നെല്‍കൃഷി രക്ഷിക്കാന്‍ പാടങ്ങളിലേയ്ക്ക് ടാങ്കര്‍ ലോറികളില്‍ വെള്ളം; പാലക്കാട് പൊളളാന്‍ തുടങ്ങി

ആലത്തൂര്‍ തൃപ്പാളൂര്‍ നരിപ്പൊറ്റ പാവുകോട് പാടശേഖരത്തില്‍ ആണ് ടാങ്കര്‍ ലോറിയില്‍ ആദ്യം വെള്ളം എത്തിച്ചത്. ഇവിടത്തെ 100 ദിവസത്തെ വിളവെത്തിയ നെല്‍ച്ചെടികള്‍ കതിരണിഞ്ഞപ്പോള്‍ വെള്ളം കിട്ടാതായി. രണ്ടാഴ്ച കൂടി കഴിഞ്ഞാല്‍ കൊയ്‌തെടുക്കാന്‍ കഴിയുന്ന നെല്‍കൃഷി ഉണങ്ങിപ്പോകുന്നത് ചിന്തിക്കാനേ കഴിയില്ല.

നെല്‍കൃഷി രക്ഷിക്കാന്‍ പാടങ്ങളിലേയ്ക്ക് ടാങ്കര്‍ ലോറികളില്‍ വെള്ളം; പാലക്കാട് പൊളളാന്‍ തുടങ്ങി

നെല്‍കൃഷി ഉണങ്ങാതിരിക്കാന്‍ പാലക്കാട്ടെ പാടശേഖരങ്ങളിലേയ്ക്ക് ടാങ്കര്‍ ലോറികളിലും വെള്ളമെത്തിച്ചു തുടങ്ങി. വിളവെടുക്കാന്‍ ആഴ്ചകള്‍ മാത്രം പ്രായമുള്ള പാടങ്ങള്‍ ഉണങ്ങാതിരിക്കാന്‍ വില കൊടുത്ത് വെള്ളം വാങ്ങേണ്ട ഗതികേടിലാണ് കര്‍ഷകര്‍. കുടിവെള്ളത്തിനും കെട്ടിടം പണിക്കും വീടുകളിലെ വറ്റിയ കിണറുകളിലേക്കും വാട്ടര്‍ ടാങ്കുകളിലേക്കും ടാങ്കര്‍ലോറിയില്‍ വെള്ളം ഇറക്കി പരിചയിച്ച പാലക്കാട്ടുകാര്‍ പാടത്തെ നെല്‍കൃഷി ഉണങ്ങാതിരിക്കാന്‍ ടാങ്കര്‍ ലോറിയില്‍ വെള്ളമിറക്കേണ്ടി വരുമെന്ന് ചിന്തിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞദിവസം മുതല്‍ അതും സംഭവിച്ചു.

ആലത്തൂര്‍ തൃപ്പാളൂര്‍ നരിപ്പൊറ്റ പാവുകോട് പാടശേഖരത്തില്‍ ആണ് ടാങ്കര്‍ ലോറിയില്‍ ആദ്യം വെള്ളം എത്തിച്ചത്. ഇവിടത്തെ 100 ദിവസത്തെ വിളവെത്തിയ നെല്‍ച്ചെടികള്‍ കതിരണിഞ്ഞപ്പോള്‍ വെള്ളം കിട്ടാതായി. രണ്ടാഴ്ച കൂടി കഴിഞ്ഞാല്‍ കൊയ്‌തെടുക്കാന്‍ കഴിയുന്ന നെല്‍കൃഷി ഉണങ്ങിപ്പോകുന്നത് ചിന്തിക്കാനേ കഴിയില്ല. പാടശേഖരങ്ങളുടെ ഉടമസ്ഥരും സഹോദരങ്ങളുമായ സുരേഷും ജയനും ഉണ്ണിക്കൃഷ്ണനും ടാങ്കര്‍ലോറിയില്‍ വെള്ളം എത്തിച്ച് നനയ്ക്കാന്‍ തുടങ്ങി. 6,000 ലിറ്ററിന്റെ മൂന്ന് ടാങ്കര്‍ വെള്ളം ഇതുവരെ ഇറക്കി. ടാങ്കര്‍ അടുത്തായതിനാലും കൃഷിക്ക് വേണ്ടിയായതിനാലും ടാങ്കര്‍ ഒന്നിന് 1000 രൂപ വച്ച് മാത്രമേ ടാങ്കര്‍ ലോറിക്കാരന്‍ വാങ്ങിയുള്ളൂ. ഉണ്ണാനുള്ള നെല്ലെങ്കിലും ഉണക്കാതെ കൊയ്‌തെടുക്കാന്‍ വേണ്ടിയാണ് ഇവര്‍ ടാങ്കര്‍ ലോറികളെ ആശ്രയിച്ചത്. ഇനിയും രണ്ടോ മൂന്നോ തവണ കൂടി വെള്ളം എത്തിച്ചാലേ ഇവരുടെ ഒന്നരയേക്കര്‍ നെല്‍കൃഷി കൊയ്‌തെടുക്കാന്‍ സാധിക്കൂ.

കേരളത്തിന്റെ നെല്ലറയായ പാലക്കാട്ട നെല്‍കൃഷിയുടെ ദുരവസ്ഥ വേനലിന്റെ തുടക്കത്തില്‍ തന്നെയുള്ള വരള്‍ച്ചയുടെ സൂചനയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. മലമ്പുഴ കനാലിലെ വെള്ളം മാത്രമാണ് ഇവര്‍ക്ക് ക്യഷിക്കുള്ള ഏക ആശ്രയം. ആദ്യം വെള്ളം കിട്ടിയില്ല. പിന്നീട് കുറച്ചുനാള്‍ വിട്ടപ്പോഴേക്കും സമീപത്തെ കാഡ കനാല്‍ തകര്‍ന്നതിനാൽ വെള്ളം എത്തിയില്ല. നേരത്തെ മൂന്നു തവണയെങ്കിലും നെല്‍കൃഷി ഇറക്കിയിരുന്ന പാലക്കാട്ടെ പാടങ്ങളില്‍ വര്‍ഷങ്ങളായി അത് ഒന്നും രണ്ടും തവണയായി കുറഞ്ഞു. രണ്ടാം തവണ കൃഷി പൂര്‍ണമായും മലമ്പുഴയിലെ വെള്ളത്തെ ആശ്രയിച്ചാണ് നടക്കുന്നത്.

മഴ കുറഞ്ഞതോടെ നേരത്തെ കൃഷിയാവശ്യത്തിന് 100 ദിവസം വെള്ളം വരെ വിട്ടുനല്‍കിയിരുന്ന മലമ്പുഴയില്‍ നിന്ന് അത് പാതിയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം വെറും 29 ദിവസം മാത്രമാണ് വെള്ളം വിട്ടുനല്‍കിയത്. കുടിവെള്ളത്തിനും കൃഷിയാവശ്യത്തിനും മലമ്പുഴയിലെ വെള്ളം തികയാത്ത അവസ്ഥയില്‍ കഞ്ചിക്കോട്ടെ വ്യവസായ പാര്‍ക്കിലേക്ക് വെള്ളം വില്‍ക്കാനുള്ള ശ്രമത്തിനെതിരെ കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. ആളിയാറില്‍ നിന്ന് വെള്ളം കിട്ടാതായതോടെ ചിറ്റൂര്‍ മേഖലയിലും നെല്‍കൃഷി കനത്ത പ്രതിസന്ധിയിലാണ്. ഒന്നാംവിള വിളവെടുക്കാന്‍ പോലും പറ്റാത്തവിധം പ്രതിസന്ധിയിലെത്തിയിട്ടും ആളിയാര്‍ വെള്ളം നേടിയെടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ കേരളം ഒരിടപെടലും നടത്തിയിട്ടില്ല.


Read More >>