ഒപ്പം ഞങ്ങളുമുണ്ട് സഹോദരാ; ശ്രീജിത്തിന് പിന്തുണയുമായി താരങ്ങൾ

നിവിൻ പോളി, ജൂഡ് ആന്തണി ജോസഫ്, ഹണി റോസ്, അനു സിതാര, ജോയ് മാത്യു തുടങ്ങിയവരാണ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രീജിത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഒപ്പം ഞങ്ങളുമുണ്ട് സഹോദരാ; ശ്രീജിത്തിന് പിന്തുണയുമായി താരങ്ങൾ

സഹോദരനെ പൊലീസുകാർ കള്ളക്കേസ് ചുമത്തി കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചു കൊന്ന സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 765 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി സിനിമാ ലോകം. നിവിൻ പോളി, ജൂഡ് ആന്റണി, ഹണി റോസ്, അനു സിതാര, ജോയ് മാത്യു തുടങ്ങിയവരാണ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രീജിത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

യുവതലമുറ മുഴുവൻ സമയവും മൊബൈലിൽ നോക്കി ഇരിക്കുന്നു, സമൂഹത്തിൽ നടക്കുന്നതു അറിയുന്നില്ല, ഒരു പണിയുമില്ലാത്തവരാണ് ട്രോൾ ഉണ്ടാക്കുന്നത് എന്നീ വിമർശനങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് നാളെ സെക്രട്ടറിറ്റേറ്റിനു മുന്നിൽ ശ്രീജിത്തിനൊപ്പം അണി ചേരുന്ന ട്രോളന്മാർക്കും പാർട്ടി-ജാതി-മത-ഫാൻ ഭേദമെന്യേ വരുന്ന എല്ലാ ചുണകുട്ടികൾക്കും സലാം- എന്നായിരുന്നു ജൂഡ് ആന്തണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. കൂടാതെ ഫേസ്ബുക്കിൽ ഹാഷ് ടാഗോടുകൂടി 'പ്രമുഖനല്ലതാ ശ്രീജിത്തിനൊപ്പം' എന്ന കവർ ഫോട്ടോയാണ് ജൂഡ് ആന്തണി ഉപയോഗിച്ചിരിക്കുന്നത്.


തീവ്രവേദനയിൽ 765 ദിവസങ്ങൾ. ഇതു കാണുമ്പോൾ ഹൃദയം തകരുകയാണ്. സഹോദരന്റെ മരണത്തിനു പിന്നിലുള്ള സത്യം അറിയാനുള്ള അവകാശം ശ്രീജിത്തിനുണ്ട്. രാജ്യത്തിലെ ഓരോ വ്യക്തിയെയും പോലെ, നീതി ശ്രീജിത്തിനും അവകാശപ്പെട്ടതാണ്. ഞാനും നിന്നോടൊപ്പമുണ്ട് സഹോദരാ. ഈ ഒറ്റയാൾ പോരാട്ടത്തിന് എന്റെ അഭിനന്ദനം. #JusticeForSreejith- എന്ന ഹാഷ് ടാഗോടു കൂടിയാണ് നിവിൻ പോളിയുടെ ഫേസ്ബുക്ക് പോസ്റ്റ്.


കൂടാതെ ഹണി റോസ്, അനു സിത്താര തുടങ്ങിയവരും #Justiceforsreejith എന്ന ഹാഷ് ടാഗോടെ ശ്രീജിത്തിനു പിന്തുണയുമായി രംഗത്തെത്തി.


ഇത് ശ്രീജിത്ത്... ഒരു സബ് ഇൻസ്പെക്ടറുടെ ബന്ധുവായ പെൺകുട്ടിയെ പ്രേമിച്ച കുറ്റത്തിന് നമ്മുടെ പോലീസ് ഇദ്ദേഹത്തിന്റെ അനുജനെ ലോക്കപ്പിലിട്ട് പട്ടിയെപ്പോലെ തല്ലിക്കൊന്നു എന്നു തുടങ്ങുന്ന അനു സിത്താരയുടെ പോസ്റ്റ്, ദേശീയ യുവജന ദിനം കൊണ്ടാടുമ്പോൾ ഭരണസിരാ കേന്ദ്രത്തിനു മുന്നിൽ ഈ യുവാവിന് എന്തെങ്കിലും സംഭവിച്ചാൽ ഞാനും നിങ്ങളും ഉത്തരവാദികളാണ്..... പ്രതികരിക്കൂ. പ്രതിഷേധിക്കൂ... #Justiceforsreejith എന്ന ഹാഷ് ടാഗോടു കൂടിയാണ് അവസാനിക്കുന്നത്.

761 ഒരു ചെറിയ സംഖ്യയല്ല. എന്ന തലക്കെട്ടോടുകൂടിയാണ് ജോയ് മാത്യുവിന്റെ പോസ്റ്റ്.

761 ഒരു ചെറിയ സംഖ്യയല്ല

കഴിഞ്ഞ 761 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നിൽ തന്റെ സഹോദരന്റെ ലോക്കപ്പ്‌ മരണത്തെക്കുറിച്ച്‌ അനേഷണം വേണം എന്നാവശ്യപ്പെട്ട്‌ ശ്രീജിത്ത് എന്ന യുവാവ്‌ ജീവത്യാഗം ചെയ്യുന്നു- നാളെ ഈ മനുഷ്യജീവന്റെ പേരിൽ നമ്മൾ മലയാളികളെ ഉളുപ്പില്ലാത്ത ജനത എന്ന പേരിൽ ലോകം അടയാളപ്പെടുത്തും. ചെഗുവേരയുടെ ചിത്രം വരയ്ക്കുന്നവരും എകെജിയെ ചരിത്രത്തിൽ നിന്നും ഇല്ലാതാക്കാൻ ശ്രമിക്കുന്നവരും താമര വിരിയിക്കുന്നവരും പച്ചക്കടൽ സ്വപ്നം കാണുന്നവരും തുടങ്ങി വിപ്ലവം, ജനാധിപത്യം എന്ന് സദാസമയവും ഉരുവിടുന്ന എല്ലാ ഞാഞ്ഞൂൽ പാർട്ടികളും ഈ ചെറുപ്പക്കാരന്റെ നീതിക്കു വേണ്ടിയുള്ള സമരത്തിൽ എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്നത്‌ അത്ഭുതകരമായിരിക്കുന്നു- അതെ, ഓരോ ദിവസം കഴിയുന്തോറും നമ്മൾ മലയാളികൾ കള്ളന്മാരായിക്കൊണ്ടിരിക്കുകയാണു- ഓർക്കുക 761 ഒരു ചെറിയ സംഖ്യയല്ല.Read More >>