വാര്‍ത്തയുടെ സൂര്യന്‍ അസ്തമിക്കേണ്ടിവരുമെന്ന് ജീവനക്കാര്‍; മംഗളത്തില്‍ കലാപക്കൊടിയുയര്‍ന്നു

രാജിവച്ചവര്‍ക്ക് സോഷ്യല്‍മീഡിയിലും പൊതുസമൂഹത്തിലും കിട്ടിയ വന്‍ പിന്തുണയും നിലവിലെ ജീവനക്കാര്‍ക്ക് പ്രതിഷേധിക്കാനുള്ള ഇന്ധനമായി. പത്രത്തിലെ ജീവനക്കാര്‍ ഇക്കാര്യമുന്നയിച്ച് അജിത്ത് കുമാറിന് കത്തയക്കുകയും നടപടിയുണ്ടാകുന്നതുവരെ അവധിയില്‍ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്.

വാര്‍ത്തയുടെ സൂര്യന്‍ അസ്തമിക്കേണ്ടിവരുമെന്ന് ജീവനക്കാര്‍; മംഗളത്തില്‍ കലാപക്കൊടിയുയര്‍ന്നു

എ കെ ശശീന്ദ്രനെതിരായ ഫോണ്‍ വിവാദത്തില്‍ സിഇഒ കുറ്റസമ്മതം നടത്തിയതിന് പിന്നാലെ മംഗളത്തില്‍ കലാപക്കൊടി. ഹണിട്രാപ്പ് വാര്‍ത്ത സംപ്രേഷണം ചെയ്തതുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ പ്രതിഷേധം കത്തുകയാണ്. സ്റ്റിംഗ് ഓപ്പറേഷന് തയ്യാറായ മാധ്യമപ്രവര്‍ത്തകയെയാണ് ഉപയോഗിച്ചതെന്ന് സിഇഒ ആര്‍ അജിത്ത് കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതോടെ തങ്ങളെല്ലാവരും സംശയത്തിന്റെ നിഴലിലാണെന്നും അപഹാസ്യരായെന്നുമാണ് വനിതാ ജീവനക്കാരികളുടെ നിലപാട്.

ഒരോരുത്തരായി പരസ്യമായ രാജിപ്രഖ്യാപനം നടത്തിയതും ജീവനക്കാരെ സ്വാധീനിച്ചിട്ടുണ്ട്. രാജിവച്ചവര്‍ക്ക് സോഷ്യല്‍മീഡിയിലും പൊതുസമൂഹത്തിലും കിട്ടിയ വന്‍ പിന്തുണയും നിലവിലെ ജീവനക്കാര്‍ക്ക് പ്രതിഷേധിക്കാനുള്ള ഇന്ധനമായി. വീട്ടമ്മയുടെ പരാതി എന്ന നിലയില്‍ സംപ്രേഷണം ചെയ്ത വാര്‍ത്ത, സ്റ്റിംഗ് ആണെന്ന് പിന്നീട് വെളിപ്പെടുത്തിയതോടെ മാനേജ്‌മെന്റിന്റെ വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നും ജീവനക്കാര്‍ പറയുന്നു. സ്റ്റിംഗ് ഓപ്പറേഷന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവും ഒരുവിഭാഗം ഉന്നയിക്കുന്നു.

പത്രത്തിലെ ജീവനക്കാര്‍ ഇക്കാര്യമുന്നയിച്ച് മേലധികാരികള്‍ക്ക് കത്തയക്കുകയും കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടാകുന്നതുവരെ അവധിയില്‍ പ്രവേശിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. പതിറ്റാണ്ടുകളുടെ പത്രപ്രവര്‍ത്തന പാരമ്പര്യമുള്ള മംഗളം കുടുംബത്തിന്റെ ചാനലിനെ ഈ വിധം വികലമാക്കിയവര്‍ക്കെതിരേ മാതൃകാപരമായ നടപടി വേണമെന്നാണ് ജീവനക്കാരില്‍ വലിയൊരു വിഭാഗത്തിന്റെ ആവശ്യം. സ്ഥാപനത്തിനുള്ളില്‍ നിന്നുതന്നെ പ്രതിഷേധം കത്തുന്ന സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് മാനേജ്‌മെന്റ്.

Read More >>