വണ്ടിതട്ടാതെ ലക്ഷ്യത്തിലെത്താം; കുരങ്ങന്മാര്‍ ഹാപ്പി; വന്യജീവികള്‍ക്ക് മേല്‍പ്പാലവുമായി ചിന്നാര്‍ കാടുകള്‍

മുന്‍പ് ചാമ്പല്‍ മലയണ്ണാനുകള്‍ക്ക് റോഡ് മുറിച്ചു കടക്കാനായി മുള ഉപയോഗിച്ചു മേല്‍പ്പാലങ്ങള്‍ നിര്‍മിച്ചിരുന്നു. മരങ്ങള്‍ക്കു തമ്മില്‍ ബന്ധപ്പെടുത്തി നിര്‍മിച്ച ഈ മേല്‍പ്പാലത്തിലൂടെ ഹനുമാന്‍ കുരങ്ങുകളും മറ്റ് ഇനത്തില്‍പ്പെട്ട കുരങ്ങന്‍മാരും നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൂടുതല്‍ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടത്.

വണ്ടിതട്ടാതെ ലക്ഷ്യത്തിലെത്താം; കുരങ്ങന്മാര്‍ ഹാപ്പി; വന്യജീവികള്‍ക്ക് മേല്‍പ്പാലവുമായി ചിന്നാര്‍ കാടുകള്‍

റോഡിലെ മേല്‍പ്പാലങ്ങള്‍ നമ്മളെല്ലാവരും കണ്ടിട്ടുണ്ട്, നടന്നിട്ടുമുണ്ട്. എന്നാല്‍ വന്യജീവികള്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ ഒരു മേല്‍പ്പാലമായാലോ. അങ്ങനെയൊരു മേല്‍പ്പാലമുണ്ട്, ഇടുക്കിയുടെ ഒരറ്റത്തെ ചിന്നാര്‍ എന്ന ഗ്രാമത്തില്‍.വനത്തെയും വന്യജീവികളെയും സ്‌നേഹിക്കാന്‍ മാത്രമറിയുന്ന ഒരുകൂട്ടം വനംവകുപ്പ് ജീവനക്കാരാണ് ചിന്നാറില്‍ വന്യജീവികള്‍ക്കായി മേല്‍പ്പാലം നിര്‍മിച്ചിരിക്കുന്നത്.

ഹനുമാന്‍ കുരങ്ങും ചാമ്പല്‍ മലയണ്ണാനും നക്ഷത്ര ആമകളും തുടങ്ങി നിരവധി അത്യപൂര്‍വ ഇനത്തില്‍പ്പെട്ട ജീവികളുടെ ആവാസകേന്ദ്രമാണ് ചിന്നാര്‍. മറയൂര്‍-ഉടുമല്‍പ്പേട്ട അന്തര്‍സംസ്ഥാന പാത കടന്നുപോകുന്ന ചിന്നാര്‍ വന്യജീവി സങ്കേതത്തിലൂടെ ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് തലങ്ങും വിലങ്ങും സഞ്ചരിക്കുന്നത്. വാഹനങ്ങളുടെ ബാഹുല്യം നിമിത്തം മേഖലയില്‍ വന്യജീവികള്‍ റോഡ് മുറിച്ചുകടക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. നിരവധി വന്യജീവികള്‍ വാഹനമിടിച്ച് ചാകുന്നതായി വനംവകുപ്പിന്റെ തന്നെ പഠനത്തില്‍ കണ്ടെത്തുകയും ചെയ്തു. ഈ ഘട്ടത്തിലാണ് മേല്‍പ്പാലമെന്ന ആശയം രൂപപ്പെടുന്നത്.

വനപാലകര്‍ വളരെ വേഗം പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. റോഡിനിരുവശത്തുമുള്ള മരങ്ങളെ ബന്ധിപ്പിച്ചാണ് മേല്‍പ്പാലം സ്ഥാപിച്ചിരിക്കുന്നത്. മുളയും അലുമിനിയം കമ്പികളും ഉപയോഗിച്ച് നിര്‍മിച്ച മേല്‍പ്പാലങ്ങള്‍ക്ക് ഉറപ്പുകൂടുതലാണ്. നേരത്തെ വേഗനിയന്ത്രണത്തിനായി വനംവകുപ്പിന്റെ നിര്‍ദേശപ്രകാരം റോഡില്‍ ഹമ്പുകള്‍ നിര്‍മിച്ചിരുന്നു. മേല്‍പ്പാലങ്ങള്‍ കൂടിയായതോടെ വന്യജീവികള്‍ കൂടുതല്‍ സുരക്ഷിതരായി. മുമ്പ്‌ ചാമ്പല്‍ മലയണ്ണാനുകള്‍ക്ക് റോഡ് മുറിച്ചുകടക്കാനായി മുള ഉപയോഗിച്ചു മേല്‍പ്പാലങ്ങള്‍ നിര്‍മിച്ചിരുന്നു.

മരങ്ങള്‍ തമ്മില്‍ ബന്ധപ്പെടുത്തി നിര്‍മിച്ച ഈ മേല്‍പ്പാലത്തിലൂടെ ഹനുമാന്‍ കുരങ്ങുകളും മറ്റ് ഇനത്തില്‍പ്പെട്ട കുരങ്ങന്‍മാരും നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൂടുതല്‍ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടത്. കരിമുട്ടി മുതല്‍ ചിന്നാര്‍ വരെയുള്ള അഞ്ചിടങ്ങളില്‍ ചിന്നാര്‍ വന്യജീവി സങ്കേതം അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡനായ പി എം പ്രഭുവിന്റെ നേതൃത്വത്തില്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ചുരുങ്ങിയകാലം കൊണ്ടുതന്നെ പാലങ്ങള്‍ കുരങ്ങന്മാര്‍ക്കിടയിലുള്‍പ്പെടെ ഹിറ്റായിരിക്കുകയാണ്.