ്പസി നിയമത്തിലൂടെ നടപ്പാക്കാനാണ് ശ്രമം നടക്കുന്നതെന്ന് അദ്ദേഹം നാരദാന്യൂസിനോട് പറഞ്ഞു. ഈ നിര്‍ബന്ധിത തിരിച്ചുപോക്ക് വര്‍ഗീയ കലാപത്തിനു വരെ കാരണമായേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുമതത്തെ ഹിന്ദുത്വയിലൂടെ മലിനമാക്കുന്നത് തിരിച്ചറിയാന്‍ ഹിന്ദുക്കള്‍ ശ്രമിക്കണം. പൗരബോധത്തിന്റെ ജാഗ്രത കൈവിടാതെ ജനങ്ങള്‍ നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ മാസം കഴിക്കാറില്ല, പക്ഷെ മാംസം കഴിക്കരുതെന്ന് പറയുന്നവരോട് യോജിപ്പില്ല. തമിഴ് ബ്രാഹ്മണരുടെ സ്‌കൂളില്‍ പഠിച്ചയാളാണ് താന്‍. അന്ന് സ്‌കൂളില്‍ ചോറുകൊണ്ടുപോകുമ്പോള്‍ അത് ബ്രാഹ്മണരുടെ പറമ്പില്‍ മരച്ചോലയിലിരുന്നാണ് കഴിച്ചിരുന്നത്. ഇറച്ചിയും മീനും കൊണ്ടുവരരുതെന്ന അവരുടെ നിബന്ധന താന്‍ പാലിച്ചിരുന്നു. എന്നാല്‍ ഇന്ന് നടക്കുന്നത് ഉന്നതകുല ജാതരുടെ അടുക്കളനിയമങ്ങള്‍ എല്ലാവരുടെയും മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ്. ഇതിന്റെ ഭാഗമാണ് കശാപ്പുശാല നിരോധന നിയമം. ഇതംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയിലെ മനുഷ്യദര്‍ശനങ്ങളില്‍ നിന്നുള്ള പിന്തിരിയലാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. തിരിച്ചുപോകുന്നത് മഹത്വമാര്‍ന്ന ഹിന്ദുമതത്തിന്റെ ഉത്കൃഷ്ടാശയങ്ങളിലേക്കല്ല. ജാതീയതയുടെയും വേര്‍തിരിവിന്റെയും പ്രാകൃതവാസനകളെ ഇളക്കിവിട്ട് പരസ്പരം പോരടിക്കുന്ന വിഭാഗീയതയിലേക്കാണ്. ദാദ്രിയില്‍ പശുമാംസം സൂക്ഷിച്ചു എന്നതിന്റെ പേരില്‍ ഒരു മുസ്ലീമിനെ തല്ലിക്കൊന്നത് ലാഭമല്ല നഷ്ടമാണുണ്ടാക്കിയത്. രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് സംസ്ഥാനത്ത് ഒരു യോഗി മുഖ്യമന്ത്രിയായി. ഖാലിഫിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്ന മുസ്ലീങ്ങളുമുണ്ടല്ലോ. മനുഷ്യന്റെ വികസനം വാമനന്റെ അഹത്തിന്റെ വികാസമല്ല, അത് വ്യത്യസ്തതകളെ ആദരിക്കാന്‍ കഴിവുള്ള മനസിന്റെ വികാസമാകണമെന്നും ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞു.