സ്വയം പ്രഖ്യാപിത 'ഡോക്ടർ' ജേക്കബ് വടക്കാഞ്ചേരി; മദ്യവർജക പ്രവർത്തകനിൽ നിന്ന് ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ കൺകെട്ടുവിദ്യ

ഡെങ്കു പനി മുതൽ ഡിഫ്തീരിയ വരെയുള്ള സകല പനി/രോഗ മരണങ്ങളുടെയും വ്യാപ്തി വർധിപ്പിക്കും വിധം പ്രചാരണം നടത്തിയിട്ടുള്ള 'പ്രകൃതി ചികിത്സകൻ' ജേക്കബ് വടക്കാഞ്ചേരി എന്ന സ്വയം പ്രഖ്യാപിത ഡോക്ടർ ഇപ്പോൾ നിപാ വൈറസ് എന്ന ഒന്നില്ലെന്ന കൊലയാളി പ്രഖ്യാപനവുമായി രംഗത്ത് വന്നിട്ടുണ്ട്. മദ്യവർജകനിൽ നിന്നും 'ഡോക്ടർ' ആയ ജേക്കബ് വടക്കഞ്ചേരി കെട്ടിയുയർത്തിയിരിക്കുന്നത് വലിയൊരു ബിസിനസ് സാമ്രാജ്യമാണ്.

സ്വയം പ്രഖ്യാപിത ഡോക്ടർ ജേക്കബ് വടക്കാഞ്ചേരി; മദ്യവർജക പ്രവർത്തകനിൽ നിന്ന് ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ കൺകെട്ടുവിദ്യ

അത്ഭുതരോഗശാന്തിക്കാരെ വെല്ലുന്ന വാക്ചാതുരിയും യോഗയുടെ മറവില്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്ന ബാബാ രാംദേവ് മോഡല്‍ ബുദ്ധിയും കൂടിച്ചേർന്നതാണ് യാഥാർത്ഥത്തിൽ 'ഡോക്ടര്‍ ജേക്കബ് വടക്കഞ്ചേരി'. ഗാന്ധിയന്‍ എന്ന വിശേഷണവും, കമ്മ്യൂണിസ്റ്റുകള്‍ ഉപയോഗിക്കുന്ന വാക്കുകളും, തീവ്ര മത വിശ്വാസികള്‍ അനുകൂലിക്കുന്ന വാദങ്ങളും ആണ് ജേക്കബ് വടക്കഞ്ചേരിയുടെ വാക്‌സിന്‍ വിരുദ്ധ പരാമര്ശങ്ങളെയും പ്രകൃതി ജീവനത്തെയും ജനപ്രിയമാക്കുന്നത്. പഴവും പച്ചക്കറിയും കഴിച്ചുള്ള ഗാന്ധിയന്‍ രീതിയെക്കുറിച്ച് വടക്കഞ്ചേരി പറയുന്നു. ഇടതുപക്ഷപുരോഗമനവാദികള്‍ പ്രസിദ്ധമാക്കിയ 'സാമ്രാജ്യത്വ കോര്പതറേറ്റ് അജണ്ട' എന്നൊക്കെയുള്ള വാക്കുകള്‍ വാക്‌സിനുകളെപ്പറ്റിയും മോഡേണ്‍ മെഡിസിന്‍ കമ്പനികളെക്കുറിച്ചും പറയാന്‍ ഉപയോഗിക്കുന്നു. ശരീരം തന്നെ രോഗം ഭേദമാക്കുന്നു - മരുന്നുകള്‍ വേണ്ടാ എന്നൊക്കെയുള്ള വാദങ്ങള്‍ തീവ്ര സെമിറ്റിക് മതഭക്തന് പ്രിയങ്കരമാവുന്നു. അങ്ങനെ വടക്കഞ്ചേരിയുടെ വാദങ്ങള്‍ ജനപ്രിയമാവുകയും അതിവേഗം പ്രചാരം നേടുകയും ചെയ്യുന്നു.

പ്രകൃതിചികിത്സ എന്ന വടക്കഞ്ചേരിയുടെ പ്രവർത്തനത്തിന് അത്ഭുത രോഗശാന്തിയുമായി വലിയ അകലമൊന്നും ഇല്ല. ഹിസ്റ്റീരിയ ബാധിച്ചതുപോലുള്ള ജല്പനങ്ങളും കൂക്കുവിളികള്‍ നിറഞ്ഞ ദൈവസ്‌തോത്രവും ഒഴിച്ച് നിർത്തിയാൽ തികച്ചും അച്ചടക്കത്തോടെ നടക്കുന്ന ദിവ്യാദ്ഭുതരോഗശാന്തിശുശ്രൂഷ തന്നെയാണ് വടക്കഞ്ചേരിയുടെ ഓരോ പ്രസംഗവേദികളും. ദിവ്യാത്ഭുതക്കാരില്‍ നിന്നും വ്യത്യസ്തമായി വടക്കഞ്ചേരി 'ഓണ്‍ ദ സ്‌പോട്ട്' രോഗമുക്തി നല്കു ന്നില്ല. എന്നാല്‍ പഴചികിത്സയിലൂടെയും മറ്റും രോഗശാന്തി നേടിയിട്ടുള്ളവരുടെ സാക്ഷ്യം പറച്ചില്‍ ഒക്കെ മീറ്റിങ്ങുകളില്‍ മുറപോലെ നടക്കും. യൂട്യൂബ് ചാനല്‍ വഴിയും സാക്ഷ്യം പറച്ചിലുകള്‍ ഉണ്ട്. ദിവ്യാത്ഭുത രോഗശാന്തിക്കാരന്‍ സജിത് ജോസഫിനെപ്പോലെ പേരും അഡ്രസ്സും ഇല്ലാത്തവരല്ല വടക്കഞ്ചേരിയുടെ സാക്ഷ്യം പറച്ചിലുകാര്‍. എല്ലാവരും അധ്യാപകരോ പൊലീസുകാരോ ഉന്നതോദ്യോഗസ്ഥരോ ആയിരിക്കും.

ഏറെക്കാലം പ്രമേഹത്തിനും മറ്റും ചികിത്സതേടിയിട്ടുള്ളവര്‍ ആണ് മിക്കവാറും വടക്കഞ്ചേരിയുടെ രോഗികള്‍. വെജിറ്റബിളും പഴവും കഴിച്ച് രോഗസൗഖ്യം ഉണ്ടാകുമത്രേ. മുന്പ് കഴിച്ച മരുന്നുകളുടെ സ്വാധീനം മൂലം ഉണ്ടാകുന്ന താത്കാലിക ആശ്വാസങ്ങള്‍ മാത്രമാണ് ഇതെന്നാണ് ഡയബറ്റിക് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. വടക്കഞ്ചേരിയുടെ ചികിത്സ ഫലിക്കാതിരിക്കുന്ന ആളുകള്‍ വിശ്വസിക്കുന്നത് അഥവാ വിശ്വസിപ്പിച്ചിരിക്കുന്നത് അവർക്ക് രോഗസൗഖ്യം ഉണ്ടാകാത്തത് മുൻപ് കഴിച്ച മോഡേണ്‍ മരുന്നുകള്‍ കാരണമാണ് എന്നാണ്. ഒരുപക്ഷേ ദിവ്യാത്ഭുതക്കാരുടെ അടുത്ത് 'ദൈവാനുഗ്രഹം' ലഭിക്കാത്തവർക്ക് രോഗസൗഖ്യം ലഭിക്കാത്തതിന് സമാനമായ അവസ്ഥ!

1980ല്‍ ഗാന്ധിയന്‍ ആയും മദ്യവർജക പ്രവർത്തകനായും പൊതുരംഗത്തേക്കിറങ്ങിയ വടക്കഞ്ചേരിയുടെ വളർച്ച വ്യത്യസ്ത മേഖലകളിലൂടെ ആയിരുന്നു. വടക്കഞ്ചേരി ഒരു പക്ഷെ മദ്യത്തിന് ശേഷം തള്ളിപ്പറഞ്ഞിരിക്കുക 'പൊറോട്ടയെ' ആയിരിക്കും. ജീവിതശൈലീ രോഗങ്ങള്‍ പിടിപെട്ട് ഉഴലുന്ന മലയാളിക്ക് അത് ഏറെ പ്രിയങ്കരമായി. ഓയില്‍ വിഭവങ്ങള്‍, പാചകരീതി എന്നിവയിലൊക്കെ അശാസ്ത്രീയത കണ്ടെത്തി പ്രചാരണവും ക്ലാസുകളും ആരംഭിച്ചതോടെ ജേക്കബ് വടക്കഞ്ചേരി ജനപ്രിയനായി.

ബിസിനസ് സാമ്രാജ്യത്തിന്റെ ആരംഭം

അങ്ങനെ 1998ല്‍ വടക്കഞ്ചേരി 'നേച്ചര്‍ ലൈഫ് ഇന്റർനാഷണൽ' എന്ന എന്‍ ജി ഒ ആരംഭിച്ചു. പിന്നീട് യോഗ ഗുരു രാംദേവിന്റെ വഴിയിലൂടെയാണ് ഈ എന്‍ ജി ഒ സഞ്ചരിച്ചത്. ഇപ്പോള്‍ ഏഴ് പ്രകൃതിചികിത്സാ ആശുപത്രികളും നാല് ശാഖകളുള്ള അരുവി പ്രകൃതി ഭോജന റെസ്റ്റോറന്റുകളും മുപ്പത് പ്രകൃതിജന്യ ഉത്പന്നങ്ങളും നിരവധി പ്രസിദ്ധീകരണങ്ങളും ഹോളിഡേ ടൂറുകളും ഒക്കെയുള്ള ഒരു വ്യാപാരസ്ഥാപനം ആണ് 'നേച്ചര്‍ ലൈഫ് ഇന്റർനാഷണൽ'. ഗാന്ധിയന്‍ എന്ന വിശേഷണത്തില്‍ നിന്നും 'ഡോക്ടര്‍' എന്നും പ്രകൃതിജീവകന്‍ എന്നും സാമൂഹ്യപ്രവർത്തകൻ എന്നും ഒക്കെയുള്ള വിശേഷണത്തിലേക്ക് ജേക്കബ് വടക്കഞ്ചേരിയും വളർന്നുകഴിഞ്ഞു. പണ്ട് മദ്യത്തെ തള്ളിപ്പറഞ്ഞ വടക്കഞ്ചേരി ഇന്ന് വാക്‌സിനുകളെ തള്ളിപ്പറയുന്നു.

വടക്കഞ്ചേരിയുടെ ഹോസ്പിറ്റലുകളില്‍ ഉപയോഗിക്കുന്നത് അശാസ്ത്രീയവും പ്രാചീനവുമായ ഗോത്രകാല ചികിത്സാ രീതിയാണ്. പനി അനുഗ്രഹമാണെന്നും പല കഠിനമായ രോഗങ്ങൾക്കും കഫമാണ് കാരണമെന്നും അതിന് മണ്ണുപൊത്തിയുകയാണ് വേണ്ടതെന്നും വടക്കഞ്ചേരി നടത്തുന്ന പ്രസംഗങ്ങള്‍ യൂട്യൂബില്‍ തന്നെ സുലഭമാണ്.

രോഗിയെക്കൊലപ്പെടുത്തിയ ചികിത്സാ ശൈലിയും പാരമ്പര്യവും

ചികിത്സക്കിടെ രോഗി മരിച്ച സംഭവത്തില്‍ ആയുര്‍വേദ ചികിത്സകന്‍ ജേക്കബ് വടക്കഞ്ചേരി നാലുലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടത് ഈ വർഷം ആദ്യമായിരുന്നു. കോഴിക്കോട്ടെ അഭിഭാഷകനായ സി വിനയാനന്ദനെ എറണാകുളം ചമ്പക്കര നേച്ചര്‍ ലൈഫ് ഹോസ്പിറ്റലില്‍ 2005ല്‍ 'കൊലപ്പെടുത്തുകയായിരുന്നു'. പ്രമേഹവും കുടലില്‍ അള്‍സറും വൃക്കയില്‍ കല്ലും മറ്റും കാരണം കഷ്ടമനുഭവിച്ചിരുന്ന അഡ്വ. വിനായനാന്ദൻ ജേക്കബ് വടക്കഞ്ചേരിയുടെ പരസ്യം കണ്ട് ചികിത്സ തേടുകയായിരുന്നു.

ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്ന വിനയാനന്ദനെ ആശുപത്രിയുടെ താഴെ നിലയില്‍നിന്ന് പടികള്‍ കയറ്റി നിരന്തരം മുകളിലെ നിലയിലേക്ക് നടത്തിക്കുകയും മുകൾനിലയിൽ വച്ച് കഠിനമായ യോഗ മുറകൾ അഭ്യസിപ്പിക്കുകയും ചെയ്യുകയായിരുന്നു. വിനയാനന്ദന്റെ മരണത്തെ തുടർന്ന് സഹോദരന്‍ ഗവ.ലോ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ സി തിലകാനന്ദനും മറ്റ് കുടുംബാംഗങ്ങളും ചേർന്നാണ് പരാതിയുമായി മുന്നോട്ടു വന്നത്.

ഹൃദ്രോഗിയായ രോഗിയെക്കൊണ്ട് ഇത്തരം കാര്യങ്ങൾ ചെയ്യിപ്പിച്ചത് രോഗത്തിന്റെ ഗൗരവം മനസ്സിലാക്കുന്നതിലെ കഴിവില്ലായ്മയാണെന്ന് ഫോറം വിലയിരുത്തി. ഹൃദ്രോഗത്തിനുള്ള പ്രഥമ ശുശ്രൂഷ നല്‍കിയില്ല എന്ന ഹര്‍ജിക്കാരുടെ വാദവും ഇത്തരം രോഗികള്‍ക്ക് പൂര്‍ണ വിശ്രമമാണ് വേണ്ടതെന്ന മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ ഡോ. വികെ ഗിരീശന്റെ മൊഴിയും സ്വീകരിച്ചാണ് ഫോറം വടക്കാഞ്ചേരിക്കെതിരെ വിധിച്ചത്. പരാതിയും നിയമപ്പോരാട്ടവുമായി മുന്നോട്ടു വരാൻ പ്രബലരും ഉന്നത വിദ്യാഭ്യാസം നേടിയവരുമായ വിനയാനന്ദന്റെ കുടുംബത്തിന് സാധിച്ചു. എത്രയധികം പേർ സമാനമായ അശാസ്ത്രീയ ചികിത്സയുടെ ഇരകളായിട്ടുണ്ടാകും?

ധ്യാനകേന്ദ്രങ്ങളുടെ ശൈലി; ഹതാശരായ രോഗികൾ

വടക്കഞ്ചേരിയുടെ ചികിത്സാലയങ്ങളുടെ പ്രവർത്തനം ധ്യാനകേന്ദ്രങ്ങളുടേതിന് സമാനമാണ്. വടക്കഞ്ചേരി നേരിട്ടു പരിശീലനം നൽകിയ സ്റ്റാഫും വടക്കഞ്ചേരി നിർദേശിക്കുന്ന മുറയിലുള്ള ചികിത്സാ സമ്പ്രദായങ്ങളുമാണ് അവിടെ പുലരുന്നത്. പലപ്പോഴും മോഡേണ്‍ മെഡിസിന്‍ ഉപയോഗിച്ചിട്ട് രോഗശാന്തി ഉണ്ടാകാത്തവരാണ് പ്രകൃതി ചികിത്സക്കെത്തുന്നത്. രോഗശാന്തി ഉണ്ടായില്ലെങ്കില്‍ അതിനു കാരണം പണ്ട് കഴിച്ചിട്ടുള്ള മോഡേണ്‍ മരുന്നുകള്‍ ആണെന്നും ഇനി അഥവാ ഫലമില്ലെങ്കില്‍ തിരിച്ചു പഴയ ചികിത്സാരീതിയിലേക്ക് പോകാം എന്നുമൊക്കെയുള്ള കൗൺസിലിംഗ് ആണ് രോഗിക്കും ബന്ധുക്കൾക്കും ആദ്യം ലഭിക്കുന്നത്.

അതുകൊണ്ടു തന്നെ ചികിത്സാ പിഴവുകളുടെയോ അതുമൂലം രോഗിക്ക് സംഭവിക്കുന്ന അപകടങ്ങളുടെയോ ഉത്തരവാദിത്വം വടക്കഞ്ചേരിയില്‍ ആരോപിക്കപ്പെടുന്നില്ല. വൈദ്യന്‍ എന്നതിനപ്പുറത്ത് വടക്കാഞ്ചേരി വിശുദ്ധനും ആരാധ്യനുമായി തീരുന്ന മനഃശാസ്ത്രം രോഗികളിലും ബന്ധുക്കളിലും പ്രയോഗിക്കപ്പെടുന്നു. അവിടെ തെറ്റുകളും പിഴവുകളും വടക്കഞ്ചേരിയില്‍ ഇല്ലാതാകുന്നു.

ഞാനാരാണെന്നറിയാമോ?

വിവിധ കക്ഷികളിലെ രാഷ്ട്രീയ നേതാക്കന്മാരുമായും മേധാപട്‌കര്‍ പോലുള്ള വ്യക്തിത്വങ്ങളുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന വടക്കഞ്ചേരി സേവനത്തിന്റെ പേരിൽ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതില്‍ ബാബാ രാംദേവിന്റെ അനിയനാണ്. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഇദ്ദേഹത്തിന്റെ ബ്രാൻഡ് അംബാഡിഡർമാരിൽ പ്രമുഖനാണ്. ബേബി പങ്കെടുക്കുന്ന പരിപാടികളുടെ ചിത്രങ്ങളും അദ്ദേഹത്തിന്റെ വാക്കുകളുമൊക്കെ ഉപയോഗപ്പെടുത്തിയാണ് ഇയാളുടെ മാർക്കറ്റിങ്. ഡിഫ്തീരിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ ഇടപെടൽ ഉണ്ടായതുകൊണ്ടാവണം ഒരു വർഷമായി എംഎ ബേബി, വടക്കാഞ്ചേരിയുടെ കാര്യത്തിൽ പിന്നോട്ടാണ്.

തവിടു മുതൽ ഫേഷ്യൽ ക്രീം വരെ: മണി ചെയിൻ മാതൃകയിൽ കച്ചവട ശൃംഖല

നേച്ചർ ലൈഫ് ഇന്റർനാഷനലിന്റെ വെബ്സൈറ്റിലൂടെ ഓൺലൈൻ ആയും അല്ലാതെയും തവിട് മുതല്‍ സൗന്ദര്യ വർധക വരെയുള്ള മുപ്പത് വ്യത്യസ്ത ഉല്പ്പ ന്നങ്ങളാണ് വടക്കഞ്ചേരി വിറ്റഴിക്കുന്നത്. തന്റെ ശിക്ഷണത്തിലൂടെ 'സ്വയം ഡോക്ടർമാർ' ആക്കപ്പെടുന്നവരും അവരാല്‍ 'സ്വയം ഡോക്ടർമാർ' ആകപ്പെടുന്നവരും ഒക്കെ തന്റെ പ്രോഡക്ട് ആണ് ഉപയോഗിക്കുക എന്ന് വടക്കഞ്ചേരിക്ക് നല്ല നിശ്ചയമുണ്ട്. ഒരു നിശബ്ദ 'മണിചെയിന്‍' മോഡല്‍ ആണ് ഇത്.

കേരളത്തിൽ ഡോക്ടർ; മറുനാട്ടിൽ ഡോക്ചർ!

ജേക്കബ് വടക്കഞ്ചേരി പേരിനു മുന്നിൽ തിരുകുന്ന 'ഡോക്ടര്‍' വിശേഷണത്തെക്കുറിച്ച് ചർച്ചകളുയർന്നിട്ടുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ മദ്യത്തെയും പിന്നീട് പൊറോട്ടയെയും പാചകരീതികളെയും തള്ളിപ്പറഞ്ഞു ഇപ്പോള്‍ വാക്‌സിന്‍ വിരുദ്ധ പ്രചാരണം നടത്തുന്ന വടക്കഞ്ചേരി കേരളത്തില്‍ മാത്രമാണ് 'ഡോക്ടര്‍' എന്ന വിശേഷണം ഉപയോഗിക്കുന്നത്. വിദേശത്ത് ക്ലാസ്സുകളും സെമിനാറുകളും കൈകാര്യം ചെയ്യുമ്പോള്‍ 'ഡോക്ടര്‍-ടീച്ചര്‍' എന്ന വിചിത്രമായ വാക്കാണ് പേരിനു മുന്നില്‍ ഉപയോഗിക്കുന്നത്. ഡോക്ചർ എന്ന മിശ്രവാക്കും ഇദ്ദേഹം ഇടയ്ക്കുപയോഗിക്കുന്നു. അതിന്റെ ചുരുക്കപ്പേരാണ് പേരിനു മുന്നിലെ 'ഡോ' എന്നുപറഞ്ഞു പലപ്പോഴും തടിതപ്പുകയും ചെയ്യും.

ബാലിയിലെ ആഡംബര ടൂറിസം റിസോർട് ആയ ബ്ലൂ കർമ്മയില്‍ നടക്കുന്ന 'ഡോക്ടര്‍-ടീച്ചര്‍' വടക്കഞ്ചേരിയുടെ ഏഴു ദിവസത്തെ പ്രകൃതിജീവനക്ലാസിന്റെ ഫീസ് 1700 യുഎസ് ഡോളര്‍ മുതലാണ് ആരംഭിക്കുന്നത്. ഒരു ലക്ഷം ഇന്ത്യന്‍ രൂപക്കുമേല്‍ വരും ഈ തുക! കേരളത്തിൽ ഓരോ ബാച്ച് 'ഡോക്ചർ'മാരെയും ഒരാഴ്ച അടവച്ചു വെളിയിൽ വിടുന്നതിന് 7500 മുതൽ 10,000 രൂപ വരെയാണ് ഫീസ്. ഒരു ബാച്ചിൽ പരമാവധി 40 പേരെയാണു പ്രവേശിപ്പിക്കുക. പരിപാടികൾ മിക്കതും രജിസ്ട്രേഷൻ വച്ചാണ്. സ്ഥലവും ചുറ്റുപാടുമനുസരിച്ച് 50 രൂപമുതൽ 500 രൂപവരെ രജിസ്ട്രേഷൻ ഫീസ് ഉണ്ടാവും. അതേ സമയം സൗജന്യമായി വാക്സിൻ വിരുദ്ധ പ്രസംഗം നടത്താനും തയ്യാർ.

മോഡേണ്‍ മരുന്നുകളുടെ വിരുദ്ധത ഉൾപ്പെടെ വിനാശകരമായ പ്രചാരണങ്ങള്‍ എന്തിനാണ് നടത്തുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ എളുപ്പമാണ്. 'ഡാ തടിയാ' എന്ന ചലച്ചിത്രത്തിലൂടെ ആഷിക് അബു ചൂണ്ടിക്കാട്ടിയ കച്ചവടതന്ത്രം തന്നെയാണ് അത്.

ജീവിത ശൈലീരോഗങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്ന കേരളീയരെ ഭീതിയുടെയും അരക്ഷിതാവസ്ഥയുടെയും ആശയങ്ങള്‍ പ്രചരിപ്പിച്ച് ലാഭം ഉണ്ടാക്കുന്ന ബിസിനസ് സംരംഭകന്‍ മാത്രമാണ് വടക്കഞ്ചേരി. കൂടെ ചില തീവ്ര മതവിശ്വാസങ്ങളുടെ മേമ്പൊടിയും ചില ഹോമിയോ ഡോക്ടർമാരും കൂടി ചേരുമ്പോള്‍ ഡിഫ്തീരിയ പോലുള്ള രോഗങ്ങള്‍ തിരിച്ചുവരുന്നെന്നു മാത്രം. കൂടെ പരാമാവധി പത്തുപേരിൽ ഒതുങ്ങുന്ന നിപാ വൈറസിനെ നൂറിലധികം പേരിലേക്ക് പടർത്തുന്ന കാലന്റെ 'കൊട്ടേഷൻ' നേരിട്ടെടുക്കുകയും ചെയ്യുന്നു.