സർക്കാർ ഇനി ശീലാവതിയ്ക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ല

ദേവിക എന്ന ആ അമ്മ കേരളത്തോട് ചോദിച്ച ഒരു ചോദ്യം ഉണ്ടായിരുന്നു. "ഞാൻ മരിച്ചു പോയാൽ ഈ കുഞ്ഞിനെ ആര് നോക്കും?''എന്ന്

സർക്കാർ ഇനി ശീലാവതിയ്ക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ല

ൻഡോസൾഫാൻ ഇരകൾ ഇനിയും ലഭിക്കാത്ത നഷ്ട്ടപരിഹാരത്തിനായി സെക്രെട്ടെറിയേറ്റ് നടയ്ക്കൽ ഉൾപ്പടെ സമരത്തിന് വരുമ്പോൾ അവർക്കെതിരെ കണ്ണടയ്ക്കുന്ന സമീപനം കൈക്കൊള്ളുന്ന സർക്കാരിന് ആശ്വസിക്കാം. ഇനിമുതൽ ശീലാവതിയ്ക്ക് ഒരു നഷ്ടപരിഹാരവും സർക്കാർ നൽകേണ്ടതില്ല. എൻഡോസൾഫാൻ നൽകിയ മുഴുവൻ ദുരിതങ്ങളും അനുഭവിച്ചു തീർത്ത ശീലാവതി വിടപറഞ്ഞു.

കാസർഗോഡ് ജില്ലയിലെ എൻമകജെ പഞ്ചായത്തിലെ ബളഗാരമൂലയില്‍ താമസിച്ചിരുന്ന വൃദ്ധയായ ദേവകിയുടെ മകൾ ശീലാവതി സ്കൂളിൽ നിന്നും വരുന്ന വഴി ഹെലികോപ്റ്ററിൽ ചിട്ടിയ എൻഡോസൾഫാൻ വിഷമഴയിൽ നനഞ്ഞു കുളിച്ച് വീട്ടിൽ വന്നു കയറി കിടന്നതാണ്. ഏതാണ്ട് മുപ്പതുകൊല്ലം മുൻപ്. പിന്നെ ആ പെൺകുട്ടി എഴുന്നേറ്റട്ടില്ല. ഞായറാഴ്ച വരെ അന്ന് കിടന്ന അതെ കിടപ്പു കിടന്നു. തല മാത്രമേ ശീലാവതിയ്ക്ക് വളർച്ച ഉണ്ടായിരുന്നുള്ളൂ. ഉടൽ വളർന്നില്ല. കൈകാലുകൾ ശോഷിച്ചു. 46 വയസായിരുന്നെങ്കിലും ശീലാവതി കാഴ്ചയിലും പ്രാകൃതത്തിലും കുട്ടിയായിരുന്നു.

അരികിൽ ഒരു വെട്ടുകത്തിയുമായി ശീലാവതി കിടപ്പിലായിരുന്നു. ഒരേ കിടപ്പ്. ആദ്യം കണ്ടപ്പോൾ കന്നഡ കലർന്ന മലയാളത്തിൽ ഏറെ ഉത്സാഹത്തിലാണ് ശീലാവതി ചെറുപ്പത്തിൽ കണ്ട കാഴ്ചകളെകുറിച്ച് സംസാരിച്ചത്, എന്നാൽ പിന്നീട് ആ പഴയ ഉത്സാഹമുണ്ടായിരുന്നില്ലെന്നും ചോദിക്കുന്നതിനു മാത്രം ഉത്തരം നൽകുന്ന ഒരു ശീലാവതിയെ ആണ് കണ്ടതെന്നും ഡോക്റ്റർ അംബികാസുതൻ മാങ്ങാട് ശീലാവതിയെക്കുറിച്ച് ഓർക്കുന്നു.
ദേവിക എന്ന ആ അമ്മ കേരളത്തോട് ചോദിച്ച ഒരു ചോദ്യം ഉണ്ടായിരുന്നു. "ഞാൻ മരിച്ചു പോയാൽ ഈ കുഞ്ഞിനെ ആര് നോക്കും?''എന്ന്.. എന്തായാലും ദേവകിയ്ക്കു മുൻപേ ശീലാവതി ഈ ദുരിതങ്ങളിൽ നിന്നും അനുഭവിക്കാവുന്നതിന്റെ പരമാവധി അനുഭവിച്ചതിനുശേഷം വിട പറഞ്ഞിരിക്കുന്നു. സർക്കാർ കണക്കുകളിൽ നിന്ന് ഇനി ശീലാവതിയുടെ പേര് വെട്ടാം. ഇനിയും മരിക്കാത്ത ഒരുപാട് ശീലാവതിമാർ കാസർഗോട്ടെ മണ്ണിൽ ഇപ്പോഴും മരിച്ച് ജീവിക്കുന്നുണ്ടെന്ന ഓർമ്മപെടുത്തലിൽ ആ അമ്മ ബാക്കി ആകുന്നു.

Read More >>