ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിന്റെ മറവിൽ വാട്സ്അപ്പിൽ വ്യാജപ്രചാരണം; നടപടിയുമായി കണ്ണവം, മട്ടന്നൂർ പൊലീസ്

സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കർശനമായ നടപടികൾ എടുക്കുമെന്നും മട്ടന്നൂർ, കണ്ണവം പൊലീസ് അറിയിച്ചു.

ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിന്റെ മറവിൽ വാട്സ്അപ്പിൽ വ്യാജപ്രചാരണം; നടപടിയുമായി കണ്ണവം, മട്ടന്നൂർ പൊലീസ്

കണ്ണൂർ ആലപ്പറമ്പിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്റെ (24) കൊലപാതകവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് മട്ടന്നൂർ, കണ്ണവം പൊലീസ് അറിയിച്ചു. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മട്ടന്നൂർ എസ്ഐ വിനീഷ് കുമാർ പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നും കൊല്ലപ്പെട്ടയാൾ സിപിഐഎമ്മിലേക്ക് മാറാനിരിക്കെയാണ് കൊലപ്പെടുത്തിയതെന്ന തരത്തിലുള്ള സന്ദേശം വാട്സാപ്പിൽ പ്രചരിപ്പിച്ചതിന് ഇന്നലെ ഒരാൾക്കെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തിരുന്നു. ഉളിയിൽ സ്വദേശി റംഷാദിനെതിരെയാണ് പൊലീസ് കേസെടുത്തത്.

കൂടാതെ കണ്ണവം, ചെറുവാഞ്ചേരി, തൊക്കിലങ്ങാടി ഭാഗങ്ങളിലേക്കുള്ള യാത്രകൾ മുസ്‌ലിം സുഹൃത്തുക്കൾ ഒഴിവാക്കണമെന്നും വാഹനങ്ങൾ തടഞ്ഞുവെച്ച് വ്യാപക ആക്രമണം നടക്കുന്നു സൂക്ഷിക്കുക എന്നായിരുന്നു സന്ദേശം. കൂടാതെ അപകടത്തിൽപ്പെട്ടവർ ഉടൻ വിവരമറിയിക്കുന്നതിനായി കണ്ണവം എസ്ഐയുടെ മൊബൈൽ നമ്പർ നൽകുകയും ചെയ്‌താണ്‌ സന്ദേശം പ്രചരിക്കുന്നത്. ഇത്തരം സന്ദേശങ്ങൾ വ്യാജമാണെന്നും ഇത് വാട്സാപ്പിലൂടെയും മറ്റും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും കണ്ണവം എസ്ഐ കെവി ഗണേശൻ നാരദ ന്യൂസിനോട് പറഞ്ഞു.

Read More >>