കൊല്ലം ചിന്നക്കടയില്‍ വന്‍ തീപ്പിടിത്തം; പത്തോളം കടകള്‍ കത്തിനശിച്ചു

തീ പിടിക്കുന്നതുകണ്ട സമീപത്തെ ചുമട്ടുതൊഴിലാളികളാണ് അഗ്നിശമന സേനയെ വിവരമറിയിച്ചത്. കൊല്ലം ജില്ലയിലെ ഭൂരിഭാഗം ഫയര്‍ യൂണിറ്റുകളിലേയും അഗ്നിശമന വാഹനങ്ങള്‍ സ്ഥലത്തെത്തി രണ്ടര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.

കൊല്ലം ചിന്നക്കടയില്‍ വന്‍ തീപ്പിടിത്തം; പത്തോളം കടകള്‍ കത്തിനശിച്ചു

കൊല്ലം ചിന്നക്കടയില്‍ വന്‍ തീപ്പിടിത്തം. ചിന്നക്കട പായിക്കട റോഡിലാണ് അഗ്നിബാധയുണ്ടായത്. പത്തു കടകളും ഒരു ഗോഡൗണും കത്തിനശിച്ചു. രാവിലെ നാലോടെയാണ് സംഭവം.

തീയിപ്പോള്‍ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നും അഗ്നിശമന സേന അവസാനഘട്ട നടപടികള്‍ തുടരുകയാണെന്നും കൊല്ലം ചാമക്കട ഫയര്‍ സ്റ്റേഷന്‍ അധികൃതര്‍ നാരദാ ന്യൂസിനോടു പറഞ്ഞു. വി വി കിച്ചണ്‍, ബോംബെ മെറ്റല്‍സ് എന്നീ കടകളുടെ ഇടയില്‍ നിന്നാണ് തീയുണ്ടായത്. എന്നാല്‍ തീപ്പിടത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും കൊല്ലം ഈസ്റ്റ് പൊലീസ് അറിയിച്ചു.

തീ പിടിക്കുന്നതുകണ്ട സമീപത്തെ ചുമട്ടുതൊഴിലാളികളാണ് അഗ്നിശമന സേനയെ വിവരമറിയിച്ചത്. കൊല്ലം ജില്ലയിലെ ഭൂരിഭാഗം ഫയര്‍ യൂണിറ്റുകളിലേയും അഗ്നിശമന വാഹനങ്ങള്‍ സ്ഥലത്തെത്തി രണ്ടര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.

തീപ്പിടിത്തത്തില്‍ ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. ഓടിട്ട കടകളാണ് കത്തി നശിച്ചവയില്‍ അധികവും. ഇതില്‍ തുണിക്കടയും ആക്രിക്കടയുമെല്ലാം ഉള്‍പ്പെടുന്നു. വസ്ത്രങ്ങളുടെ മൊത്ത വ്യാപാര കടയാണ് കത്തി നശിച്ചിട്ടുള്ളതില്‍ ഒന്ന്.

കൊല്ലം ജില്ലാ ഫയര്‍ ഫയര്‍ ഓഫീസര്‍ കെ കെ ഷിജു, കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ ജൂനിയര്‍ എസ്‌ഐ നഹാസ്, എഎസ്‌ഐ രഘുനാഥന്‍, സിപിഒ സുരേന്ദ്രന്‍ എന്നിവരാണ് തീയണക്കുന്നതിനു നേതൃത്വം നല്‍കിയത്.