വിജയരാഘവൻ സൈബർ സാഡിസ്റ്റുകളുടെ ആദ്യത്തെ ഇരയല്ല; വ്യാജ വാർത്താ പ്രചാരണ പ്രവണത കടുത്ത മനോരോ​ഗം

പലതരം വ്യാജ വാർത്തകൾക്കും പ്രചാരണങ്ങൾക്കുമുള്ള മികച്ച വേദിയായി മാറിയ കരുതുന്ന സോഷ്യൽമീഡിയയിൽ, ജീവിച്ചിരിക്കുന്നവരെ കൊല്ലുന്ന പ്രവണത ട്രെൻഡായിട്ടു കുറച്ചുകാലമായി. സിനിമാ നടൻമാരും നടിമാരുമാണ് ഇത്തരം സൈബർ സാഡിസത്തിന്റെ ഏറ്റവും വലിയ ഇരകൾ. മുമ്പും പല താരങ്ങളും ഇത്തരത്തിൽ 'സൈബർ വധ'ത്തിന് ഇരയായിട്ടുണ്ട്. സലിംകുമാർ, മാമുക്കോയ, ജ​ഗതി ശ്രീകുമാർ, അനു ജോസ്, സനുഷ തുടങ്ങിവരാണ് മുമ്പത്തെ ഇരകൾ.

വിജയരാഘവൻ സൈബർ സാഡിസ്റ്റുകളുടെ ആദ്യത്തെ ഇരയല്ല; വ്യാജ വാർത്താ പ്രചാരണ പ്രവണത കടുത്ത മനോരോ​ഗം

ഒരാളെ പറ്റിയോ ഒരു കൂട്ടം ആളുകളെ പറ്റിയോ ഒക്കെ ഇല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുക എന്ന സ്വഭാവം മനുഷ്യന്റെ കൂടപ്പിറപ്പാണ്. അതുമൂലം പൊതുജന മധ്യത്തിൽ നാണംകെട്ടിട്ടുള്ളവരും ആക്രമിക്കപ്പെട്ടിട്ടുള്ളവരും നിരവധി. പണ്ടൊക്കെ ഒരു വ്യക്തിയെ പറ്റി ഏഷണിയും പരദൂഷണവും പറഞ്ഞിരുന്നത് നാവുകൊണ്ടായിരുന്നെങ്കിൽ ഇന്നതിനു ഡിജിറ്റൽ പരിവേഷം കിട്ടിയെന്നു മാത്രം.

പരദൂഷണത്തിന്റെയും വ്യാജ വാർത്താ പ്രചാരണത്തിന്റേയും കുത്തക പൊതുവെ സ്ത്രീകളുടെ തലയിൽവെയ്ക്കുന്നവരാണ് നമ്മളൊക്കെ. അവരുടെ റോൾ വീട്ടുമുറ്റത്തും കുളിക്കടവിലുമൊക്കെയാണെങ്കിൽ വഴിവക്കത്തും കലുങ്കിനു മുകളിലും ചായക്കടയിലും ഇരുന്ന് മറ്റുള്ളവരുടെ ഇറച്ചിതിന്നുന്നതാണ് പുരുഷന്മാരുടെ ശൈലി. എന്നാൽ, സോഷ്യൽമീഡിയയുടെ അതിപ്രസരത്തോടെ വ്യാജവാർത്താ പ്രചാരണത്തിന്റെ പ്രധാന ഇടമായി അതുമാറി. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയെ സൈബർ കുളിക്കടവെന്നു വിശേഷിപ്പിക്കുന്നവരും കുറവല്ല.

പലതരം വ്യാജ വാർത്തകൾക്കും പ്രചാരണങ്ങൾക്കുമുള്ള മികച്ച ആയുധമായി ഇത്തരക്കാർ കരുതുന്ന സോഷ്യൽമീഡിയയിൽ, ജീവിച്ചിരിക്കുന്നവരെ കൊല്ലുന്ന പ്രവണത ട്രെൻഡായിട്ടു കുറച്ചുകാലമായി. അത്തരമൊരു പ്രചാരണത്തിലൂടെ ഇരകളുടെ അടുപ്പക്കാരും സ്നേഹിതരും കൂടപ്പിറപ്പുകളും കുടുംബക്കാരും വേദനിക്കുന്നതിൽ വിനോദം കണ്ടെത്തുക എന്നതാണ് ഇത്തരക്കാരുടെ ആന്തരിക സൗഖ്യം. പരാതി ലഭിക്കുമ്പോൾ വിവിധ ഐടി വകുപ്പുകൾ ചുമത്തി കുറ്റക്കാർക്കെതിരെ സൈബർ പൊലീസ് കേസെടുത്താലും വ്യാജപ്രചാരണ മനോഭാവത്തിന് അത് യാതൊരുവിധ കോട്ടവും ഉണ്ടാക്കുന്നില്ല എന്നതാണു യാഥാർത്ഥ്യം. സിനിമാ നടൻമാരും നടിമാരുമാണ് ഇത്തരം സൈബർ സാഡിസത്തിന്റെ ഏറ്റവും വലിയ ഇരകൾ.

അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഇന്നലെ സൈബറിടത്തിൽ 'കൊല്ലപ്പെട്ട' നടൻ വിജയരാഘവൻ. 'ഷൂട്ടിങ്ങിനിടെയുണ്ടായ അ​പ​ക​ട​ത്തി​ൽ ന​ട​ൻ വി​ജ​യ​രാ​ഘ​വ​ൻ മ​രി​ച്ചു' എ​ന്ന രീ​തി​യി​ലാ​യി​രു​ന്നു വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​ച്ച​ത്.​ വിജയരാഘവന്റെ ഫോട്ടോ വച്ച് അലങ്കരിച്ചൊരു ആംബുലൻസിന്റെ ചിത്രം വച്ചായിരുന്നു ഈ മരണ വാർത്ത. വിജയരാഘവന്റെ മൃതദേഹമാണ് ആംബുലൻസിനകത്ത് എന്നായിരുന്നു പ്രചാരണം. ഒടുവിൽ, താൻ മരിച്ചിട്ടില്ലെന്നു വ്യക്തമാക്കി വിജയരാഘവൻ തന്നെ രം​ഗത്തെത്തിയിട്ടും ഇപ്പോഴും പല വാട്ട്സാപ്പ് ​ഗ്രൂപ്പുകളിൽ ഈ വാർത്ത നിർബാധം പടർന്നുപിടിക്കുന്നുണ്ട്.


വിജയരാഘവന്റെ ഫോട്ടോ വച്ച ആംബുലൻസ് അ​ദ്ദേഹം അഭിനയിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണ രം​ഗങ്ങളിൽ നിന്നുള്ളതായിരുന്നു. ദിലീപ് നായകനാകുന്ന 'രാ​മ​ലീ​ല' എ​ന്ന പു​തി​യ സി​നി​മ​യിലേതാണ് ആ രം​ഗം. എന്നാൽ ചിത്രം വച്ചുള്ള ആംബുലൻസ് കണ്ടതോടെ വാർത്തയുടെ 'സത്യസന്ധത' വർധിക്കുകയായിരുന്നു.

മുമ്പും പല താരങ്ങളും ഇത്തരത്തിൽ 'സൈബർ വധ'ത്തിന് ഇരയായിട്ടുണ്ട്. സലിംകുമാർ, മാമുക്കോയ, ജ​ഗതി ശ്രീകുമാർ, അനു ജോസ്, സനുഷ തുടങ്ങിവരാണ് മുമ്പത്തെ ഇരകൾ. ഇതിൽ സലിംകുമാറിനു പലതവണ 'മരിക്കേണ്ടി'വന്നിട്ടുണ്ട്. സലിം കുമാർ മരിച്ചതായി ഒരു ചാനലിൽ സ്കോൾ വരെ വന്നിരുന്നു. ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴായിരുന്നു സലിംകുമാറിന്റെ മരണവാർത്ത അശ്രുപുഷ്പങ്ങളുടെ അകമ്പടിയോടെ സോഷ്യൽമീഡിയയിലാകെ പരന്നത്. പിന്നീട്, അദ്ദേഹം തന്നെ ക്യാമറയ്ക്കു മുന്നിലെത്തി താൻ മരിച്ചിട്ടില്ലെന്ന് അറിയിച്ചപ്പോഴാണ് ഈ പ്രചാരണത്തിനു അവസാനമായത്.

തന്റെ മരണവാർത്ത പ്രചാരണത്തിനോട് സലീംകുമാർ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. 'ആശുപത്രിയില്‍ കയറിയാലുടന്‍ ആള് മരിച്ചെന്നു പ്രചരിപ്പിക്കുന്നത് മനുഷ്യത്വമില്ലായ്മയാണ്. പരപീഡനം സുഖമായി കാണുന്ന രീതി സോഷ്യല്‍മീഡിയയില്‍ മാത്രമാണെന്നു ഞാന്‍ കരുതുന്നില്ല. കേരളസമൂഹത്തിനു മൊത്തത്തില്‍ ഉളുപ്പില്ലായ്മ വന്നിട്ടുണ്ട്. ഏതു പ്രസ്ഥാനത്തില്‍ ആയാലും തുടക്കത്തില്‍ വരുന്നവരില്‍ അധികവും മാന്യന്മാരായിരിക്കും. പിന്നെ കാലം കഴിയുമ്പോള്‍ അവിടെ ക്രിമിനലുകളും വരും. ഫേസ്ബുക്കിന്റെ കാര്യവും അങ്ങനെ തന്നെ. ഇപ്പോള്‍ ക്രിമിനല്‍ മൈന്‍ഡ് ഉള്ളവരും വ്യാജപ്രൊഫൈലുകളും ഫേസ്ബുക്കില്‍ വളരെ കൂടുതലാണ്. തന്റെ വ്യാജ മരണവാർത്ത കണ്ടപ്പോൾ ദുബായിലുള്ള സുഹൃത്തുക്കള്‍ ചേര്‍ന്ന് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കി. നാളിതു വരെ ഒരു മറുപടിയും കിട്ടിയിട്ടില്ല'- എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ജ​ഗതി ശ്രീകുമാറായിരുന്നു സൈബർ കൊലയാളികളുടെ അടുത്ത ഇര. മനോരമ ന്യൂസിന്റെ പേരിലായിരുന്നു ഈ വാർത്ത പ്രചരിച്ചത്. 'മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജ​ഗതി ശ്രീകുമാർ (64) ഹൃദയാഘാതം മൂലം മരണപ്പെട്ടു' എന്നായിരുന്നു വാർത്ത. ഇത് അദ്ദേഹത്തെ സ്നേഹിക്കുന്ന വലിയൊരു പ്രേക്ഷകസമൂഹത്തെയാകെ ഞെട്ടിച്ച വാർത്തയായിരുന്നു. എന്നാൽ ഇത് വ്യാജമാണെന്നു വ്യക്തമായതോടെയാണ് എല്ലാവർക്കും ആശ്വാസമായത്. തുടർന്ന്, വ്യാജ വാർത്ത പ്രചാരണത്തിനെതിരെ മനോരമ ന്യൂസും ജ​ഗതിയുടെ മകൻ രാജ്കുമാറും നൽകിയ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തിരുന്നു.


സൈബർ സാഡിസ്റ്റുകളുടെ അടുത്ത ഇര പ്രമുഖ സീരിയല്‍ സിനിമാ നടി അനു ജോസഫായിരുന്നു. എന്നാൽ തനിക്കൊരു കുഴപ്പവുമില്ലെന്നും ആരുടെയൊക്കെയോ വികൃതമായ സൃഷ്ടി മാത്രമാണ് ഇതെന്നുമുള്ള പ്രതികരണവുമായി അനു തന്നെ രം​ഗത്തെത്തിയപ്പോൾ ഇത്തരക്കാരുടെ വായടഞ്ഞു. തുടർന്ന്, നടൻ മാമുക്കോയയെ ആണ് ഇത്തരക്കാർ 'കൊന്നത്'. വാട്ട്സ് ആപ്പ് സന്ദേശങ്ങളിലൂടെയാണ് മാമുക്കോയ അന്തരിച്ചെന്ന തരത്തിലുള്ള വാർത്ത പ്രചരിച്ചത്. തുടർന്ന് മറ്റു സാമൂഹ്യമാധ്യമങ്ങളും ഇത് ഏറ്റെടുക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഈ സമയം വയനാട്ടിലുണ്ടായിരുന്ന മാമുക്കോയ സംഭവം അറിയുകയും താൻ ജീവനോടെയുണ്ടെന്നു വ്യക്തമാക്കുകയുമായിരുന്നു. തന്നെ വിളിച്ചവരോടെല്ലാം താൻ മരിച്ച വിവരമറിഞ്ഞു വിളിച്ചതാണല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ശല്യം സഹിക്കവയ്യാതെ രാത്രിയോടെ അദ്ദേഹം ഫോണ്‍ ഓഫാക്കിയത് കൂടുതൽ അഭ്യൂഹങ്ങൾക്ക് വഴിതെളിച്ചിരുന്നു.

ഇതിനിടെ, നടി കനകയ്ക്കും ഈ ദുർ​ഗതി വന്നിരുന്നു. ശേഷം, യുവനടി സനൂഷയാണ് വിജയരാഘവനു മുമ്പ് സൈബറിടങ്ങളിൽ കൊല്ലപ്പെട്ട സിനിമാ താരം. സനൂഷ വാഹനാപകടത്തില്‍ മരിച്ചെന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ വ്യാജപ്രചാരണം. അപകടമുണ്ടായ വാഹനത്തിന്റെ ചിത്രം സഹിതമാണ് വ്യാജവാര്‍ത്ത പ്രചരിച്ചത്. ഈ വർഷം ജനുവരി അവസാനമായിരുന്നു സംഭവം. വാര്‍ത്ത വ്യാപകമായി പ്രചരിച്ചതോടെ സനൂഷയെ നിരവധി ആളുകളാണ് ഫോണിലും മറ്റും ബന്ധപ്പെട്ടത്.


ജീവിച്ചിരിക്കുന്ന ആളുകളെ കൊല്ലുന്ന ഏറ്റവും അപകടകരമായ മാനസികാവസ്ഥയടക്കം വ്യാജ പ്രചരണ മനോഭാവമെല്ലാം മനോരോ​ഗമായാണ് സൈക്കോളജിസ്റ്റുകൾ വിലയിരുത്തുന്നത്. ‌തുടർച്ചയായി ഇത്തരത്തിൽ വ്യാജ വാർത്തകളോ കാര്യങ്ങളോ പ്രചരിപ്പിക്കുന്ന പ്രവണത പേഴ്സണാലിറ്റി ഡിസോർഡർ (പെരുമാറ്റ വൈകല്യം) ആണെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. ഇത്തരക്കാർ വളർന്നുവന്ന സാഹചര്യമാണ് ഈ മനോഭാവത്തിനു കാരണം. മുമ്പും പലതവണ ഇത്തരം വ്യാജവാർത്തകളും മറ്റും ഇവർ പ്രചരിപ്പിച്ചിട്ടുണ്ടാവാം. ഇങ്ങനെയുള്ള പ്രചാരണത്തിലൂടെ പ്രത്യേക മാനസിക സംതൃപ്തി ലഭിക്കുന്നു എന്നതാണ് ഇവ ആവർത്തിക്കാൻ കാരണം. ബിഹേവിയർ തെറാപ്പി (ദുശ്ശീലത്തെ മറ്റൊരു പ്രവർത്തി കൊണ്ട് തടയുക), കോ​ഗ്നിറ്റീവ് തെറാപ്പി (ചിന്തയിൽ മാറ്റം വരുത്തുക) എന്നിവയാണ് ഇതിനുള്ള പരി​ഹാരമാർ​ഗമായി മനോരോ​ഗ വിദ​ഗ്ധർ അവലംബിക്കുന്നത്.

അതേസമയം, നിയമപരമായി ഇതിനു പലതരം ശിക്ഷാനടപടികൾ ഉണ്ടെന്നിരിക്കെ പലപ്പോഴും അതൊന്നും ഫലപ്രദമാവുന്നില്ലെന്നു വേണം പറയാൻ. ഐപിസി 499 ഉം വിവിധ ഐടി ആക്ടുകളും അനുസരിച്ച് വ്യാജപ്രചാരണങ്ങൾ കുറ്റകരമാണ്. എന്നാൽ നടപടികൾ കാര്യക്ഷമമാവുന്നില്ല എന്നതാണ് വാസ്തവം. ഇപ്പോൾ പ്രശസ്തരെയാണ് ഇവർ കൊല്ലുന്നതെങ്കിൽ നാളെയത് സാധാരണക്കാരിലേക്കു എത്തുമെന്നതിൽ സംശയമില്ല. ഒപ്പം ജോലി ചെയ്യുന്നവരാലോ, പഠിക്കുന്നവരാലോ ഒക്കെ നമ്മളൊക്കെ ഇത്തരത്തിൽ കൊല്ലപ്പെട്ടേക്കാവുന്ന കാലം വിദൂരമല്ല. മാന്യമായി സോഷ്യൽമീഡിയ ഉപയോ​ഗിക്കുന്ന ലോകമാകെയുള്ള വലിയൊരു ജനസമൂഹത്തിനും നിയമവ്യവസ്ഥയ്ക്കും പൊതുസമൂഹത്തിനും നേർക്കാണ് ഇത്തരക്കാർ കൊഞ്ഞനംകുത്തുന്നത്. അതിനെതിരെ നിയമ-ആരോ​ഗ്യ-സൈബർ മേഖലയിലുള്ളവർ ജാ​ഗരൂകരായിരിക്കേണ്ടത് അത്യാവശ്യമാണ്.