പാളത്തില്‍ തീ കത്തിച്ച് ട്രെയിനിന് പൂജ; ചങ്ങനാശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ അപകടകരമായ ദുരാചാരം

മണ്ണെണ്ണയടക്കം അഗ്നിബാധയ്ക്ക് കാരണമാകാവുന്ന വസ്തുക്കളൊന്നും ട്രെയിനില്‍ കയറ്റിക്കൊണ്ടുപോകാനാകില്ലെന്നും പുകവലി പാടില്ലെന്നുമൊക്കെ റെയില്‍വേ സുരക്ഷയുടെ ഭാഗമായി നിയമമുള്ളിടത്താണ് പാളത്തില്‍ തീകത്തിച്ചുവെച്ച് ട്രെയിനിനെ സ്വീകരിച്ച സംഭവമുണ്ടായത്.

പാളത്തില്‍ തീ കത്തിച്ച് ട്രെയിനിന് പൂജ; ചങ്ങനാശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ അപകടകരമായ ദുരാചാരം

റെയില്‍വേ പാളത്തില്‍ തീകത്തിച്ചുവെച്ച് പൂജ. ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനിലാണ് ഈ മാസം 28ന് സുരക്ഷാ മാനദണ്ഡങ്ങളെ അട്ടിമറിച്ച് തീ കത്തിച്ചുവെച്ചത്. ഇരട്ടപ്പാത തുറന്നതുമായി ബന്ധപ്പെട്ടാണ് നിയമലംഘനം നടന്നത്. പുതിയ ട്രാക്കിലേക്ക് പ്രവേശിച്ച ശബരി എക്‌സ്പ്രസിനെ സ്വീകരിക്കാനാണ് പാളത്തിന് നടുവില്‍ ചന്ദനത്തിരി കൂട്ടമായി കത്തിച്ച് അപകട സാഹചര്യം സൃഷ്ടിച്ചത്.


പുലര്‍ച്ചെ 5.30 നായിരുന്നു സംഭവം. തീകത്തി ചന്ദനത്തിരി പുകഞ്ഞുനില്‍ക്കുന്നതിന് മുകളിലൂടെയാണ് ശബരി എക്‌സ്പ്രസ് കടന്നുപോയത്. പാളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാരങ്ങയും വെറ്റിലയുമൊക്കെ വെച്ച് റെയില്‍വേയുടെ അനുഗ്രഹാശിസുകളോടെയാണ് ചിലര്‍ ആഘോഷം നടത്തിയത്. സുരക്ഷാ പാളിച്ചയുണ്ടായിട്ടും നാട്ടുകാരെ തടയാന്‍ റെയില്‍വെയോ റയില്‍വെ പോലീസോ ശ്രമിച്ചില്ല. വേഗതയില്‍ കടന്നുപോകുന്ന ട്രെയിനിലെ യാത്രക്കാര്‍ക്ക് പാളത്തിനരികില്‍ നിന്ന് യാത്രക്കാര്‍ അപകടകരമായ രീതിയില്‍ മധുരം വിതരണം ചെയ്യുന്നുമുണ്ടായിരുന്നു. അപകടകരമായ രീതിയില്‍ യാത്രക്കാര്‍ വാതിലിനരികില്‍ തിക്കിത്തിരക്കി നിന്ന് മധുരപലഹാരങ്ങള്‍ വാങ്ങുന്നതിന്റെ ചിത്രം മനോരമയടക്കമുള്ള പത്രങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ആരതി ഉഴിഞ്ഞും പൂജകള്‍ നടത്തിയുമൊക്കെ പുതിയ പാത തുറന്നത് ആഘോഷിച്ചെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ ഇതിനെക്കുറിച്ച് വാര്‍ത്ത നല്‍കിയത്. മണ്ണെണ്ണയടക്കം അഗ്നിബാധയ്ക്ക് കാരണമാകാവുന്ന വസ്തുക്കളൊന്നും ട്രെയിനില്‍ കയറ്റിക്കൊണ്ടുപോകാനാകില്ലെന്നും പുകവലി പാടില്ലെന്നുമൊക്കെ റെയില്‍വേ സുരക്ഷയുടെ ഭാഗമായി നിയമമുള്ളിടത്താണ് പാളത്തില്‍ തീകത്തിച്ചുവെച്ച് ട്രെയിനിനെ സ്വീകരിച്ച സംഭവമുണ്ടായത്.


സുരക്ഷാക്കാര്യത്തില്‍ കര്‍ക്കശമായ നിലപാടുള്ള ഇന്ത്യന്‍ റെയില്‍വേ ഓടുന്ന ട്രെയിനിനിടയില്‍ തീകത്തിച്ച സംഭവത്തെ ഗൗരവമായി കാണാതിരിക്കില്ല. പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയില്‍ പോലും മതാചാരങ്ങള്‍ കടന്നുവരുന്നതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.

ചിത്രങ്ങള്‍ക്ക് കടപ്പാട്: റിജോ ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌