സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; വർധന നാളെ മുതൽ പ്രാബല്യത്തിൽ

50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് 10 പൈസ കൂടും. അതായത് 2.80 രൂപ 2.90 ആകും. 51 മുതല്‍ 100 യൂണിറ്റ് വരെ 20 പൈസയും 101- 150, 151 - 200, 201- 250 യൂണിറ്റുകൾക്ക് 30 പൈസ വീതവും കൂട്ടാനാണ് തീരുമാനം. പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗവും 1000 വാട്ട് വരെ കണെക്ടഡ് ലോഡുമുള്ള ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ളവരെ നിരക്ക് വർധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതർക്ക് ബിപിഎല്‍ നിരക്കില്‍ വൈദ്യുതി ലഭ്യമാകും.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; വർധന നാളെ മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് 10 മുതല്‍ 30 പൈസ വരെയാണ് കൂട്ടിയത്. നാളെ മുതല്‍ നിരക്ക് വർധന പ്രാബല്യത്തിൽ വരും. ഇന്നു ചേർന്ന റെഗുലേറ്ററി കമ്മീഷന്‍ യോഗമാണ് തീരുമാനമെടുത്തത്. 1041 കോടിയുടെ കമ്മി നികത്താനാണ് നിരക്ക് വർധനയെന്നാണ് റെ​ഗുലേറ്ററി കമ്മീഷന്റെ വാദം.

50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് 10 പൈസ കൂടും. അതായത് 2.80 രൂപ 2.90 ആകും. 51 മുതല്‍ 100 യൂണിറ്റ് വരെ 20 പൈസയും 101- 150, 151 - 200, 201- 250 യൂണിറ്റുകൾക്ക് 30 പൈസ വീതവും കൂട്ടാനാണ് തീരുമാനം.

പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗവും 1000 വാട്ട് വരെ കണെക്ടഡ് ലോഡുമുള്ള ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ളവരെ നിരക്ക് വർധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതർക്ക് ബിപിഎല്‍ നിരക്കില്‍ വൈദ്യുതി ലഭ്യമാകും.

അതേസമയം, കാർഷികാവശ്യത്തിനുള്ള വൈദ്യുതി നിരക്കില്‍ വർധനയുണ്ടാകില്ല. കാർഷിക മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഗണിച്ചാണിത്. ഭക്ഷ്യവിളകൾക്കു പുറമേ തോട്ടവിളകളേയും നിരക്ക് വർധധനവില്‍ നിന്ന് ഒഴിവാക്കിയിയിട്ടുണ്ട്. വ്യാവസായിക ഉപഭോക്താക്കൾക്കു നിരക്ക് കൂട്ടേണ്ടെന്നാണ് റെഗുലേറ്ററി കമ്മീഷൻ തീരുമാനിച്ചിട്ടുള്ളത്.

കൊച്ചി മെട്രോ റെയിൽ കോർപറേഷന് സാധാരണ റെയിൽവേ ട്രാക്ഷൻ എനർജി നിരക്കിൽ നിന്നും 30 പൈസ ഇളവ് നൽകും. ഗാർഹിക വിഭാഗത്തിന്റെ നിർദ്ദിഷ്ട നിരക്ക് വർധനയിലൂടെ 300 കോടിയോളം രൂപയുടെ അധിക വരുമാനമാണ് റെഗുലേറ്ററി കമ്മീഷൻ ലക്ഷ്യമിടുന്നത്.

അതേസമയം, കെഎസ്ഇബി വൻ നഷ്ടത്തിലാണെന്ന് സർക്കാർ തുറന്നു സമ്മതിക്കുമ്പോഴും വൈദ്യുതി ചാർജിനത്തിൽ പിരിഞ്ഞുകിട്ടാനുള്ള കുടിശ്ശിക 2044.78 കോടിയാണ്. സർക്കാർ-പൊതുമേഖലാ-സഹകരണ-സ്വകാര്യ സ്ഥാപനങ്ങളാണ് ഇത്രയും കോടി രൂപ കുടിശ്ശിക വരുത്തിയിട്ടുള്ളത്.

313.29 കോടിയാണ് 2015-16 വർഷത്തെ കെഎസ്ഇബിയുടെ നഷ്ടമെന്ന് സർക്കാർ പറയുന്നു. എന്നാൽ ഇക്കാലയളവിൽ വൈദ്യുതി ചാർജിനത്തിൽ പിരിഞ്ഞുകിട്ടാനുള്ള കുടിശ്ശിക പിരിച്ചെടുക്കാൻ തയ്യാറാവാതെ വീണ്ടും വൈദ്യുതി നിരക്ക് കൂട്ടുകയാണ് റെ​ഗുലേറ്ററി കമ്മീഷൻ ചെയ്തിരിക്കുന്നത്.

സംസ്ഥാന പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങൾ 1177.13 കോടിയും സർക്കാർ സ്ഥാപനങ്ങൾ 135.49 കോടിയുമാണ് കുടിശ്ശിക ഇനത്തിൽ അടയ്ക്കാനുള്ളത്. ഇതുകൂടാതെ, വൻകിട സ്വകാര്യ സ്ഥാപനങ്ങൾ 496.06 കോടിയും ചെറുകിട സ്വകാര്യ സ്ഥാപനങ്ങൾ 127.42 കോടിയും അടയ്ക്കാനുള്ളപ്പോൾ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ കുടിശ്ശിക 41.94 കോടിയാണെന്നും തദ്ദേശ ഭരണസ്ഥാപനങ്ങളുടേത് 5.50 കോടിയാണെന്നും കണക്കുകൾ പറയുന്നു. ഇത് നിലനിൽക്കെയാണ് റെ​ഗുലേറ്ററി കമ്മീഷന്റെ നടപടി.