മൂന്നാറില്‍ കാട്ടാനകളെ വകവരുത്തി എഡിജിപി ടോമിന്‍ തച്ചങ്കരിയടക്കമുള്ള എസ്റ്റേറ്റ് ഉടമകള്‍

നിയമവിരുദ്ധമായി പകല്‍സമയങ്ങളിലും തച്ചങ്കരി എസ്റ്റേറ്റില്‍ വൈദ്യുതി പ്രവഹിച്ചിരുന്നതായി കെഎസ്ഇബിയിലെ താല്‍ക്കാലിക ജീവനക്കാര്‍ നാരദാന്യൂസിനോട് പറഞ്ഞു. ഉന്നതോദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പുറത്തറിയിക്കരുതെന്ന് നിര്‍ദേശം ലഭിച്ചതായും ഇവര്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്

മൂന്നാറില്‍ കാട്ടാനകളെ വകവരുത്തി എഡിജിപി ടോമിന്‍ തച്ചങ്കരിയടക്കമുള്ള എസ്റ്റേറ്റ് ഉടമകള്‍

മൂന്നാറില്‍ വീണ്ടും കാട്ടാനയെ വകവരുത്തി സ്വകാര്യ എസ്റ്റേറ്റുടമകള്‍. എഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുടെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ തച്ചങ്കരി എസ്‌റ്റേറ്റിലാണ് കാട്ടാന കൊല്ലപ്പെട്ടത്. എസ്റ്റേറ്റിന് പുറത്ത് സ്ഥാപിച്ച ഫെന്‍സിംഗിലൂടെ അമിതമായി വൈദ്യുതി പ്രവഹിച്ചതാണ് ആനയുടെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സാധാരണ വൈദ്യുത വേലികളില്‍ എ.സി വൈദ്യുതിയാണ് ഉപയോഗിക്കാറുള്ളത്. ഒരു സെക്കന്റ് ഇടവേളയില്‍ വന്നുംപോയുമിരിക്കുന്ന ഇത്തരം വൈദ്യുതപ്രവാഹം വന്യമൃഗങ്ങള്‍ക്ക് ജീവഹാനിയേല്‍പ്പിക്കാറില്ല. എന്നാല്‍ ഇതിനുവിരുദ്ധമായി തുടര്‍ച്ചയായി പ്രവഹിക്കുന്ന ഡി.സി വൈദ്യുതി ഉപയോഗിച്ചതാണ് ആനയുടെ മരണത്തിന് കാരണമായതെന്നാണ് വിദഗ്ധാഭിപ്രായം. വൈദ്യുതവേലിയില്‍ തൂങ്ങിയ നിലയിലായിരുന്നു കാട്ടാനയുടെ ജഡം. ഇന്നുരാവിലെയാണ് കൊമ്പന്‍ ചരിഞ്ഞ വിവരം പരിസരവാസികള്‍ അറിയുന്നത്. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.

ഒരു മാസത്തിനിടെ മൂന്നാമത്തെ കാട്ടാനയ്ക്കാണ് മൂന്നാര്‍ മേഖലയിലെ സ്വകാര്യ എസ്‌റ്റേറ്റില്‍വച്ച് ജീവന്‍ നഷ്ടമാകുന്നത്. കഴിഞ്ഞ മാസം ചെണ്ടുവര കണ്ണന്‍ദേവന്‍ എസ്റ്റേറ്റിലിറങ്ങിയ കാട്ടാനയായ ചില്ലിക്കൊമ്പനെ മാനേജ്‌മെന്റ്, ജെസിബി ഉപയോഗിച്ച് തല്ലിക്കൊന്നിരുന്നു. ഈ കേസില്‍ കമ്പനി അധികൃതര്‍ക്കെതിരേ വനംവകുപ്പ് ഇതുവരെയും നടപടിയെടുത്തിട്ടില്ല. ജെസിബി ഡ്രൈവറും ഉടമയും മാത്രമാണ് കേസിലെ പ്രതികള്‍. വന്യമൃഗങ്ങളെ കൊലപ്പെടുത്തുന്നതിനൊപ്പം അതിന് കൂട്ടുനില്‍ക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണെന്നിരിക്കെയാണ് മൂന്നാറിലെ വനംവകുപ്പുദ്യോഗസ്ഥര്‍ കമ്പനിയധികൃതരോട് മൃദുസമീപനം കൈക്കൊണ്ടത്. ഇതിനു പിന്നാലെ തലയാര്‍ എസ്റ്റേറ്റില്‍ കാട്ടാന ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. ഇതിന്റെ കാരണവും ഇതുവരെ വ്യക്തമായിട്ടില്ല. ഇതിന്റെ ഞെട്ടലില്‍ നിന്ന് മാറും മുമ്പെയാണ് തച്ചങ്കരി എസ്റ്റേറ്റില്‍ അടുത്ത കാട്ടാനയും കൊല്ലപ്പെടുന്നത്.

നിയമവിരുദ്ധമായി പകല്‍സമയങ്ങളിലും തച്ചങ്കരി എസ്റ്റേറ്റില്‍ വൈദ്യുതി പ്രവഹിച്ചിരുന്നതായി കെഎസ്ഇബിയിലെ താല്‍ക്കാലിക ജീവനക്കാര്‍ നാരദാന്യൂസിനോട് പറഞ്ഞു. കഴിഞ്ഞദിവസം കെഎസ്ഇബി മീറ്റര്‍ റീഡിംഗ് എടുക്കാനെത്തിയ ജീവനക്കാരന്‍ ഇത് കണ്ടെത്തുകയും അപകടാവസ്ഥ മനസിലാക്കി റീഡിംഗ് എടുക്കാതെ തിരികെപ്പോവുകയും ചെയ്തിരുന്നു. ഉന്നതോദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പുറത്തറിയിക്കരുതെന്ന് നിര്‍ദേശം ലഭിച്ചതായും ഇവര്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്. മൂന്ന് കാട്ടാനകള്‍ക്ക് ദാരുണാന്ത്യമുണ്ടായിട്ടും പ്രതികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാന്‍ വനംവകുപ്പ് തയ്യാറാകാത്തതിനെതിരേ പ്രതിഷേധമുയുര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ്‌ തച്ചങ്കരിയുടെ എസ്റ്റേറ്റില്‍ ആന ചെരിഞ്ഞ സംഭവത്തില്‍ എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ ജിഷോയെ അറസ്റ്റ് ചെയ്തു.


Read More >>