സെന്‍കുമാറുണ്ടാക്കിയ 'മുസ്ലിം വിരുദ്ധ ബോംബ്' ആദ്യം പൊട്ടിച്ചത് വി.എസ്; ലവ് ജിഹാദ് കൊണ്ടുവന്നതും സെന്‍: എല്ലാം ആര്‍എസ്എസിന് വേണ്ടി

സംസ്ഥാന സർക്കാർ തള്ളിക്കളഞ്ഞ ഇന്റലിജൻസ് റിപ്പോർട്ടുമായി സെൻകുമാർ സമീപിച്ചത് വി.എസ് അച്യുതാനന്ദനെയാണ്. പാർട്ടിയുമായി ഇടഞ്ഞു നിൽക്കുകയായിരുന്ന വി.എസ് അച്യുതാനന്ദൻ ഉദ്യോഗസ്ഥരെ മാത്രം വിശ്വസിച്ച് നിലകൊള്ളുന്ന കാലമായിരുന്നു അത്. സെൻകുമാർ റിപ്പോർട്ട് കയ്യിൽ കിട്ടിയപ്പോൾ അതിലെ വിവരങ്ങളുടെ യാഥാർഥ്യം പരിശോധിക്കാനോ റിപ്പോർട്ട് സംബന്ധിച്ച് പാർട്ടിയെ അറിയിക്കാനോ വി.എസ് തയ്യാറായില്ല. സംഘപരിവാറിന് വേണ്ടി തയ്യാറാക്കപ്പെട്ട റിപ്പോർട്ടിന്റെ പ്രചാരകനായി വി.എസ് മാറി.

സെന്‍കുമാറുണ്ടാക്കിയ

കേരളത്തെ പാക്കിസ്ഥാനോടുപമിച്ചു കൊണ്ടുള്ള 'ഹേറ്റ് കേരളാ കാമ്പെയിനിന്‌' തുടക്കം കുറിച്ചത് മുൻ ഡിജിപി ടി.പി. സെൻകുമാർ. 2001 - 2004 കാലഘട്ടത്തിൽ കേരളത്തിലെ മുസ്ലിങ്ങളെയും മലപ്പുറത്തെയും ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാന ഇന്റലിജൻസ് ബ്യുറോയിൽ നിന്നും സെൻകുമാർ തയ്യാറാക്കിയ റിപ്പോർട്ടുകൾക്ക് പ്രചാരണം നൽകിയത് അക്കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്ചുതാനന്ദൻ.

നാലകത്ത് സൂപ്പി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് മലപ്പുറത്തെ മുസ്ലിം വിഭാഗത്തിൽ പെട്ട കുട്ടികൾ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടിയതോടെയാണ് സെൻകുമാറിന്റെ കഥ തുടങ്ങുന്നത്. മലപ്പുറം വിജയം നേടിയത് മന്ത്രിയും മുസ്ലിം ലീഗും ചേർന്ന് ചോദ്യപ്പേപ്പർ ചോർത്തിയതിനാലാണെന്നും കുട്ടികളുടെ കഴിവുകൊണ്ടല്ലെന്നും സൂചിപ്പിച്ചുകൊണ്ട് സെൻകുമാർ തയ്യാറാക്കിയ റിപ്പോർട്ടിലാണ് കടുത്ത വർഗീയ പരാമർശങ്ങളുള്ള നുണകൾ സെൻകുമാർ എഴുതിപ്പിടിപ്പിച്ചത്. 'ലവ് ജിഹാദ്' എന്ന വാക്ക് ആദ്യമായി പ്രയോഗിച്ചത് ആ റിപ്പോർട്ടിലായിരുന്നു.

പാക്കിസ്ഥാനിൽ അച്ചടിച്ച ഇന്ത്യൻ കറൻസി നോട്ടുകൾ അടങ്ങിയ ഒരു കണ്ടെയ്നർ കൊച്ചി തുറമുഖത്ത് എത്തിയെന്നും വിധ്വംസക പ്രവർത്തനങ്ങൾക്കായി വിദേശത്ത് നിന്നും കേരളത്തിലെ മുസ്ലിങ്ങൾക്ക് വലിയ തോതിൽ പണം ഒഴുകുന്നുവെന്നും ഈ റിപ്പോർട്ട് 'കണ്ടെത്തി'. മലപ്പുറത്തെ മുസ്ലിങ്ങൾ 'റാഡിക്കൽ' ചിന്താഗതി ഉള്ളവരാണെന്നും വിധ്വംസക പ്രവർത്തനങ്ങൾക്കായി മഞ്ചേരി സർവീസ് സഹകരണ ബാങ്കിൽ 380 കോടി പണം വിദേശത്തുനിന്നും എത്തിയെന്നും യാതൊരു തെളിവുമില്ലാതെ സെൻകുമാർ എഴുതിപ്പിടിപ്പിച്ചു.

മന്ത്രിസഭയിലെ ഒരു അംഗത്തിനെതിരെ കടുത്ത നുണകൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി തള്ളിക്കളഞ്ഞു. അന്നത്തെ എൻട്രൻസ് കമ്മീഷണറായിരുന്ന അൽഫോൻസ് കണ്ണന്താനം ഈ റിപ്പോർട്ട് ഉപയോഗിച്ച് വിദ്യാഭ്യാസ മന്ത്രിയെ സമ്മർദ്ദത്തിലാക്കാനും സർക്കാരിനെ ഭീഷണിപ്പെടുത്താനും നടത്തിയ ശ്രമങ്ങൾ സംസ്ഥാന സർക്കാരിന്റെ ഇടനാഴികളെ പിടിച്ചുകുലുക്കിയിരുന്നു. നാലകത്ത് സൂപ്പിക്കൊപ്പം പാർട്ടിയേയും പ്രതിരോധത്തിലാക്കുന്ന ഒരു നുണ റിപ്പോർട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥനെതിരെ മുസ്ലിം ലീഗ് നേതൃത്വവും മൗനം പാലിച്ചത് ഏറെ ദുരൂഹമായി ഇന്നും തുടരുന്നു. സംസ്ഥാന സർക്കാർ തള്ളിക്കളഞ്ഞ റിപ്പോർട്ടുമായി സെൻകുമാർ സമീപിച്ചത് വി.എസ്. അച്യുതാനന്ദനെയാണ്. പാർട്ടിയുമായി ഇടഞ്ഞു നിൽക്കുകയായിരുന്ന വി.എസ്. അച്യുതാനന്ദൻ ഉദ്യോഗസ്ഥരെ മാത്രം വിശ്വസിച്ച് നിലകൊള്ളുന്ന കാലമായിരുന്നു അത്. സെൻകുമാർ റിപ്പോർട്ട് കയ്യിൽ കിട്ടിയപ്പോൾ അതിലെ വിവരങ്ങളുടെ യാഥാർഥ്യം പരിശോധിക്കാനോ റിപ്പോർട്ട് സംബന്ധിച്ച് പാർട്ടിയെ അറിയിക്കാനോ വി.എസ് തയ്യാറായില്ല.

തുടർന്ന് തന്റെ പൊതുപ്രസംഗങ്ങളിലും നിയമസഭാ പരാമർശങ്ങളും വി. എസ് ഈ നുണക്കഥകൾ തിരുകിക്കയറ്റുകയും അതിനു പ്രചാരണം നൽകുകയും ചെയ്തു. ഇതിനിടെ ചില മാധ്യമങ്ങൾ സെൻകുമാർ റിപ്പോർട്ടിലെ 'ലവ് ജിഹാദ്' അടക്കമുള്ള വാക്കുകൾക്ക് പ്രചാരണം നൽകുകയും ചെയ്തിരുന്നു. 'മലപ്പുറം താലിബാനാണ്', 'കേരളം പാക്കിസ്ഥാനാണ്' തുടങ്ങിയ വാചകങ്ങൾ സംഘപരിവാർ ഉപയോഗിച്ചു തുടങ്ങുന്നത് ഇവിടെ നിന്നുമാണ്.

വിദേശത്ത് നിന്നും എത്തുന്ന കണക്കില്ലാത്ത പണം ഉപയോഗിച്ച് കൊച്ചി ഉൾപ്പെടെയുള്ള പ്രധാന തീരദേശ മേഖലകളിൽ മുസ്ലിങ്ങൾ കണക്കില്ലാതെ ഭൂമി വാങ്ങിക്കൂട്ടുന്നുവെന്നും അന്യമതത്തിൽ പെട്ട പെൺകുട്ടികളെ മതം മാറ്റാനായി പരിശീലനം നൽകപ്പെട്ട 'ലവ് ജിഹാദികൾ' ഉണ്ടെന്നും എഴുതിപ്പിടിപ്പിക്കാൻ മാധ്യമങ്ങൾ ആധികാരിക രേഖയാക്കിയത് ഈ കള്ള റിപ്പോർട്ടിനെയായിരുന്നു. ഇത്തരം ആരോപണങ്ങളെ സിപിഐഎം പ്രതിരോധിച്ചുകൊണ്ടിരിക്കെ വി.എസ്. അച്യുതാനന്ദൻ ഡൽഹിയിൽ പത്രസമ്മേളനം നടത്തി നുണകൾ ആവർത്തിച്ചു. സംഘപരിവാർ പ്രചാരണത്തിന് ആധികാരികത നൽകും വിധം പത്രസമ്മേളനത്തിൽ വി.എസ് നടത്തിയ പരാമർശങ്ങൾ ദേശീയ മാധ്യമങ്ങൾ ഏറ്റെടുത്തു.

നിലവിൽ നടന്നു കൊണ്ടിരിക്കുന്ന 'ഹേറ്റ് കേരളാ കാമ്പെയിൻ' ടി.പി. സെൻകുമാറിന്റെ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാണെന്ന വെളിപ്പെടുത്തലുകൾ പുറത്ത് വരുന്ന ഘട്ടത്തിൽ സെൻകുമാർ ബിജെപിയിലേക്കുള്ള രാഷ്ട്രീയ പ്രവേശനത്തിനുള്ള ഒരുക്കത്തിലാണ്. സെൻകുമാർ റിപ്പോർട്ട് ഉപയോഗിച്ച് മന്ത്രിസഭയേയും മുസ്‌ലിം ലീഗിനെയും വെല്ലുവിളിച്ച മുൻ എൻട്രൻസ് കമ്മീഷണർ അൽഫോൻസ് കണ്ണന്താനം ബിജെപി പക്ഷത്ത് മെച്ചപ്പെട്ട സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. പാർട്ടിയെ വിശ്വാസത്തിലെടുക്കാതെ വി.എസ്. അച്യുതാനന്ദൻ ഉദ്യോഗസ്ഥരെ മാത്രം വിശ്വസിച്ച് നടത്തിയ നീക്കങ്ങളിൽ ഒന്നാമത്തേതായി ചരിത്രം അദ്ദേഹത്തിന്റെ പേരിൽ ഇത് രേഖപ്പെടുത്തിവെക്കും. സംഘപരിവാർ നുണപ്രചാരണത്തിനു വഴിയൊരുക്കിയതിനുള്ള മറുപടി പാർട്ടിക്കും പൊതുസമൂഹത്തിനും വി.എസ് നൽകേണ്ടി വരും.

Read More >>