ആരോ​ഗ്യരം​ഗത്ത് പുതുചരിത്രമെഴുതി ഭിന്നലിംഗക്കാർക്കായി കോട്ടയം മെഡിക്കൽ കോളേജിൽ ക്ലിനിക്ക് തുറന്നു

സൈക്യാട്രി, ടെർമറ്റോളജി, എൻഡോ ക്രൈനോളജി, പ്ലാസ്റ്റിക് സർജറി വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് ക്ലിനിക്കിന്റെ പ്രവർത്തനം. ക്ലിനിക്ക് തുറന്നുപ്രവർത്തിക്കുന്ന ദിവസങ്ങളിൽ ഇവർക്കായി സൗജന്യ നിയമ സഹായത്തിനായി ഒരു പാരാ ലീഗൽ സ്റ്റാഫിന്റെ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്.

ആരോ​ഗ്യരം​ഗത്ത് പുതുചരിത്രമെഴുതി ഭിന്നലിംഗക്കാർക്കായി കോട്ടയം മെഡിക്കൽ കോളേജിൽ ക്ലിനിക്ക് തുറന്നു

ആരോ​ഗ്യരം​ഗത്ത് പുതുചരിത്രം കുറിച്ച് ഭിന്നലിംഗക്കാർക്കായി സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ ക്ലിനിക്കിന്റെ ഉദ്ഘാടനം കോട്ടയം മെഡിക്കൽ കോളേജിൽ തുറന്നു. സൈക്യാട്രി, ടെർമറ്റോളജി, എൻഡോ ക്രൈനോളജി, പ്ലാസ്റ്റിക് സർജറി വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് ക്ലിനിക്കിന്റെ പ്രവർത്തനം.

ക്ലിനിക്കിന്റെ ഉദ്​ഘാടനം ജില്ലാ പ്രിൻസിപ്പൽ ജഡ്ജ് ശാന്തകുമാരി നിർവ്വഹിച്ചു. എല്ലാ മാസവും ആദ്യത്തെ ചൊവ്വാഴ്ച തുറന്നു പ്രവർത്തിക്കുന്ന ക്ലിനിക്കിന്റെ സേവനം പരമാവധി ഭിന്നലിംഗക്കാർക്കു ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ഈ ഉദ്യമം ചരിത്രത്തിന്റെ ഭാഗമാകുമെന്നും ആശംസ അറിയിച്ച സബ് ജഡ്ജ് എ ഇജാസ് പറഞ്ഞു. ക്ലിനിക്ക് തുറന്നുപ്രവർത്തിക്കുന്ന ദിവസങ്ങളിൽ ഇവർക്കായി സൗജന്യ നിയമ സഹായത്തിനായി ഒരു പാരാ ലീഗൽ സ്റ്റാഫിന്റെ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഏതാണ്ട് 350നു മുകളിൽ ഭിന്നലിംഗക്കാരാണ് കോട്ടയം ജില്ലയിൽ മാത്രമുള്ളത്. കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ ഇവർക്കായി ജോലി സംവരണം ഏർപ്പെടുത്തിയതിനു ശേഷം ഇത്തരത്തിലുള്ള ഒരു ക്ലിനിക്ക് സംസ്ഥാനത്താദ്യമായി തുറക്കുമ്പോൾ തങ്ങളേയും സമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കുന്നതിൽ ചാരിതാത്ഥ്യമുണ്ടെന്ന് ചടങ്ങിൽ സംബന്ധിച്ച ട്രാൻസ്ജെൻഡർ കോർഡിനേറ്റർ അനീഷ നാരദാ ന്യൂസിനോടു പറഞ്ഞു. പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ സേവനവും ഇവിടെ ലഭിക്കുമ്പോൾ ലിംഗമാറ്റ ശസ്ത്രക്രിയ അടക്കമുള്ള തങ്ങളുടെ പ്രശ്നങ്ങൾക്ക് ഒരു വലിയ കൈത്താങ്ങാകുമെന്നും അവർ പറഞ്ഞു.

കോട്ടയം ജില്ലാ ലീഗൽ സർവീസ് സൊസൈറ്റിയുടേയും സമൃദ്ധി സുരക്ഷാ ടി ജി പ്രോജക്ടിന്റേയും സംയുക്താഭിമുഖ്യത്തിലാവും ക്ലിനിക്കിന്റെ പ്രവർത്തനം.