പെരിയാറിൽ വിഷം കലക്കുന്ന കമ്പനിക്ക് പരിസ്ഥിതി അവാർഡ്; സർക്കാരിനെ വിമർശിച്ച് രശ്മി സതീഷ്

പെരിയാറിലേക്ക് തുടർച്ചയായി മലിനജലം ഒഴുക്കി വിടുന്നതായി മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയ കമ്പനിയാണ് സിഎംആർഎൽ. വേണ്ടത്ര മാലിന്യ സംസ്കരണ സംവിധാനങ്ങളില്ലെന്നു ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണ ബോർഡ് കമ്പനിയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ അതേ കമ്പനിയ്ക്ക് പരിസ്ഥിതി അവാർഡ് നൽകിയതാണ് വിമർശന വിധേയമായത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ലോക പരിസ്ഥിതി ദിനത്തിൽ പറയാനുള്ളത്- എന്ന മുഖവുരയോടെ രശ്മി പറയുന്നു.

പെരിയാറിൽ വിഷം കലക്കുന്ന കമ്പനിക്ക് പരിസ്ഥിതി അവാർഡ്; സർക്കാരിനെ വിമർശിച്ച്  രശ്മി സതീഷ്

മികച്ച പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിനും മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾക്കുമുള്ള സംസ്ഥാന സർക്കാരിന്റെ എക്സലൻസ് അവാർഡ് തുടർച്ചയായി കൊച്ചിൻസ് മിനറൽസ് ആന്റ് റൂട്ടൈൽസ് ലിമിറ്റഡിനായിരുന്നു. പെരിയാറിലേക്ക് തുടർച്ചയായി മലിനജലം ഒഴുക്കി വിടുന്നതായി മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയ കമ്പനിയാണ് സിഎംആർഎൽ.

വേണ്ടത്ര മാലിന്യ സംസ്കരണ സംവിധാനങ്ങളില്ലെന്നു ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണ ബോർഡ് കമ്പനിയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ അതേ കമ്പനിയ്ക്ക് പരിസ്ഥിതി അവാർഡ് നൽകിയതാണ് വിമർശന വിധേയമാകുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഗായികയും പരിസ്ഥിതി പ്രവർത്തകയുമായ രശ്മി സതീഷ് പരിസ്ഥിതി ദിനത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് പരിസ്ഥിതി ദിനത്തിൽ പറയാനുള്ളത് എന്ന ആമുഖത്തോടെ ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റ് ചർച്ചയാകുകയാണ്.

ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാറിലേക്ക് ഏറ്റവും അധികം മാലിന്യം തള്ളുന്നതായി കണ്ടെത്തപ്പെട്ട കമ്പനിയാണ് CMRL. 2017 ലെ പരിസ്ഥിതി സൗഹൃദ അവാർഡ് നൽകി അതെ കമ്പനിയെ തന്നെ ആദരിച്ച് സർക്കാർ പരിസ്ഥിതി ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചതിൽ ഞങ്ങൾക്ക് അതിയായ ഖേദമുണ്ട്. ഇതിനോട് ഏതാണ്ട് അനുകൂലമായ നിലപാട് തന്നെയാണ് കേരളത്തിലെ ഇതര പാർട്ടികളെല്ലാം പുലർത്തുന്നത്.

പ്രതീക്ഷയുള്ള ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായവരിൽ നിന്നുതന്നെ ഇത്തരം നടപടികൾ ഉണ്ടാവുന്നത് വളരെ വേദനാജനകമാണ്.രാസമാലിന്യം മൂലം മലിനീകരിക്കപ്പെട്ട നദി രക്ഷിക്കാൻ മുളനടൽ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നു ഒരു ട്രേഡ് യൂണിയൻ. ഇതിനിടയിൽ കുടിവെള്ളത്തിൽ രാസ മാലിന്യങ്ങൾ തള്ളരുത് എന്ന അപേക്ഷയുമായി പൊതുജനവും രംഗത്തുണ്ട്. രാസമാലിന്യം തള്ളുന്നതിനെതിരെ കുടിവെള്ള സംരക്ഷണത്തിനായി പൊതുജനസംഗമം ഇപ്പോൾ നടക്കാൻ പോകുകയാണ്.

ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ ഇപ്പോഴും സർക്കാരിലുളള വിശ്വാസം പൂര്‍ണമായും ഞങ്ങൾക്ക് നഷ്ടപ്പെട്ടിട്ടില്ല. ലക്ഷക്കണക്കിന് ആളുകളെ രോഗികകളാക്കി അവരെ മരണത്തിലേക്ക് അടുപ്പിച്ച് കൊണ്ടാണോ 5000 പേരുടെ തൊഴിൽ സംരക്ഷിക്കേണ്ടത് എന്ന് സർക്കാർ ആലോചിക്കണം. നമ്മൾ നിലകൊള്ളേണ്ടത് മലിനമല്ലാത്ത വായുവിനും ജലത്തിനും വേണ്ടിയല്ലേ? തലമുറകളുടെ ജീവിതം പകരം കൊടുത്തു വേണോ ഈ കമ്പനികൾ നിലനിർത്താൻ.

മനുഷ്യരെ മനസ്സിലാക്കാൻ കഴിവുള്ള അവരുടെ അവകാശങ്ങളെ സംരക്ഷിക്കുന്ന, ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധി ആണ് താങ്കൾ എന്നതിനാൽ അതിൽ വിശ്വസിച്ചും, കഴിഞ്ഞ ആഴ്ചകളിൽ പുറത്തിറങ്ങിയ ഇതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലും, ന്യായമായ ഒരു നിലപാട് അങ്ങ് നയിക്കുന്ന ജനകീയ ഇടതുപക്ഷ സർക്കാരിൽ നിന്ന് പെരിയാറിന്റെ കരയിലെ മനുഷ്യർക്കൊപ്പം കേരളത്തിലെ എല്ലാവരും തന്നെ പ്രതീക്ഷിക്കുന്നുണ്ട്.

അതിനാൽ ഈ വിഷയത്തിൽ ജനകീയാഭിലാഷം അനുസരിച്ചുള്ള ഒരു നിലപാട് താങ്കൾ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്ന് വിനയപൂർവ്വം ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുന്നു.എന്ന് ഈ നിലപാട് ഉളള എല്ലാപേർക്കുംവേണ്ടി‌രശ്മി സതീഷ്..