മലപ്പുറം തെരഞ്ഞെടുപ്പ്; വിജയാഹ്ളാദം അക്രമത്തിൽ കലാശിച്ചു; പൊലീസുകാർക്കും ലീഗ് പ്രവർത്തകർക്കും പരിക്ക്

ആഹ്ളാദപ്രകടനം അക്രമത്തിലേക്ക് വഴിമാറിയതോടെ യുഡിഎഫ് നേതാക്കൾ ഇടപെട്ട്, അണികളോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടുകൊണ്ട് വാഹനത്തിൽ അനൗൺസ്‌മെന്റ് നടത്തുകയായിരുന്നു. പൊലീസ് അഭ്യർത്ഥന മാനിച്ച് പിരിഞ്ഞുപോയില്ലെങ്കിൽ ഭവിഷ്യത്ത് പാർട്ടി ഏറ്റെടുക്കില്ലെന്നുൾപ്പെടെ നേതാക്കൾക്ക് പറയേണ്ടി വന്നു.

മലപ്പുറം തെരഞ്ഞെടുപ്പ്; വിജയാഹ്ളാദം അക്രമത്തിൽ കലാശിച്ചു; പൊലീസുകാർക്കും ലീഗ് പ്രവർത്തകർക്കും പരിക്ക്

മലപ്പുറം ഉപ തെരഞ്ഞെടുപ്പ് വിജയത്തെത്തുടർന്ന് ലീഗ് അണികൾ നടത്തിയ ആഹ്ളാദപ്രകടനം പ്രകടനം അക്രമത്തിലേക്ക് വഴിമാറി. മലപ്പുറം കുന്നുമ്മലിൽ രാത്രി നടന്ന ആഹ്ലാദപ്രകടനത്തിൽ നിന്നും പൊലീസിന് നേരെ കല്ലേറുണ്ടായി. കല്ലേറിൽ കെഎപി ബറ്റാലിയനിലെ പൊലീസുകാരൻ അരുണിന്റെ കണ്ണിന് പരിക്കേറ്റു. മറ്റു രണ്ടു പൊലീസുകാർക്കും പരിക്കുണ്ട്.

സംഘർഷം നടക്കുന്നതിനിടെ, ഓടിച്ചിരുന്ന ബൈക്ക് മറിഞ്ഞ് പരിക്കേറ്റ രണ്ടു യുവാക്കളെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെഎസ്ആർടിസി ബസ്സ്റ്റാന്റിലേക്കും സമീപത്തെ കടകളിലേക്കും കല്ലേറ് വ്യാപിച്ചതോടെ പ്രദേശം യുദ്ധസമാനമായി. ഇതോടെ ചില യുഡിഎഫ് നേതാക്കൾ ഇടപെട്ട്, അണികളോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടുകൊണ്ട് വാഹനത്തിൽ അനൗൺസ്‌മെന്റ് നടത്തുകയായിരുന്നു. പൊലീസ് അഭ്യർത്ഥന മാനിച്ച് പിരിഞ്ഞുപോയില്ലെങ്കിൽ ഭവിഷ്യത്ത് പാർട്ടി ഏറ്റെടുക്കില്ലെന്നുൾപ്പെടെ നേതാക്കൾക്ക് പറയേണ്ടി വന്നു.

അക്രമം നടക്കുന്ന നഗരത്തിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞു. ദീർഘദൂരവാഹനങ്ങളെ കോട്ടപ്പടിയിൽ നിന്നും തിരിച്ചുവിട്ടു. കല്ലേറിൽ നിരവധി ലീഗ് പ്രവർത്തകർക്കും പരിക്കേറ്റതായി സൂചനകളുണ്ട്. സിപിഐഎം, ഡിവൈഎഫ്ഐ കൊടിമരങ്ങളും ജില്ലയിൽ പലയിടത്തും തകർക്കപ്പെട്ടു. മലപ്പുറത്ത് ഇപ്പോഴും പൊലീസ് കനത്ത ജാഗ്രത തുടരുകയാണ്.

Read More >>