ആലുവ ജനസേവയില്‍ വീണ്ടും മംഗല്യമേളം; സുമംഗലിയാകുന്നത് ഫുട്‌ബോള്‍ താരം ഗായത്രി

2010 ല്‍ ആലപ്പുഴയില്‍ തെരുവുസര്‍ക്കസ് നടത്തുന്നതിനിടെയാണ് അവിടെനിന്നും രക്ഷപ്പെട്ട് ഗായത്രി തെരുവു സര്‍ക്കസ് ക്യാംപില്‍ നിന്ന് രക്ഷപ്പെട്ട് ജനസേവ ശിശുഭവനിലെത്തുന്നത്. ജനസേവ സ്‌പോര്‍ട്‌സ് അക്കാദമിയിലൂടെ കായികരംഗത്ത് പ്രവേശിച്ച ഗായത്രി ജില്ലാ ഫുട്‌ബോള്‍ ക്യാപ്റ്റനാണ്. ജൂഡോ, ബാസ്‌ക്കറ്റ് ബോള്‍ എന്നിവയിലും ഗായത്രി മികവ് പുലര്‍ത്തി.

ആലുവ ജനസേവയില്‍ വീണ്ടും മംഗല്യമേളം; സുമംഗലിയാകുന്നത് ഫുട്‌ബോള്‍ താരം ഗായത്രി

ഫുട്‌ബോളിന് വിട, ഗായത്രി ഇനി കുടുംബജീവിതം നയിക്കും. പൊന്നും പണവും ആഢംബരങ്ങളുമില്ലാതെയായിരിക്കണം തന്റെ വിവാഹമെന്ന ഷിബുവിന്റെ നിശ്ചയദാര്‍ഢ്യത്തെത്തുടര്‍ന്നാണ് ആലുവ ജനസേവയില്‍ വീണ്ടും മംഗല്യമേളം മുഴങ്ങുന്നത്. തെരുവുസര്‍ക്കസ് സംഘത്തില്‍നിന്ന് രക്ഷപ്പെട്ട് ജനസേവ ശിശുഭവനിലെത്തിയ ഗായത്രിയെ കോഴിക്കോട് കുന്ദമംഗലം സ്വദേശി ഷിബു ജീവിതസഖിയാക്കുകയാണ്. കരുവാപ്പറ്റ വീട്ടില്‍ കുമാരന്‍ നായരുടെയും സുമതിയുടെയും മകനാണ് ഷിബു. മാര്‍ച്ച് 26 ന് കോഴിക്കോട് മാക്കൂട്ടം എഎം യുപി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍വച്ച് രാവിലെ 11 നും 12 നും ഇടയിലാണ് വിവാഹം.

നിര്‍ധനയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിന്റെ അന്വേഷണത്തിനൊടുവിലാണ് ടൈല്‍ ജോലിക്കാരനായ ഷിബു ജനസേവ ശിശുഭവിലെത്തുന്നത്. ജീവിതത്തിലെ പൊള്ളുന്ന ഓര്‍മ്മകളെ സധൈര്യം അതിജീവിച്ച ഗായത്രിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞവര്‍ഷം നവംബര്‍ 21 ന് ജനസേവനയില്‍വച്ചായിരുന്നു വിവാഹനിശ്ചയം. ഷിബുവിന്റെ കുടുംബാംഗങ്ങളും ചുരുക്കം സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ ജനസേവ ശിശുഭവന്‍ ഭാരവാഹികളായ ജോസ് മാവേലി, ചാര്‍ളിപോള്‍, ജോബി തോമസ്, ക്യാപ്റ്റന്‍ എസ് കെ നായര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ വിവാഹമോതിരം കൈമാറി.

2010 ല്‍ ആലപ്പുഴയില്‍ തെരുവുസര്‍ക്കസ് നടത്തുന്നതിനിടെയാണ് അവിടെനിന്നും രക്ഷപ്പെട്ട് ഗായത്രി ജനസേവ ശിശുഭവനിലെത്തുന്നത്. മൈസൂര്‍ സ്വദേശിയായ ഗായത്രിയുടെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. തുടര്‍ന്ന് രണ്ടാനച്ഛനാണ് സര്‍ക്കസ് സംഘത്തില്‍ എത്തിച്ചത്. മര്‍ദിച്ചും ഭീഷണിപ്പെടുത്തിയുമായിരുന്നു ഗായത്രിയെ സര്‍ക്കസ് അഭ്യാസത്തിന് ഉപയോഗിച്ചുകൊണ്ടിരുന്നത്. സ്‌കൂളില്‍ പോകാന്‍ അനുവദിച്ചുമില്ല. സര്‍ക്കസില്‍ നിന്ന് കിട്ടുന്ന വരുമാനം രണ്ടാനച്ഛനും സംഘവും മദ്യത്തിനും മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കും.

സഹികെട്ട ഗായത്രി ഒരു രാത്രി ഇവര്‍ ഉറങ്ങിയപ്പോള്‍ സര്‍ക്കസ് സംഘത്തിലെ രണ്ടുപേര്‍ക്കൊപ്പം ആലുവയിലേക്ക് ട്രെയിന്‍ കയറി രക്ഷപ്പെട്ടു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ഓട്ടോ ഡ്രൈവര്‍മാരാണ് ഇവരെ ജനസേവനയിലെത്തിച്ചത്. ജനസേവ സ്‌പോര്‍ട്‌സ് അക്കാദമിയിലൂടെ കായികരംഗത്ത് പ്രവേശിച്ച ഗായത്രി ജില്ലാ ഫുട്‌ബോള്‍ ക്യാപ്റ്റനാണ്. ജൂഡോ, ബാസ്‌ക്കറ്റ് ബോള്‍ എന്നിവയിലും ഗായത്രി മികവു പുലര്‍ത്തി. കറുകുറ്റി സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. 2014 ല്‍ നടന്ന സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം ജില്ലയെ നയിച്ചത് ഗായത്രിയാണ്. ജനസേവ ശിശുഭവനില്‍ നിന്ന് വിവാഹം നടക്കുന്ന ആറാമത്തെ പെണ്‍കുട്ടിയാണ് ഗായത്രി.

Read More >>