ഏവിയേഷന്‍ അക്കാദമിയിലെ ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം; അഞ്ച് സഹപാഠികള്‍ അറസ്റ്റില്‍

സഹപാഠികള്‍ നിരന്തരം മാനസികമായി പീഡിപ്പിപ്പിക്കാറുണ്ടെന്നും ദേഹോപദ്രവം നടത്തുകയും ജാതിപ്പേര് വിളിച്ചു ആക്ഷേപിക്കുകയും ചെയ്യാറുണ്ടെന്ന് ആതിരയുടെ അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു.

ഏവിയേഷന്‍ അക്കാദമിയിലെ ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം; അഞ്ച് സഹപാഠികള്‍ അറസ്റ്റില്‍

തിരുവനന്തപുരം ഐപിഎംഎസ് ഏവിയേഷന്‍ കോളേജിലെ ദളിത് വിദ്യാര്‍ത്ഥിനി ആതിര ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ സഹപാഠികളായ അഞ്ചു വിദ്യാര്‍ത്ഥിനികള്‍ അറസ്റ്റില്‍. നവംബര്‍ 30ന് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപമുള്ള ലോഡ്ജിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയാണ് ആതിര ആത്മഹത്യക്ക് ശ്രമിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കായി കോളേജ് അധികൃതര്‍ കോഴിക്കോട് സംഘടിപ്പിച്ച ഇന്റേണ്‍ഷിപ്പ് പരിപാടിക്കിടെയാണ് സംഭവം.

തിരുവനന്തപുരം മരുതംകുഴി സ്വദേശിയായ വിദ്യാര്‍ത്ഥിനി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇരുകാലുകളും ഒടിഞ്ഞ് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി അബോധാവസ്ഥയിലാണ്. സഹപാഠികള്‍ നിരന്തരം മാനസികമായി പീഡിപ്പിപ്പിക്കാറുണ്ടെന്നും ദേഹോപദ്രവം നടത്തുകയും ജാതിപ്പേര് വിളിച്ചു ആക്ഷേപിക്കുകയും ചെയ്യാറുണ്ടെന്ന് ആതിരയുടെ അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു.

സഹപാഠികളായ മറ്റു വിദ്യാര്‍ത്ഥികളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ഐപിഎംഎസ് ഏവിയേഷന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥികളായ ആലപ്പുഴ മുളക്കഴ കൈക്കുഴിയില്‍ ശാലു (19), നെടുമങ്ങാട് നെട്ടരക്കോണം ആയില്യം വീട്ടില്‍ വൈഷ്ണവി (19), തിരുവല്ല കാരക്കല്‍ തയ്യില്‍ നീതു എലിസബത്ത് അലക്സ് (19), ഓയൂര്‍ ഷൈജ മന്‍സിലില്‍ ഷൈജ (19), തിരുവല്ല കാരക്കല്‍ കുരട്ടിയില്‍ അക്ഷയ് വീട്ടില്‍ ആതിര (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തിലെയും റോഡിലെയും ലോഡ്ജിലേയും സിസിടിവി ദൃശ്യങ്ങള്‍, മൊബൈല്‍ സംഭാഷണങ്ങൾ എന്നിവ പരിശോധിച്ച ശേഷമാണ് അറസ്റ്റ്.

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ഐപിഎംഎസ് അക്കാദമിയിലേക്ക് വിദ്യാർത്ഥി സംഘടനകൾ മാര്‍ച്ച് നടത്തിയിരുന്നു.

Read More >>