'കയറിക്കിടക്കാന്‍ കൂരയില്ലാത്തവന്‍ എവിടെങ്കിലും കൂരകെട്ടിയാല്‍ വന്‍കിട കയ്യേറ്റക്കാരുടെ പട്ടികയിലല്ല കാണേണ്ടത്'; ഇടുക്കിയിലെ ഭൂമിപ്രശ്‌നത്തിന് ശാശ്വത പരിഹാരവുമായി പിണറായി സര്‍ക്കാർ

അര്‍ഹതപ്പെട്ടവര്‍ക്കു രണ്ടുവര്‍ഷത്തിനുള്ളില്‍ പട്ടയം വിതരണം ചെയ്യുമെന്നു പറഞ്ഞ മുഖ്യമന്ത്രി കയ്യേറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നതിന്റെ വ്യക്തമായ സൂചനകളാണു നല്‍കിയത്.

കയറിക്കിടക്കാന്‍ കൂരയില്ലാത്തവന്‍ എവിടെങ്കിലും കൂരകെട്ടിയാല്‍ വന്‍കിട കയ്യേറ്റക്കാരുടെ പട്ടികയിലല്ല കാണേണ്ടത്; ഇടുക്കിയിലെ ഭൂമിപ്രശ്‌നത്തിന് ശാശ്വത പരിഹാരവുമായി പിണറായി സര്‍ക്കാർ

ഭൂമി കയ്യേറ്റക്കാര്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടിക്കൊരുങ്ങുന്നു. അധികാരമേറ്റ് കൃത്യം ഒന്നാംവര്‍ഷം പ്രഖ്യാപിത മുദ്രാവാക്യങ്ങളിലൊന്നായ ഇടുക്കിയിലെ പട്ടയങ്ങളുടെ കാര്യം ശരിയാക്കുന്നതിന്റെ ഭാഗമായാണിത്. കുടിയേറ്റക്കാരെ പൂര്‍ണമായും സംരക്ഷിച്ചുകൊണ്ടുള്ള കര്‍മ്മപദ്ധതിക്കാണ് സര്‍ക്കാര്‍ രൂപം നല്‍കുന്നതെന്നതാണ് കട്ടപ്പനയിൽ പട്ടയവിതരണം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. അര്‍ഹതപ്പെട്ടവര്‍ക്ക് രണ്ടുവര്‍ഷത്തിനുള്ളില്‍ പട്ടയം വിതരണം ചെയ്യുമെന്നു പറഞ്ഞ മുഖ്യമന്ത്രി കയ്യേറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നതിന്റെ വ്യക്തമായ സൂചനകൾ നല്‍കി.

മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കയറിക്കിടക്കാന്‍ കൂരയില്ലാത്തവന്‍ എവിടെയെങ്കിലും കൂരകെട്ടി താമസിച്ചാല്‍ അവരെ വന്‍കിടക്കാരുടെ പട്ടികയിലല്ല കാണേണ്ടത്. വാണിജ്യ താല്‍പ്പര്യത്തോടെ വരുന്നവരുടെ കയ്യേറ്റങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടുക്കിയിലെ കുടിയേറ്റക്കാരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന സമീപനമാണ് സര്‍ക്കാരിനുള്ളതെന്ന് പിണറായി വിജയൻ പറഞ്ഞു. മണ്ണില്‍ പണിയെടുക്കുന്നവന്റെ കണ്ണീരൊപ്പും. അവര്‍ക്ക് ആശ്വാസം നല്‍കുന്ന കാര്യംവരുമ്പോള്‍ നിയമം പറഞ്ഞ് തടസമുണ്ടാക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇടുക്കിയിലെ കുടിയേറ്റക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. വിതരണം ചെയ്ത 5500 പട്ടയങ്ങളില്‍ 3480 പട്ടയങ്ങളും ഉപാധിരഹിതമാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

പട്ടയം കിട്ടുന്നവര്‍ക്ക് ഭൂമി കൈമാറാനുള്ള അവകാശം 25 ല്‍ നിന്ന് 12 വര്‍ഷമാക്കി കുറച്ചതിന്റെ ആനുകൂല്യവും ഭൂമി പണയപ്പെടുത്തുന്നതിനുള്ള ഇളവും ഉപാധി രഹിത പട്ടയക്കാര്‍ക്ക് ലഭിക്കും. കൂടാതെ ഭൂമിയിലെ മരം മുറിക്കുന്നതിന് മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥയിലും ഇളവ് വരുത്തുന്നുണ്ട്. പട്ടയത്തിനായി അപേക്ഷ ക്ഷണിച്ചപ്പോള്‍ ലഭിച്ചവയില്‍ നിന്ന് 8590 എണ്ണം അര്‍ഹതപ്പെട്ടതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവ പിന്നീട് വിതരണം നടത്തും.