പണവും പുരയിടവും കൈവശപ്പെടുത്തി; വീട്ടിലേക്കുള്ള വെള്ളവും വൈദ്യുതിയും മുടക്കി: വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഒരു കുടുംബം

തങ്ങളെ ജീവിക്കാൻ അനുവദിക്കാതെ പൊലീസുകാരൻ്റെ നേതൃത്വത്തിൽ വേട്ടയാടുന്നതായി ഒരു കുടുംബം. തങ്ങള്‍ താമസിക്കുന്നിടത്തേക്കുള്ള വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു കാലങ്ങളായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചു വിദ്യാനഗറില്‍ താമസിക്കുന്ന അജീഷും ഭാര്യ ഹര്‍ഷയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബമാണ് ണ് പൊലീസുകാരനായ പ്രദീപ്കുമാറിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

പണവും പുരയിടവും കൈവശപ്പെടുത്തി; വീട്ടിലേക്കുള്ള വെള്ളവും വൈദ്യുതിയും മുടക്കി: വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഒരു കുടുംബം

കാസര്‍ഗോഡ് വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപ്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഒരു കുടുംബം. തങ്ങള്‍ താമസിക്കുന്നിടത്തേക്കുള്ള വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു കാലങ്ങളായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചു വിദ്യാനഗറില്‍ താമസിക്കുന്ന അജീഷും ഭാര്യ ഹര്‍ഷയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബമാണ് പ്രദീപ്കുമാറിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

രണ്ടുവര്‍ഷത്തോളമായി പ്രദീപ്കുമാറിന്റെ വീടിനു മുകളിലാണ് അജീഷും കുടുംബവും താമസിക്കുന്നത്. മുമ്പ് പ്രദീപും അജീഷും ചേര്‍ന്നു കോഴി ബിസിനസ് നടത്തിയിരുന്നു. ബിസിനസ് ആവശ്യത്തിനായി എടുത്ത വാഹനത്തിന്റെ ഡ്രൈവറും അജീഷായിരുന്നു. ബിസിനസ് നല്ല ലാഭത്തിലായിരുന്നുവെന്നു അജീഷ് പറയുന്നു. എന്നാല്‍ അതിന്റെ ലാഭവിഹിതമോ ശമ്പളമോ പ്രദീഷ് അജീഷിനു കൊടുത്തിരുന്നില്ല. താന്‍ ഇക്കാര്യം ആവശ്യപ്പെട്ടപ്പോഴൊക്കെ പ്രദീപ് ഭീഷണി മുഴക്കുകയായിരുന്നുവെന്നും അജീഷ് പറയുന്നു.

ഇതിനിടെ ഹര്‍ഷയുടെ മാസികാസ്വാസ്ഥ്യമുള്ള പിതാവിന്റെ പേരില്‍ ചേലക്കാട് സ്ഥിതി ചെയ്യുന്ന വസ്തുവിന്റെ ആധാരം പ്രദീപ് കൈക്കാലാക്കിയെന്നും കുടുംബം ആരോപിച്ചു. ഹര്‍ഷ തന്റെ രണ്ടാമത്തെ പ്രസവത്തിനായി സ്വന്തം വീട്ടില്‍പ്പോയപ്പോഴായിരുന്നു ഇത്. കൃത്രിമ രേഖകളുണ്ടാക്കിയാണ് പ്രദീപ് പണം തട്ടിയതെന്നാണ് ആരോപണം. ഹര്‍ഷയുടെ പിതാവിനെ കാറില്‍ക്കയറ്റി കൊണ്ടുപോയി ഉളിത്തടുക്കയില്‍ വച്ച് പ്പേറുകളില്‍ ഒപ്പിട്ടുവാങ്ങുകയായിരുന്നുവെന്നും കുടുംബം പറയുന്നു.

'പല പ്രാവശ്യം തന്റെ ഭര്‍ത്താവ് ജോലിചെയ്തതിന്റെ കൂലിയും തട്ടിയെടുത്ത ആധാരവും പ്രദീപിനോടു ആവശ്യപ്പെട്ടിരുന്നു. തരില്ല എന്നായിരുന്നു മറുപടി. ആര്‍ക്കു വേണമെങ്കിലും പരാതി നല്‍കാനും മന്ത്രിയോ എസ് പിയോ വിചാരിച്ചാല്‍ പോലും തന്നെ ഒന്നും ചെയ്യാന്‍ കഴയില്ലെന്നുമാണ് പ്രദീപ് പറയുന്നത്. ധൈര്യമുണ്ടെങ്കില്‍ ഇതൊകെ് വാങ്ങിയെടുക്കാന്‍ നോക്കൂ എന്നു പറഞ്ഞു ഭീഷണിപ്പെടുത്താറുമുണ്ട്'- ഹര്‍ഷ പറയുന്നു.

ഇക്കാര്യങ്ങള്‍ കാട്ടി കുടുംബം ഉന്നത ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കി. ഇതിനു പിന്നാലെ അജീഷിനെ പ്രദീപ് ഫോണില്‍ വിളിച്ചു വീട് ഒഴിഞ്ഞുതരാന്‍ ആവശ്യപ്പെടുകയായിരുന്നു. തന്റെ ശമ്പളവും വസ്തുവിന്റെ ആധാരവും തിരികെ തന്നാല്‍ വീട് ഒഴിഞ്ഞു തരാമെന്ന് അജീഷ് മറുപടി നല്‍കി. എന്നാല്‍ ഒരുമണിക്കൂര്‍ സമയപരിധി നിശ്ചയിച്ചു വീട് ഒഴിഞ്ഞുതരാന്‍ പ്രദീപ് ആവശ്യപ്പെടുകയും അതിനു ശ്രമിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ഭീഷണിക്കു മുന്നിലും അജീഷ് വീടൊഴിഞ്ഞുകൊടുക്കാന്‍ തയ്യാറായില്ല. പിന്നാലെ വിദ്യാനഗര്‍ സ്‌റ്റേഷനില്‍നിന്നും ഒരു പൊലീസുകാരന്‍ അജീഷിനെ അന്വേഷിച്ചെത്തുകയും അജീഷിനെ വിളിച്ചിറക്കി അസഭ്യം പറയുകയുമായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. അതിനുശേഷം കൂടുതല്‍ പൊലീസുകാര്‍ എത്തി വീട്ടില്‍ റെയ്ഡ് നടത്തി. ഇതിനെതിരെ ഹര്‍ഷ ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ന്നു വിദ്യാനഗര്‍ സ്റ്റേഷനിലേക്ക് അജീഷിനെയും ഭാര്യയെയും വിളിപ്പിച്ചുവെങ്കിലും പ്രദീപിന് അനുകൂലമായ നിലപാടാണ് അവിടെ പൊലീസ് സ്വീകരിച്ചതെന്നും കുടുംബം പറഞ്ഞു. ഹര്‍ഷയുടെ പിതാവിനെക്കൊണ്ട് ഏതൊക്കെയോ പേപ്പറുകളില്‍ സ്റ്റേഷനില്‍വെച്ച് ഒപ്പുവെപ്പിച്ചുവെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞദിവസം കാസര്‍ഗോഡ്പ്രസ് ക്ലബില്‍ പത്രസമ്മേളനം നടത്തിയാണ് അജീഷും കുടുംബവും ഇക്കാര്യങ്ങള്‍ അറിയിച്ചത്. തങ്ങളുടെ താമസസ്ഥലത്തേക്കുള്ള വൈദ്യുതിയും വെള്ളവും വിഛേദിച്ചിരിക്കുകയാണെന്നും രാത്രികാലങ്ങളില്‍ മുറിയുടെ വാതില്‍ ആരോക്കെയോ അടിക്കുകയും ചവിട്ടുകയും ചെയ്യുന്നുവെന്നും ഹര്‍ഷ പറയുന്നു. പത്ര സമ്മേളനത്തിനിടയില്‍ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു പലപ്പോഴും ഹര്‍ഷ സംസരിച്ചത്.

പ്രദീപിന്റെ ഉപദ്രവങ്ങള്‍ക്ക് പോലീസും കൂട്ടു നില്‍ക്കുന്ന ഒരവസ്ഥയാണ് ഇപ്പോഴുള്ളത്. രാത്രികാലങ്ങളില്‍ വീട്ടിലെത്തിയുള്ള അതിക്രമങ്ങള്‍ കൂടിവരികയാണ്. ഇതുമൂലം കുട്ടികള്‍ പേടിച്ചുവിറക്കുകയാണ്-ഹര്‍ഷ പറയുന്നു. തങ്ങളുടെ ജീവന് തന്നെ ഭീഷണിയുണ്ടെന്നും പൊലീസില്‍ തങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഹര്‍ഷ പറയുന്നു.