പട്ടാളം പണിതുടങ്ങി; ഏനാത്ത് ബെയ്‌ലി പാലത്തിലൂടെ മൂന്നാഴ്ചക്കകം യാത്രചെയ്യാം

വഗത്തില്‍ നിര്‍മ്മിക്കാവുന്നതും ഇളക്കിമാറ്റാവുന്നതുമായ സാങ്കേതികവിദ്യയിലാണ് പാലം നിര്‍മ്മിക്കുന്നത്. ലോറിയും ബസുമൊഴികെയുള്ള ചെറുവാഹനങ്ങളാകും ഇതുവഴി കടത്തിവിടുക.

പട്ടാളം പണിതുടങ്ങി; ഏനാത്ത് ബെയ്‌ലി പാലത്തിലൂടെ മൂന്നാഴ്ചക്കകം യാത്രചെയ്യാം

എം സി റോഡില്‍ കൊട്ടാരക്കരയ്ക്കും അടൂരിനും മധ്യെയുള്ള ഏനാത്ത്, ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണം കരസേന തിങ്കളാഴ്ച ആരംഭിക്കും. അബട്ട്‌മെന്റിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണം പൂര്‍ത്തിയായതിനു പിന്നാലെയാണ് പാലം നിര്‍മ്മാണമാരംഭിക്കുന്നത്. കരസേന എന്‍ജിനിയറിംഗ് വിഭാഗം ലഫ്. കേണല്‍ രവി രാജേന്ദ്രന്റെ നേതൃത്വത്തില്‍ വിശദമായ പരിശോധന നടത്തിയതിന് ശേഷമാണ് ഏനാത്ത് ബെയ്‌ലി പാലം നിര്‍മ്മിക്കുന്നതിനാവശ്യമായ രൂപരേഖ തയ്യാറാക്കിയത്. മേജര്‍ അനോഷ് കോശിയുടെ നേതൃത്വത്തിലുള്ള മദ്രാസ് എന്‍ജിനിയറിംഗ് വിഭാഗത്തിനാണ് നിര്‍മ്മാണച്ചുമതല.

വേഗത്തില്‍ നിര്‍മ്മിക്കാവുന്നതും ഇളക്കിമാറ്റാവുന്നതുമായ സാങ്കേതികവിദ്യയിലാണ് പാലം നിര്‍മ്മിക്കുന്നത്. ലോറിയും ബസുമൊഴികെയുള്ള ചെറുവാഹനങ്ങളാകും ഇതുവഴി കടത്തിവിടുക. 58 മീറ്റര്‍ നീളവും മൂന്നുമീറ്റര്‍ വീതിയുമുള്ള പാലമാണ് സേന നിര്‍മ്മിക്കുന്നത്. തീരത്ത് കൂടാരമൊരുക്കി താമസിച്ച് പരമാവധി പത്തുദിവസംകൊണ്ട് ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണം സേന പൂര്‍ത്തിയാക്കും. രാത്രിയും പകലും നിര്‍മ്മാണമുണ്ടാകും. എന്നാല്‍ ഏനാത്ത് ഭാഗത്തെ അബട്ട്‌മെന്റിന്റെയും അപ്രോച്ച് റോഡിന്റെയും മുകളില്‍ വെള്ളം കെട്ടിനിര്‍ത്തി കോണ്‍ക്രീറ്റ് നിറയ്ക്കണം. അതിനാല്‍ പത്ത് ദിവസംകൂടി കഴിഞ്ഞേ ഇതുവഴി വാഹനം കടത്തിവിടാനാകൂ.

കുളക്കട ഭാഗത്തെ അബട്ട്‌മെന്റിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണം നേരത്തെ പൂര്‍ത്തിയായിരുന്നു. ഏനാത്ത് ഭാഗത്തെ അബട്ട്‌മെന്റിന്റെ നിര്‍മ്മാണം ബുധനാഴ്ചയും അപ്രോച്ച് റോഡിന്റെ കോണ്‍ക്രീറ്റിംഗ് വ്യാഴാഴ്ച വൈകിട്ടോടെയുമാണ് പൂര്‍ത്തിയായത്. തുടര്‍ന്ന് സമീപത്തെ താഴ്ചയുള്ള ഭാഗം മണ്ണിട്ട് ഉയര്‍ത്തി റോളര്‍ ഉപയോഗിച്ച് ഉറപ്പിച്ചു. നിര്‍മ്മാണത്തിനുള്ള പാനലുകളെല്ലാം സേന എത്തിച്ചിട്ടുണ്ട്. പാനലുകളുമായി യാത്രതിരിച്ച 20 ട്രക്കുകളില്‍ 18 എണ്ണം ബുധനാഴ്ച പുലര്‍ച്ചെയും ബാക്കിയുള്ള രണ്ടു ട്രക്കുകള്‍ വ്യാഴാഴ്ച പുലര്‍ച്ചെയും ഏനാത്ത് എത്തിയിരുന്നു. പാലം പണിയുമായി ബന്ധപ്പെട്ട് ഇന്നലെ സൈന്യത്തിന്റെ ബോട്ട് കല്ലടയാറ്റില്‍ ഇറക്കി ആഴം പരിശോധിച്ചു. ബലക്ഷയം സംഭവിച്ച ഏനാത്ത് പാലത്തിന്റെ ഡക്ക് സ്ലാബ് ഉയര്‍ത്തുന്നതിന് ഇരുമ്പ് ഫ്രെയിം ഘടിപ്പിക്കാനുള്ള ജോലിയും ആരംഭിച്ചിട്ടുണ്ട്.