വിനയനെതിരേ ഫെഫ്ക; കോംപറ്റീഷന്‍ കമ്മീഷന്‍ വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് ബി ഉണ്ണികൃഷ്ണന്‍

സിനിമയില്‍ നിന്ന് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയെന്ന വിനയന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്മയും ഫെഫ്കയും പിഴയടക്കണമെന്നായിരുന്നു കമ്മീഷന്റെ വിധി. അമ്മ നാലുലക്ഷം രൂപയും ഫെഫ്ക്ക 85,594 രൂപയും പിഴയടക്കണമെന്നായിരുന്നു ഉത്തരവ്. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, ബി ഉണ്ണികൃഷ്ണന്‍, ഇടവേള ബാബു, സിബി മലയില്‍ എന്നിവര്‍ പിഴയൊടുക്കണമെന്നായിരുന്നു വിധി.

വിനയനെതിരേ ഫെഫ്ക; കോംപറ്റീഷന്‍ കമ്മീഷന്‍ വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് ബി ഉണ്ണികൃഷ്ണന്‍

സംവിധായകന്‍ വിനയന്റെ പരാതിപ്രകാരം പിഴശിക്ഷ വിധിച്ച കോംപറ്റീഷന്‍ കമ്മീഷന്‍ വിധിക്കെതിരേ ഫെഫ്ക അപ്പീല്‍ നല്‍കും. വിനയന്റെ പരാതിയെത്തുടര്‍ന്ന് സംവിധായകരുടെ സംഘടനയായ ഫെഫ്ക്കയ്ക്കും താരസംഘടനയായ അമ്മയ്ക്കും കോംപറ്റീഷന്‍ കമ്മീഷന്‍ ഇന്നലെ പിഴചുമത്തിയിരുന്നു. വിനയന്റെ ഭാഗം മാത്രം കേട്ട ശേഷമായിരുന്നു കമ്മീഷന്റെ നടപടിയെന്നും അതിനാലാണ് അപ്പീല്‍ കൊടുക്കുന്നതെന്നും ഫെഫ്ക പ്രസിഡന്റ് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വിനയന്റെ പരാതി അടിസ്ഥാനരഹിതമാണ്. നിയമപരമായിത്തന്നെ ഇതിനെ നേരിടും, വിനയനെ ആരും വിലക്കിയിട്ടില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

സിനിമയില്‍ നിന്ന് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയെന്ന വിനയന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്മയും ഫെഫ്കയും പിഴയടക്കണമെന്നായിരുന്നു കമ്മീഷന്റെ വിധി. അമ്മ നാലുലക്ഷം രൂപയും ഫെഫ്ക്ക 85,594 രൂപയും പിഴയടക്കണമെന്നായിരുന്നു ഉത്തരവ്. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, ബി ഉണ്ണികൃഷ്ണന്‍, ഇടവേള ബാബു, സിബി മലയില്‍ എന്നിവര്‍ പിഴയൊടുക്കണമെന്നായിരുന്നു വിധി. ഇന്നസെന്റ് 51000 രൂപയും സിബി മലയില്‍ 61000 രൂപയും പിഴയടക്കണം. 2008 ല്‍ ആണ് താരസംഘടനയായ അമ്മയും ഫെഫ്കയും വിനയനെ പുറത്താക്കുന്നത്. ഇതേത്തുടര്‍ന്നാണ് വിനയന്‍ കോംപറ്റീഷന്‍ കമ്മീഷനെ സമീപിച്ചത്.

തന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കാതിരിക്കുക, തന്റെ സിനിമയില്‍ സഹകരിക്കുന്നതില്‍ നിന്നും താരങ്ങള്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും വിലക്കേര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിനയന്‍ പരാതി നല്‍കിയത്. കോംപറ്റീഷന്‍ കമ്മീഷന്‍ പരാതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു. ഫെഫ്ക കാണിച്ച ക്രൂരതയും പകപോക്കലും മറക്കാന്‍ മനസ്സാക്ഷിയുള്ളവര്‍ക്കാര്‍ക്കും കഴിയില്ലെന്നാണ് വിനയന്‍ വ്യക്തമാക്കിയത്. ഈ അനീതികള്‍ക്കെതിരെ താന്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ ഫയല്‍ ചെയ്ത കേസിന്റെ വിധി ഉടന്‍ വരുമെന്നും ഇതിന് മുന്‍കൈ എടുത്തവര്‍ കാലത്തിന്റെ മുന്നില്‍ മറുപടി പറയേണ്ടിവരുമെന്നും വിനയന്‍ നേരത്തേ പറഞ്ഞിരുന്നു.

Read More >>