മുവാറ്റുപുഴ പീഡനം ഒതുക്കാൻ രണ്ട് കോടി രൂപ കൈക്കൂലി; എറണാകുളം നോര്‍ത്ത് സിഐയ്ക്ക് സസ്‌പെന്‍ഷന്‍

എറണാകുളം നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ബി വിജയനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മുവാറ്റുപുഴ പീഡനം ഒതുക്കാൻ രണ്ട് കോടി രൂപ കൈക്കൂലി; എറണാകുളം നോര്‍ത്ത് സിഐയ്ക്ക് സസ്‌പെന്‍ഷന്‍

സ്ത്രീപീഡന കേസ് കൈക്കൂലി വാങ്ങി ഒതുക്കി തീര്‍ത്തെന്ന പരാതിയില്‍ എറണാകുളം നോര്‍ത്ത് സിഐ ടി ബി വിജയനെ സസ്‌പെന്‍ഡ് ചെയ്തു. മുവാറ്റുപുഴ സ്വദേശിനിയെ 25 പേര്‍ ചേര്‍ന്നു പീഡിപ്പിച്ച കേസ് പണം വാങ്ങി ഒത്തുതീര്‍ത്തെന്നാണ് ഇയാള്‍ക്കെതിരെയുള്ള നടപടി. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റേഞ്ച് ഐജി പി വിജയനാണ് സിഐയ്‌ക്കെതിരെ നടപടിയെടുത്തത്.

കുബേര ഓപ്പറേഷനില്‍ കുടുങ്ങിയ പണമിടപാടുകാരനില്‍ നിന്നും സിഐ വിജയന്‍ കൈക്കൂലി വാങ്ങിയെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. മുവാറ്റുപുഴ സ്വദേശിയായ യുവതിയെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് നഗരമദ്ധ്യത്തില്‍ പൂട്ടിയിട്ടു പീഡിപ്പിച്ച കേസിലെ 25 പ്രതികളില്‍ നിന്ന് ഏഴു ലക്ഷം രൂപ വീതം കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തല്‍.

ഓരോ പ്രതിയില്‍ നിന്നും പിരിച്ച ഏഴു ലക്ഷത്തില്‍ അഞ്ച് ലക്ഷം രൂപ വീതം യുവതിയ്ക്ക് നല്‍കി. രണ്ടു ലക്ഷം വീതം പൊലീസുകാരും അഭിഭാഷകനും ചേര്‍ന്ന് പങ്കെട്ടെടുത്തെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തി. ഒന്നരകോടിയിലേറെ രൂപ മറിഞ്ഞ കേസാണിതെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏഴു ലക്ഷം രൂപ നല്‍കാന്‍ കഴിയാത്ത പ്രതികള്‍ പൊലീസിനോട് പരാതിപ്പെട്ടത് സ്‌പെഷ്യല്‍ ബ്രാഞ്ച് അറിയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.കുബേര കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ നിന്നുള്ള മണികണ്ഠന്‍ എന്നയാളില്‍ നിന്നും ടി ബി വിജയന്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഈ കേസുകള്‍ പരിഗണിച്ചാണ് സിഐയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ഡിജിപി റേഞ്ച് ഐജിയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.

Read More >>