സിപിഐമ്മിലെ ജാതിയും വിഭാഗീയതയും: സ്ഥാനം പോയ ദളിത് പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യ ചെയ്തു: മരണക്കുറിപ്പില്‍ കാരണം പാര്‍ട്ടിയെന്ന് രേഖപ്പെടുത്തി

സിപിഐഎം എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മറ്റി അംഗവും പട്ടികജാതി ക്ഷേമ സമിതി നേതാവുമാണ് വിമുക്തഭടനായ കൃഷ്ണന്‍. കൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് വീട്ടില്‍ സന്ദര്‍ശിക്കാനെത്തിയ സിപിഐഎം വൈപ്പിന്‍ ഏരിയ സെക്രട്ടറി മോഹനനെ ഇറക്കി വിട്ടു

സിപിഐമ്മിലെ ജാതിയും വിഭാഗീയതയും: സ്ഥാനം പോയ ദളിത് പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യ ചെയ്തു: മരണക്കുറിപ്പില്‍ കാരണം പാര്‍ട്ടിയെന്ന് രേഖപ്പെടുത്തി

സിപിഐഎമ്മിനുള്ളിലെ ജാതീയതയും വിഭാഗീയതയും സഹിക്കാനാവാതെ എറണാകുളം പുതുവൈപ്പിന്‍ സമരപ്രദേശം ഉള്‍ക്കൊള്ളുന്ന എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ സ്ഥാനം നഷ്ടപ്പെട്ട ദളിത് പ്രസിഡന്റ് വി.കെ കൃഷ്ണന്‍ ആത്മഹത്യ ചെയ്തു. വിമുക്ത ഭടനായിരുന്നു. പാര്‍ട്ടിയിലെ വിഭാഗീയത മൂലമാണ് ആത്മഹത്യയെന്ന് വ്യക്തമാക്കി കൃഷ്ണന്‍ എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. സിപിഐഎം എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മറ്റി അംഗവും പട്ടികജാതി ക്ഷേമ സമിതി നേതാവുമാണ് കൃഷ്ണന്‍. കൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് വീട്ടില്‍ സന്ദര്‍ശിക്കാനെത്തിയ സിപിഐഎം വൈപ്പിന്‍ ഏരിയ സെക്രട്ടറി മോഹനനെ ഇറക്കി വിട്ടു. പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്. അതേസമയം, എസ്. ശര്‍മ്മ എംഎല്‍എ മരണവീട് സന്ദര്‍ശിച്ചതായും അറിവുണ്ട്. ​ചൊവ്വാഴ്ച വൈകിയിട്ടാണ് വൈപ്പിനില്‍നിന്ന് കായലിൽ ചാടിയതെങ്കിലും ഇതുവരെ ബോഡി കണ്ടെത്താനായിട്ടില്ല

പഞ്ചായത്തു പ്രസിഡന്റായിരുന്ന കാലത്തു ഇദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഐ ഓ സി ക്കെതിരെ പ്രമേയം പാസാക്കുകയും, നിർമാണ പ്രവർത്തനങ്ങൾക്കായി ഷീറ്റുകൾ കൊണ്ടുവന്നപ്പോൾ ജനങ്ങൾ തടഞ്ഞപ്പോൾ അതിന്റെ മുമ്പന്തിയിലും ഉണ്ടായിരുന്നു. അന്ന് ഇദ്ദേഹം അറസ്റ്റുവരിക്കുകയും ചെയ്തിട്ടുണ്ട്. സമരത്തോട് ഐക്യംപുലര്‍ത്തിയ കൃഷ്ണന്‍ അതിന്റെ പേരിലും പാര്‍ട്ടിക്കുള്ളില്‍ പഴികേട്ട വ്യക്തിയാണ്. പട്ടാളത്തില്‍ നിന്നും വിരമിച്ച ശേഷം തപാല്‍ വകുപ്പിലും ജോലി ചെയ്തിരുന്നു.

ജനകീയനായ നേതാവായിരുന്നു കൃഷ്ണന്‍. പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കിയിരുന്നില്ല. വിഎസ് വിഭാഗത്തൊടൊപ്പം ശക്തമായി നിലപാടെടുത്തു. പിണറായി പക്ഷത്തിന് അപ്രമാധിത്യമുണ്ടായപ്പോള്‍ വെട്ടിനിരത്തലുകളും അവഗണനയും സഹിക്കാതെ പ്രദേശത്തു നിന്നും ധാരാളം സിപിഐഎം നേതാക്കള്‍ സിപിഐയിലേയ്ക്ക് മാറിയപ്പോഴും സിപിഐഎമ്മില്‍ ഉറച്ചു നിന്നു.

ആത്മഹത്യാ കുറിപ്പില്‍ പറയുന്നു:'ഞാനീ കത്തെഴുതുന്നത് അന്വേഷണം മറ്റൊരു തരത്തിലേയ്ക്ക് നീങ്ങാതിരിക്കാനാണ്. കാരണം, തെറ്റായി ധരിപ്പിച്ച് കാര്യങ്ങള്‍ വഴുതി പോകുന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നത്. അത് ഒഴിവാക്കാന്‍ വേണ്ടിയാണ് (ഇത്രയും ഭാഗങ്ങള്‍ നീല മഷിയിലാണ്. ഇത് മുന്‍പ് എഴുതിയതുമാകാം. തുടര്‍ന്ന് കറുത്ത മഷിയിലുള്ള ഭാഗത്ത് ആത്മഹത്യയുടെ കാരണം വ്യക്തമാക്കുന്നു)
ഞാന്‍ മുന്‍ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ്- വി.കെ കൃഷ്ണന്‍. പഞ്ചായത്ത് ഭരണം പോയതിന്റെ ദുഃഖം കാരണമല്ല, മറിച്ച് ഞാന്‍ തെറ്റുകളുടെ ഒരു കൂമ്പാരമായതു മൂലമാണ്. കൂടാതെ എന്നെ പുകച്ച് പുറത്താക്കുന്ന പാര്‍ട്ടിയാണ് എളങ്കുന്നപ്പുഴ എല്‍സി. ഒപ്പം, സമനില തെറ്റിയ എനിക്ക് ഇങ്ങനെയേ ചെയ്യാനാകു. എന്നോട് ക്ഷമിക്കുക'

കൃഷ്ണന്റെ ആത്മഹത്യ കൊലപാതകമാണെന്നും ജാതീയതയും വിഭാഗീയതയുമാണെന്നു പഞ്ചായത്തിലെ സ്വതന്ത്ര അംഗം സി.ജി ബിജു നാരദ ന്യൂസിനോട് പറഞ്ഞു: ''സിപിഐഎമ്മിനുള്ളിലെ വിഭാഗീയത ഒരു മനുഷ്യന്റെ ജീവന്‍ അപഹരിക്കുന്ന തരത്തില്‍ വികസിച്ചു. ജീര്‍ണ്ണിച്ച ജാതീയ വിവേചനങ്ങള്‍ ഈ ആത്മഹത്യയ്ക്ക് പിന്നില്‍ ഉണ്ടെന്ന യാഥാര്‍ത്ഥ്യമാണ്. എളങ്കുന്നപ്പുഴ ലോക്കല്‍ അതിര്‍ത്തിയില്‍ അച്യുതാനന്ദന്‍ വിഭാഗത്തിനാണ് മുന്‍ കൈ ഉണ്ടായിരുന്നത്. ആ അച്യുതാനന്ദന്‍ വിഭാഗത്തോട് ആഭിമുഖ്യം പുലര്‍ത്തിയ നേതാവായിരുന്നു കൃഷ്ണന്‍ ചേട്ടന്‍. അച്യുതാനന്ദന്‍ വിഭാഗത്തിലുണ്ടായിരുന്ന ഭൂരിപക്ഷം ആളുകളും പാര്‍ട്ടിയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ സിപിഐയിലേയ്ക്ക് ചേക്കേറി. എന്നാല്‍ അദ്ദേഹം സിപിഐഎമ്മില്‍ തന്നെ നിന്നു കൂറുകാട്ടി. അദ്ദേഹത്തിന്റെ പാര്‍ട്ടിയോടുള്ള ആത്മാര്‍ത്ഥതയും സത്യസന്ധതയും മനസിലാക്കാന്‍ സിപിഐഎമ്മിനു കഴിഞ്ഞില്ല.

അദ്ദേഹത്തിന്റെ ആത്മഹത്യാകുറിപ്പ് കൃത്യമായ സൂചനകള്‍ നല്‍കുന്നു. അദ്ദേഹം പാര്‍ട്ടി കമ്മറ്റിക്കുള്ളില്‍ നിരന്തരമായ വേട്ടയാടലിന് വിധേയമാക്കപ്പെട്ടുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടി കമ്മറ്റിക്കുള്ളില്‍ ഉണ്ടായിരുന്നവരില്‍ ഭൂരിപക്ഷവും പിണറായി വിഭാഗത്തില്‍പ്പെട്ടവരായിരുന്നു എന്നതു മാത്രമല്ല പ്രശ്‌നം. ഒരു ദളിത് വിഭാഗത്തില്‍പ്പെട്ടിട്ടുള്ള പാര്‍ട്ടി പ്രവര്‍ത്തകനോട് പാര്‍ട്ടി തുടരുന്ന സമീപനംഅവരുടെ സംസാരത്തിലു ശരീരഭാഷയിലുമൊക്കെ നിഴലിച്ച ജാതീയമായ പീഡനം ഈ ആത്മഹത്യയ്ക്കു പിന്നിലുണ്ട്.

ഞാനും കൃഷ്ണന്‍ ചേട്ടനും തമ്മില്‍ പലപ്പോഴും തുറന്നു സംസാരിച്ചിട്ടുണ്ട്. ഈ പാര്‍ട്ടിക്കുള്ളില്‍ നില്‍ക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. എല്ലാവരും കൂടി എന്നെ കുത്തിനോവിക്കുകയാണ്. ഞാന്‍ ഒരുകണക്കിന് ഇതിനുള്ളില്‍ നിന്നു പോവുകയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പില്‍ കാണിച്ചിരിക്കുന്നതു പോലെ നെറികെട്ട, അവഗണനാപരമായ വേട്ടയാടലാണ് നേരിട്ടത്. തന്റെ ആത്മഹത്യയ്ക്ക് കാരണം പാര്‍ട്ടിയാണ് എന്ന് അദ്ദേഹം വ്യക്തമാക്കിയ സ്ഥിതിക്ക് അതിന് ഉത്തരവാദികളായ ആളുകളെ നിയമ നടപടിക്ക് വിധേയമാക്കണം.

അതേസമയം ജനങ്ങള്‍ക്കിടയില്‍ വലിയ സംശയം നിലനില്‍ക്കുന്നു. ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് സിപിഐഎമ്മാണ്. പിണറായി വിജയനാണ് ആഭ്യന്തര മന്ത്രി. അദ്ദേഹത്തിന്റെ ഗ്രൂപ്പ് വേട്ടയാടി ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ട ഒരു മനുഷ്യന്റെ മരണത്തെ കുറിച്ച് പിണറായി പൊലീസ് അന്വേഷിച്ചാല്‍ സത്യസന്ധമാവില്ല. 2005 മുതല്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ജനപ്രതിനിധി എന്ന നിലയ്ക്ക് ഇത് കൊലപാതകമാണ് എന്ന ആരോപണമാണ് എനിക്കുള്ളത്. അദ്ദേഹത്തെ വേട്ടയാടി കൊലപ്പെടുത്തിയതാണ്. കൊലയാളികള്‍ക്ക് എതിരെ കര്‍ശന നടപടി എടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തെ സര്‍ക്കാര്‍ നേരിടേണ്ടി വരും. ഏറ്റവും ജനപ്രിയനായ നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മരണത്തിന്റെ കാരണക്കാരെ സര്‍ക്കാര്‍ കണ്ടെത്തിയില്ലെങ്കില്‍ ഞങ്ങള്‍ പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറില്ല. ആത്മാര്‍ത്ഥതയുള്ള പാര്‍ട്ടി സഖാക്കളെ പിന്തള്ളി മാടമ്പിമാരുടെ കയ്യില്‍ പാര്‍ട്ടി അകപ്പെട്ടതിന്റെ സൂചനയാണിത്' സി.ജി ബിജു പറഞ്ഞു.

ഏപ്രിലില്‍ നടന്ന വിശ്വാസ പ്രമേയത്തിലാണ് കൃഷ്ണന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമാകുന്നത്. ബിജെപി പിന്തുണയോടെ കോണ്‍ഗ്രസ് പഞ്ചായത്ത് പിടിച്ചെടുത്തു. പുതുവൈപ്പിന്‍ സമരം നടക്കുമ്പോള്‍ പാര്‍ട്ടി എടുത്ത വിരുദ്ധ സമീപനം മൂലം കൃഷ്ണന്‍ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. പുതുവൈപ്പ് സമരത്തിന്റെ തുടര്‍ച്ചയിലാണ് അവിശ്വാസ പ്രമേയം വരുന്നത്. എന്നാല്‍, സിപിഐഎമ്മിലെ ചിലരാണ് ബിജെപി പിന്തുണയോടെ കൃഷ്ണനെ പുറത്താക്കാന്‍ കരുക്കള്‍ നീക്കിയതെന്ന ആരോപണവും ഉയരുന്നുണ്ട്. ഇത് ജാതീയമായ കരുനീക്കമായിരുന്നു എന്നാണ് സൂചന.

Read More >>