നിയമം കാറ്റില്‍പ്പറത്തി ആനയെ പൊരിവെയിലില്‍ ലോറിയിലേറ്റി യാത്ര; കൊച്ചിയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ കാണാം

വെയില്‍ കടുക്കുന്ന സമയത്ത് ആനയെ ഇത്തരത്തില്‍ കൊണ്ടുപോകാന്‍ പാടില്ലെന്ന ഉത്തരവ് ലംഘിച്ചാണ് കൊച്ചി രജിസ്‌ട്രേഷനിലുള്ള ലോറിയില്‍ ആനയെ കൊണ്ടുപോയത്. ചൂട് സഹിക്കാനാകാതെ ആന അസ്വസ്ഥത പ്രകടിപ്പിക്കുന്നത് വീഡിയോയില്‍ കാണാം.

നിയമം കാറ്റില്‍പ്പറത്തി ആനയെ പൊരിവെയിലില്‍ ലോറിയിലേറ്റി യാത്ര; കൊച്ചിയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ കാണാം

നിയമം കാറ്റില്‍പ്പറത്തി ആനയെ പൊരിവെയിലില്‍ ലോറിയില്‍ കയറ്റിക്കൊണ്ടുപോയി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് പോലീസില്‍ പരാതി നല്‍കി. എറണാകുളത്തെ ഇടപ്പള്ളി സിഗ്നലില്‍ ലോറി നിര്‍ത്തിയിട്ടപ്പോള്‍ ആന പ്രകടിപ്പിച്ച അസ്വസ്ഥതയുടെ ദൃശ്യങ്ങള്‍ വിപിന്‍ രാജ് എന്ന കൊച്ചി സ്വദേശിയാണ് ചിത്രീകരിച്ചത്. തുടര്‍ന്ന് വിപിന്‍ രാജ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ ഫോണ്‍ വിളിച്ച് പരാതി നല്‍കുകയായിരുന്നു.


വെയില്‍ കടുക്കുന്ന സമയത്ത് ആനയെ ഇത്തരത്തില്‍ കൊണ്ടുപോകാന്‍ പാടില്ലെന്ന ഉത്തരവ് ലംഘിച്ചാണ് കൊച്ചി രജിസ്‌ട്രേഷനിലുള്ള ലോറിയില്‍ ആനയെ കൊണ്ടുപോയത്. ചൂട് സഹിക്കാനാകാതെ ആന അസ്വസ്ഥത പ്രകടിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. ആന തുമ്പിക്കെ ലോറിയുടെ പല ഭാഗങ്ങളിലേക്കു നീട്ടുകയും ശരീരം അസാധാരണമായി ഇളക്കുകയും ചെയ്യുന്നുണ്ട്.


യുവാവ് ദൃശ്യം ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ലോറിയിലുണ്ടായിരുന്നയാള്‍ നിയമവിരുദ്ധമായ പ്രവൃത്തിയാണ് ചെയ്യുന്നതെന്ന് അറിയാവുന്നതുകൊണ്ട് മുഖം തുണി കൊണ്ട മറയ്ക്കുന്നുണ്ട്. ലോറി ഡ്രൈവറോട് വിവരം തിരക്കിയപ്പോള്‍ അസാധാരണമായൊന്നുമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് വിപിന്‍ രാജ് നാരദ ന്യൂസിനോടു പറഞ്ഞു.


ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അയാള്‍ മുഖം വെട്ടിച്ചതായും വിപിന്‍ പറഞ്ഞു. 20 മിനിറ്റോളം ലോറി സിഗ്നലില്‍ കിടന്നതായി വിപിന്‍ പറയുന്നു. ഈ സമയമത്രയും ആന കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. സിഗ്നല്‍ ലഭിച്ച് ലോറി നഗരം വിട്ടതോടെ വിപിന്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരം പറഞ്ഞു.

വനംവകുപ്പുമായി ബന്ധപ്പെട്ട് വേണ്ട നടപടി സ്വീകരിക്കുമെന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്ന് അറിയിച്ചതായി വിപിന്‍ വ്യക്തമാക്കി. ഉത്സവ സീസണായതോടെ ആനകളെ വാഹനത്തില്‍ കയറ്റി ദൂരസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്ന സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ഇങ്ങനെ കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് പലരും ആനകളെ കൊണ്ടുപോകുന്നതെന്ന് ആരോപണമുണ്ട്. ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ആനകള്‍ക്ക് ഇനിയും ക്രൂരപീഡനമേല്‍ക്കേണ്ടി വരുമെന്ന് മൃഗസ്‌നേഹികള്‍ പറയുന്നു.

Read More >>