ബിജെപിക്കാരനായ അമ്മാവൻ ഇടപെട്ടു; ഹാദിയയുടെ വീട്ടിലെ സുരക്ഷാ ചുമതലയിൽ നിന്നും നാല് മുസ്ലിം പൊലീസുകാരെ മാറ്റി

വൈക്കം എസ്ഐ നൗഷാദ്, എആർ മൂന്നു പൊലീസുകാർ എന്നിവരെയാണ് നാലുദിവസം മുമ്പ് മാറ്റിയത്. മുസ്ലിങ്ങളായ പൊലീസുകാർ ഇവിടെ സുരക്ഷയ്ക്കു നിൽക്കേണ്ടെന്നായിരുന്നു അമ്മാവന്റെ പക്ഷം. ഇയാൾ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരോട് ആവശ്യപ്പെട്ടാണ് നാലുപേരെയും ചുമതലയിൽ നിന്നും മാറ്റിയത്.

ബിജെപിക്കാരനായ അമ്മാവൻ ഇടപെട്ടു; ഹാദിയയുടെ വീട്ടിലെ സുരക്ഷാ ചുമതലയിൽ നിന്നും നാല് മുസ്ലിം പൊലീസുകാരെ മാറ്റി

ഇസ്ലാം മതത്തിലേക്കു പരിവർത്തനം ചെയ്ത ഹാദിയയുടെ വൈക്കത്തെ വീട്ടിലെ സുരക്ഷാ ചുമതലയിൽ നിന്നും നാലു മുസ്ലിം പൊലീസുകാരെ മാറ്റി. ബിജെപിക്കാരനായ അമ്മാവൻ ഇടപെട്ടിട്ടാണ് ഇവരെ മാറ്റിയത്. വൈക്കം എസ്ഐ നൗഷാദ്, എആർ മൂന്നു പൊലീസുകാർ എന്നിവരെയാണ് നാലുദിവസം മുമ്പ് മാറ്റിയത്.

മുസ്ലിങ്ങളായ പൊലീസുകാർ ഇവിടെ സുരക്ഷയ്ക്കു നിൽക്കേണ്ടെന്നായിരുന്നു അമ്മാവന്റെ പക്ഷം. ഇയാൾ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരോട് ആവശ്യപ്പെട്ടാണ് തങ്ങളെ നാലുപേരെയും ചുമതലയിൽ നിന്നും മാറ്റിയത്. ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പിറ്റേന്നു നടന്ന മുസ്ലിം ഏകോപന സമിതിയുടെ ഹൈക്കോടതി മാർച്ചിന്റെ പശ്ചാത്തലത്തിലാണ് ഇവിടെ സുരക്ഷ ശക്തമാക്കിയത്.

ഈ സമയത്താണ് എസ്ഐ നൗഷാദും സംഘവും ഇവിടെ സുരക്ഷയ്ക്കായി നിയോ​ഗിക്കപ്പെടുന്നത്. എന്നാൽ രണ്ടു ദിവസത്തിനുള്ളിൽ തന്നെ ഇവരെ ഇവിടെനിന്നും മാറ്റുകയായിരുന്നു. തനിക്ക് ആർഎസ്എസ് സംഘത്തിന്റെ ഭീഷണിയുള്ളതായും അച്ഛനെ ഉപയോ​ഗിച്ച് സംഘപരിവാർ ശക്തികൾ തന്നെ കാെന്നുകളയുമെന്നും ഹാദിയ മുഖ്യമന്ത്രിക്കയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. പൊലീസിൽ സംഘപരിവാർ ഇടപെടൽ വ്യക്തമാക്കുന്നതാണ് ഈ നടപടി.

ചുമതലയിൽ നിന്നും മാറ്റിയ നാലു പൊലീസുകാരും റംസാൻ നോമ്പിലായിരിക്കെയാണ് ഇവിടെ സേവനമനുഷ്ടിച്ചിരുന്നത്. വീടിനകത്ത് രണ്ടു വനിതാ പൊലീസുകാരുടെ കാവലിൽ ഹാദിയയും കൃത്യമായി നോമ്പെടുക്കുന്നുണ്ട്.

ഇപ്പോൾ വൈക്കം പ്രിൻസിപ്പൽ എസ്ഐയുടെ നേതൃത്വത്തിൽ രണ്ടു വനിതകളുൾപ്പെടെ 27 പൊലീസുകാരാണ് ഹാദിയയുടെ വീട്ടിൽ സുരക്ഷയ്ക്കുള്ളത്. ഇതിൽ 10 പേർ കോട്ടയം എആർ ക്യാംപിൽ നിന്നുള്ളവരാണ്. രണ്ടു വനിതാ പൊലീസുകാർ വീട്ടിനകത്തുള്ള സുരക്ഷയ്ക്കായാണ് നിയോ​ഗിക്കപ്പെട്ടിട്ടുള്ളത്. ഇവരാണ് ഹാദിയക്കു വേണ്ട കാര്യങ്ങളെല്ലാം നോക്കുന്നതെന്ന് പ്രിൻസിപ്പൽ എസ്ഐ ജോയ് തോമസ് നാരദാ ന്യൂസിനോടു പറഞ്ഞു.