ഒബ്‌റോണ്‍ മാളിലെ തീപിടുത്തം ഫയര്‍ഫോഴ്‌സിനുള്ള മുന്നറിയിപ്പ്; ബഹുനിലകളിലെ തീയണയ്ക്കാൻ ഫോഴ്സ് വെള്ളം കുടിക്കും

ഒബ്‌റോണ്‍ മാളിലെ നാലാം നിലയില്‍ വ്യാപിച്ച തീ അണയ്ക്കാന്‍ ഫയർ എഞ്ചിൻ പരാജയപ്പെട്ടു. മാളിന്റെ സുരക്ഷാ സംവിധാനമാണ് തീയണച്ചത്. വെള്ളമെത്തിക്കാന്‍ ഫയർഫോഴ്സിനു കഴിയാതിരുന്നത് മുന്നറിയിപ്പാണ്. മാളിലെ സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചതാണ് വന്‍ അപകടം ഒഴിവാക്കാനിടയാക്കിയത്- മറ്റു പല മാളുകളും ഒബ്റോണിലെ പോലെ സുരക്ഷിതമാണോയെന്നതിന് ഫയർഫോഴ്സിനു പോലും സംശയമാണ്

ഒബ്‌റോണ്‍ മാളിലെ തീപിടുത്തം ഫയര്‍ഫോഴ്‌സിനുള്ള മുന്നറിയിപ്പ്; ബഹുനിലകളിലെ തീയണയ്ക്കാൻ ഫോഴ്സ് വെള്ളം കുടിക്കും

ഒബ്‌റോണ്‍ മാളില്‍ പടര്‍ന്ന തീയണയ്ക്കാന്‍ ഫയര്‍ഫോഴ്‌സ് കൃത്യസമയത്ത് എത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടത്ര സംവിധാനമില്ലാത്തത് ജീവനക്കാരെ വലച്ചു. നാലാം നിലയില്‍ വെള്ളമെത്തിക്കാനുള്ള സംവിധാനം പോലും ഫയര്‍ഫോഴ്‌സിനില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ബഹുനില കെട്ടിടങ്ങളില്‍ തീയണയ്ക്കാനുള്ള ടേണ്‍ ടേബിള്‍ ലാഡര്‍ പോലും ഫയര്‍ഫോഴ്‌സിനില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഉദ്യോഗസ്ഥര്‍ നാരദാന്യൂസിനോടു പറഞ്ഞു.

എട്ടു മാളുകളും നൂറു കണക്കിനു ഫ്‌ളാറ്റുകളും ഉള്‍പ്പെടെ ബഹുനില കെട്ടിടങ്ങളുള്ള കൊച്ചിയില്‍ വേണ്ടത്ര രക്ഷാസംവിധാനങ്ങളില്ലാതെയാണ് ഫയര്‍ഫോഴ്‌സ് പ്രവര്‍ത്തിക്കുന്നത്. രണ്ടു ലക്ഷം ലിറ്റര്‍ ശേഷിയുള്ള മാളിലെ ടാങ്കില്‍ നിന്നുള്ള വെള്ളമുപയോഗിച്ചാണ് ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തൃക്കാക്കര, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാലു ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണ് സംഭവസ്ഥലത്തെത്തിയത്.


ഒബ്‌റോണ്‍ മാളിലെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് കോര്‍ട്ടിലെ അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നത്. എണ്ണമെഴുക്കുള്ള ചിമ്മിനി പൂര്‍ണ്ണമായും കത്തിനശിച്ചു. ഈ പുകയാണ് പിന്നീട് മാളില്‍ നിറഞ്ഞതെന്ന് മാളിലെ സുരക്ഷാ ജീവനക്കാരും ഫയര്‍ഫോഴ്‌സ് അധികൃതരും പറയുന്നു. അലറാം സംവിധാനം കൃത്യമായി പ്രവര്‍ത്തിച്ചതിനാല്‍ മാളിനകത്തുണ്ടായിരുന്നവരെ വേഗത്തില്‍ പുറത്തെത്തിക്കാനായതിനാല്‍ അപകടമൊഴിവാക്കാനായി.


11.15ഓടു കൂടിയാണ് അടുക്കളയില്‍ തീപിടിച്ചത്. മാള്‍ തുറന്ന സമയമായിരുന്നു ഇത്. ജീവനക്കാരടക്കം അഞ്ഞൂറോളം പേര്‍ ഈ സമയത്ത് മാളിനകത്തുണ്ടായിരുന്നു. മാള്‍ തുറന്ന സമയമായതിനാല്‍ പുറമെ നിന്ന് വളരെ കുറച്ചു പേര്‍ മാത്രമായിരുന്നു ഷോപ്പിംഗിനായി മാളിലെത്തിയിരുന്നത്. മള്‍ട്ടിപ്ലെക്‌സിലെ തിയറ്ററുകളിലായിരുന്നു കൂടുതലാളുകളും എത്തിയിരുന്നത്.

അടുക്കളയില്‍ തീ പടര്‍ന്നതോടെ മാളിലെ അലറാം സംവിധാനം പ്രവര്‍ത്തിച്ചു. ഇതേ സമയം തീയില്‍ നിന്നുണ്ടായ പുക മാളില്‍ മുഴുവനും വ്യാപിച്ചു. മാളിലെ സുരക്ഷാ ചുമതലയുണ്ടായിരുന്നവര്‍ വയര്‍ലസ് സംവിധാനം വഴി മറ്റു ഫ്ളോറിലുണ്ടായിരുന്നവര്‍ക്ക് സന്ദേശം കൈമാറിയതോടെ ജീവനക്കാരും മറ്റുള്ളവരും പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. തിയറ്ററിലുണ്ടായിരുന്നവരേയും വേഗത്തില്‍ പുറത്തെത്തിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പൊള്ളലേല്‍ക്കുയോ പരിക്കേല്‍ക്കുകയോ ചെയ്തില്ല.


കട്ടിപ്പുകയുയര്‍ന്നതിനാല്‍ ചിലര്‍ക്കു ശ്വാസതടസ്സമുണ്ടായതൊഴിച്ചാല്‍ ആര്‍ക്കും പൊള്ളലേല്‍ക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തില്ല. ആളുകളെ മുഴുവന്‍ ഇരുപതു മിനുട്ട് കൊണ്ട് ഒഴിപ്പിക്കാനായെന്നു മാളിലെ സുരക്ഷാച്ചുമതലയുണ്ടായിരുന്ന ജീവനക്കാരന്‍ ജോജി നാരദാന്യൂസിനോടു പറഞ്ഞു. 11.30നാണ് ഫയര്‍ഫോഴ്‌സിനു തീപിടുത്തം സംബന്ധിച്ച സന്ദേശം ലഭിച്ചത്.

മാളിനുള്ളില്‍ പുക നിറഞ്ഞത് രക്ഷാ പ്രവര്‍ത്തനത്തിനു തടസ്സമായി. ഓക്‌സിജന്‍ മാസ്‌ക് ധരിച്ച നാലു പേര്‍ മുകളിലെ നിലയിലെത്തിയാണു തീ നിയന്ത്രണവിധേയമാക്കിയത്. മാളിനു മുകളിലെ ചില്ലുഗ്ലാസുകള്‍ തകര്‍ത്താണു പുക ഒഴിവാക്കിയത്.