സന്യാസിമാരില്‍ സത്യസന്ധരേക്കാള്‍ കൂടുതൽ വ്യാജന്‍മാര്‍; അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം ചുവപ്പുനാടയിൽ

സന്തോഷ് മാധവന്‍ പൊലീസ് വലയില്‍ കുരുങ്ങിയതോടെയാണ് പല വ്യാജ സ്വാമിമാരുടെയും പൂര്‍വാശ്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ഇതുസംബന്ധിച്ച് അന്ന് ഇന്റലിജന്‍സ് ശേഖരിച്ച കണക്കുകളിലും സ്വന്തമായി ആശ്രമം സ്ഥാപിച്ച് ചില സന്യാസിമാര്‍ ആത്മീയ കച്ചവടം നടത്തുന്നതിനെക്കുറിച്ചുള്ള വിവരങ്ങളുണ്ടായിരുന്നു. അതില്‍ ചെറുതും വലുതുമായി വമ്പന്‍മാരുണ്ട്.

സന്യാസിമാരില്‍ സത്യസന്ധരേക്കാള്‍ കൂടുതൽ വ്യാജന്‍മാര്‍; അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം ചുവപ്പുനാടയിൽ

സംസ്ഥാനത്ത് ഹൈന്ദവ സന്യാസിമാരില്‍ സത്യസന്ധരേക്കാള്‍ കൂടുതല്‍ വ്യജന്‍മാര്‍. സന്തോഷ് മാധവന്‍ പൊലീസ് വലയില്‍ കുരുങ്ങിയതോടെയാണ് പല വ്യാജ സ്വാമിമാരുടെയും പൂര്‍വാശ്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ഇതുസംബന്ധിച്ച് അന്ന് ഇന്റലിജന്‍സ് ശേഖരിച്ച കണക്കുകളിലും സ്വന്തമായി ആശ്രമം സ്ഥാപിച്ച് ചില സന്യാസിമാര്‍ ആത്മീയ കച്ചവടം നടത്തുന്നതിനെക്കുറിച്ചുള്ള വിവരങ്ങളുണ്ടായിരുന്നു. അതില്‍ ചെറുതും വലുതുമായി വമ്പന്‍മാരുണ്ട്.

പൂര്‍വാശ്രമത്തില്‍ തട്ടിപ്പും വെട്ടിപ്പുമായി നടന്ന പലരും കാഷായവേഷത്തിലേക്കു കടന്നതിന്റെ കഥകളായിരുന്നു അക്കാലത്ത് മാധ്യമങ്ങളില്‍ ഇടംപിടിച്ചത്. സന്യാസിമാരെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ സ്വാമിമാരെക്കുറിച്ച് സംസ്ഥാന ഇന്റലിജിന്‍സ് പട്ടിക തയ്യാറാക്കിയിരുന്നു.

പൂജയുടെ മറവില്‍ നിരന്തരമായി പീഡനത്തിനിരയായ പെണ്‍കുട്ടി കൊല്ലം പന്മന ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദറുടെ ലിംഗം ഛേദിച്ചതോടെയാണ് വീണ്ടും സന്യാസിമാരുടെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകുന്നത്. വ്യാജ സന്ന്യാസിമാരും സിദ്ധന്മാരും പെരുകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര മാതൃകയില്‍ അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം കൊണ്ടുവരാന്‍ ഇടതുസര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ടെന്നാണ് വിദഗ്ധാഭിപ്രായം. വ്യാജന്‍മാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഇതുകൊണ്ടു കഴിയുന്നതിനൊപ്പം ആത്മീയ തട്ടിപ്പും നിയന്ത്രിക്കാനാകും. ഡ്രഗ്‌സ് ആന്റ് മാജിക്കല്‍ റമഡീസ് ആക്ട് നിലവിലുണ്ടെങ്കിലും കേസെടുക്കുന്നത് അപൂര്‍വം സംഭവങ്ങളില്‍ മാത്രമാണ്.

തോക്ക് സ്വാമി ഹിമവല്‍ ഭദ്രാനന്ദ മുതല്‍ അമൃതാനന്ദമയീ മഠത്തിലെ ചില സ്വാമിമാരുടെ ദുരൂഹ ജീവിതത്തിന്റെ കഥകള്‍ വരെ പുറത്തുവന്നെങ്കിലും പിന്നീടതെല്ലാം വിസ്മരിക്കപ്പെട്ടുവെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. ശിവഗിരിയിലും യതിയുടെ ആശ്രമങ്ങളിലും സത്യസന്ധമായ ജീവിതം നയിക്കുന്ന നിരവധി സന്യാസിമാരുണ്ട്. ചിലരുടെ ഒറ്റപ്പെട്ട തട്ടിപ്പും ദുര്‍നടപ്പും പുറത്താകുമ്പോള്‍ പലപ്പോഴും സന്യാസി സമൂഹമൊന്നാകെ അതിന്റെ ആഘാതം പേറേണ്ട ഗതികേടുമുണ്ട്. കേരളത്തില്‍ മാത്രം ചെറുതും വലതുമായ നൂറുകണക്കിന് ആശ്രമങ്ങളുണ്ട്. ഇതില്‍ നല്ലവരെയും മോശക്കാരെയും വേര്‍തിരിക്കല്‍ പലപ്പോഴും വെല്ലുവിളിയാകാറുമുണ്ട്. മന്ത്രവാദവും പണം വെട്ടിപ്പും എന്‍ജിഒ പ്രവര്‍ത്തനങ്ങളിലൂടെ ഫണ്ട് തട്ടുന്നവരുമായി നിരവധി പേരുണ്ട്.

അതേസമയം, ലൗകിക ജീവിതം വെടിഞ്ഞ് ആത്മീയതയുടെ വഴികളില്‍ ജീവിതം നയിക്കുന്ന സത്യസന്ധരായ നിരവധി സന്യാസിമാര്‍ കേരളത്തില്‍ത്തന്നെയുണ്ടെന്ന സത്യം നിലനില്‍ക്കുന്നുമുണ്ട്. ആത്മീയ മാര്‍ഗങ്ങളില്‍ നിന്നു വ്യതിചലിക്കാതെ ലാഭേച്ഛയില്ലാതെ ജീവിതം സന്യാസത്തിനു സമര്‍പ്പിക്കപ്പെട്ടവരേറെയാണ്. നിത്യചൈതന്യ യതിയുടെ ആശ്രമങ്ങളിലെല്ലാം ആത്മീയതയ്ക്കപ്പുറം സത്യസന്ധതയും ധാര്‍മികമൂല്യങ്ങളും മുറുകെ പിടിച്ചവരെ കാണാന്‍ കഴിയും.

അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം കൊണ്ടുവന്നാല്‍ മാത്രമേ ഒരു പരിധി വരെയെങ്കിലും ആത്മീയ തട്ടിപ്പുകള്‍ തടയാന്‍ കഴിയുമെന്ന് കേരള യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ് ടി എസ് പ്രദീപ് നാരദാ ന്യൂസിനോട് പറഞ്ഞു. ആത്മീയതയുടെ പേരില്‍ ചെറുതും വലുതുമായ കച്ചവടങ്ങളും ചൂഷണങ്ങളുമാണ് നടക്കുന്നത്. ഇതു തടയാന്‍ പ്രസ്തുത നിയമം അനിവാര്യമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്രാമ-പട്ടണ പ്രദേശങ്ങളില്‍ കൂണുപോലെ മുളച്ചുപൊങ്ങുന്ന ആശ്രമങ്ങളുണ്ട്. കോഴിക്കോട് സുനില്‍ സ്വാമിയുടെ ആശ്രമമൊക്കെ വാര്‍ത്തയില്‍ നിറഞ്ഞത് അങ്ങനെയാണ്. ബാബു ആന്റണിയെ നായകനാക്കി 'ചന്ത' എന്ന സിനിമയുള്‍പ്പെടെ എടുത്ത സുനിലാണ് പിന്നീട് കാഷായ വസ്ത്രധാരണത്തിലേക്കു പോയത്. പാലക്കാട് കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള നിരവധി ആശ്രമങ്ങളുണ്ട്. ഇതില്‍ ചെറിയൊരു ശതമാനം മാത്രമാണ് സത്യസന്ധമായി പ്രവര്‍ത്തിക്കുന്നത്.

അവശേഷിക്കുന്നതില്‍ അധികവും ഫണ്ട് ലക്ഷ്യമിട്ടുള്ള എന്‍ജിഒകളാണെന്ന് രഹസ്യാന്വേഷണവിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ പറയുന്നു. സംസ്ഥാനത്തിനു പുറത്തുള്ള കേസുകള്‍ മാത്രമാണ് പലപ്പോഴും പുറത്തുവരാറുള്ളത്. വ്യാജന്‍മാരായ സന്യാസിമാരില്‍ നിന്ന് മോശമായ അനുഭവം ഉണ്ടായാല്‍ത്തന്നെ മാനഹാനി ഭയന്ന് പലരും സംഭവം മൂടിവെയ്ക്കുകയാണ് പതിവ്. പന്മന സംഭവം പുറത്തുവന്നതോടെ സന്യാസി സമൂഹത്തിനെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് സോഷ്യല്‍ മീഡിയയുടെ ഉള്‍പ്പെടെയുള്ള ഇടപെടലും.