വാക്സിൻ വാങ്ങിയതിൽ അഴിമതി; ആരോ​ഗ്യവകുപ്പ് മുൻ ഡയറക്ടർമാർക്ക് അഞ്ചു വർഷം തടവും 50 ലക്ഷം പിഴയും

ഡോ.വി കെ രാജൻ, കെ ഷൈലജ എന്നിവർക്കാണ് ശിക്ഷ. അഞ്ചുവർഷം കഠിന തടവും 50 ലക്ഷം പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.

വാക്സിൻ വാങ്ങിയതിൽ അഴിമതി; ആരോ​ഗ്യവകുപ്പ് മുൻ ഡയറക്ടർമാർക്ക് അഞ്ചു വർഷം തടവും 50 ലക്ഷം പിഴയും

വാക്സിൻ വാങ്ങിയതിൽ അഴിമതി നടത്തിയ കേസിൽ ആരോ​ഗ്യവകുപ്പ് മുൻ ‍ഡയറക്ടർമാർക്ക് തടവു ശിക്ഷ. ഡോ.വി കെ രാജൻ, കെ ഷൈലജ എന്നിവർക്കാണ് ശിക്ഷ. അഞ്ചു വർഷം കഠിന തടവും 50 ലക്ഷം പിഴയുമാണ് കോടതി ഇരുവർക്കും ശിക്ഷ വിധിച്ചത്.

തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2000 മുതൽ 2004 വരെയുള്ള കാലയളവിൽ ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ വാങ്ങിയതിലൂടെ 1.49 കോടിയിലധികം രൂപയുടെ അഴിമതി നടത്തിയെന്നാണ് ഇരുവർക്കുമെതിരായ കുറ്റം. അഴിമതി നിരോധന നിയമം, ക്രിമിനൽ ​ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ തെളിഞ്ഞത്.

വാക്സിനേഷൻ പദ്ധതിയോ മറ്റ് വാക്സിനേഷൻ ആവശ്യങ്ങളോ ഇല്ലാത്ത സമയത്ത് അമിത വില നൽകി ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഇത് സ്ഥാപനങ്ങൾക്കു വിതരണം ചെയ്യുകയും ചെയ്തു. പിന്നീട് ഈ വാക്സിൻ ഉപയോ​ഗിച്ച് വാക്സിനേഷൻ പദ്ധതി നടത്തിയെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.

ഇത് മനസ്സിലായിട്ടും വാക്സിൻ വിതരണം ചെയ്ത കമ്പനികൾക്കെതിരെ ഒരു നടപടിയും എടുത്തില്ലെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. കേസിൽ പ്രതി ചേർത്ത തിരുവനന്തപുരം ജില്ലാ സ്റ്റോർ വേരിഫിക്കേഷൻ ഓഫീസർ സി സദാശിവൻ നായർ, ഫാർമ സ്റ്റോർ കീപ്പർ കെ മുഹമ്മദ് എന്നിവരെ കോടതി വെറുതെ വിട്ടു.